ലോക്‌സഭാ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യഘട്ട പരിശീലനം ആരംഭിച്ചു
ലോക്‌സഭ തെരഞ്ഞടുപ്പ് നടത്തിപ്പിനായി പോളിംഗ് ഉദ്യോഗസ്ഥര്‍ക്കുള്ള ആദ്യ ഘട്ട പരിശീലനം പെരിയ ഗവര്‍മെന്റ് പോളിടെക്‌നിക്കില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത്ത് ബാബു ക്ലാസ് എടുത്തുകൊണ്ട് ഉദ്ഘാടനം ചെയ്തു. പരിശീലനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ പോളിംഗ് ഉദ്യോഗസ്ഥര്‍ക്കും ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ കളക്ടര്‍ നല്‍കി. തെരഞ്ഞെടുപ്പ് സുഗമമായി നടത്താനുള്ള എല്ലാ വിവരങ്ങളും ബോധ്യപ്പെട്ടതിന് ശേഷം മാത്രമെ ക്ലാസ് വിട്ട് പോകാവുവെന്നും രണ്ടാം ഘട്ട പരിശീലനത്തില്‍ ഉള്‍പ്പെടുത്താവുന്ന അധിക വിവരങ്ങളെ സംബന്ധിച്ച് നിര്‍ദേശം നല്‍കാനും കളക്ടര്‍ ആവശ്യപ്പെട്ടു. എല്ലാ പരിശീലനമുറികളിലും സജഷന്‍ ബോക്‌സുകളും സ്ഥാപിച്ചിട്ടുണ്ട്.
തൃക്കരിപ്പൂര്‍ പോളിടെക്‌നിക്കില്‍ നടന്ന ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം സബ് കളക്ടര്‍ അരുണ്‍ കെ വിജയന്‍ ഉദ്ഘാടനം ചെയ്തു. ഇന്നും(28) പരിശീലനം തുടരും. ഒഴിവാക്കാനാകാത്ത ഔദ്യോഗിക കാരണങ്ങളാല്‍ പരിശീലനത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ക്ക് ഔദ്യോഗിക രേഖകള്‍ ഹാജരാക്കിയാല്‍ നാളെ(മാര്‍ച്ച് 29) രാവിലെ 9.30ന് പെരിയ പോളിടെക്‌നിക്കില്‍ നടത്തുന്ന അധിക ബാച്ച് പരിശീലനത്തില്‍ പങ്കെടുക്കാം.
പരമാവധി 40 പേര്‍ അടങ്ങുന്ന ബാച്ചുകളായാണ് ഈ രണ്ട് ദിവസങ്ങളില്‍ പരിശീലനം നടക്കുന്നത്. ഈ വര്‍ഷം എല്ലാ ബൂത്തുകളിലും വിവിപാറ്റ് മെഷീന്‍ ഉപയോഗിക്കുന്നതിനാല്‍ വിവിപാറ്റിന്റെ പ്രവര്‍ത്തന രീതി, പോളിംഗ് ദിനത്തിന്റെ തലേന്നും പോളിംഗ് തുടങ്ങുന്നതിന് മുമ്പും പോളിംഗ് സമയത്തും പോളിംഗിന് ശേഷവും നിര്‍വഹിക്കേണ്ട ഉത്തരവാദിത്തങ്ങള്‍ എന്നിവ പവര്‍പോയിന്റ് പ്രസന്റേഷന്‍സ് രൂപത്തില്‍ ഉള്‍പ്പെടുത്തി മൂന്നര മണിക്കൂര്‍ നീളുന്ന സെഷനുകളായിട്ടാണ് പരിശീലനം നല്‍കുന്നത്. പ്രിസൈഡിങ്ങ് ഓഫീസറും ഫസ്റ്റ് പോളിംഗ് ഓഫീസറുമായി നിയമിക്കപ്പെട്ട 2618 ഉദ്യോഗസ്ഥര്‍ക്കാണ് ആദ്യഘട്ട പരിശീലനം. തെരഞ്ഞെടുപ്പ് നിരീക്ഷകന്‍ പ്രമോദ് കുമാര്‍ പെരിയ പോളിടെക്‌നിക്കിലെത്തി പരിശീലനം വിലയിരുത്തി.
- Log in to post comments