Skip to main content
 കണ്ണൂര്‍ ലോക്‌സഭ മണ്ഡലത്തിലേക്ക് പി കെ ശ്രീമതി ടീച്ചര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നു

പി കെ ശ്രീമതി ടീച്ചര്‍, കെ പി സഹദേവന്‍  എന്നിവര്‍ പത്രിക നല്‍കി

 

ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് കണ്ണൂര്‍ മണ്ഡലം സ്ഥാനാര്‍ഥികളായി പി കെ ശ്രീമതി ടീച്ചറും കെ പി സഹദേവനും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ മീര്‍ മുഹമ്മദലി മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. സിപിഐഎം സ്ഥാനാര്‍ഥികളായാണ് ഇരുവരും പത്രിക സമര്‍പ്പിച്ചത്. 

പഴയങ്ങാടി അതിയടം സ്വദേശിയായ പി കെ ശ്രീമതി ടീച്ചര്‍, കല്യാശ്ശേരി നിയോജക മണ്ഡലത്തിലെ വോട്ടറാണ്. കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്നുള്ള പ്രീ ഡിഗ്രി, ട്രെയിന്‍ഡ് ടീച്ചേഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. ടീച്ചര്‍ക്കും ജീവിതപങ്കാളിക്കും യഥാക്രമം 6475310 രൂപയുടെയും 4615450 രൂപയുടെയും ജംഗമ ആസ്തിയും ഭൂമിയും വീടും മറ്റുമായി 4600000 രൂപയുടെയും 8900000 രൂപയുടെയും സ്ഥാവര ആസ്തിയുമുണ്ട്. 

ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് പി കെ ശ്രീമതി ടീച്ചര്‍ കലക്ടറേറ്റിലെത്തി പത്രിക നല്‍കിയത്. വ്യവസായ മന്ത്രി ഇ പി ജയരാജന്‍, തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എം വി ജയരാജന്‍, സി രവീന്ദ്രന്‍ എന്നിവര്‍ക്കൊപ്പമാണ് ശ്രീമതി ടീച്ചര്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. ടീച്ചര്‍ മൂന്ന് സെറ്റ് പത്രികകള്‍ സമര്‍പ്പിച്ചു. 

രാവിലെ 11 മണിയോടെയാണ് കെ പി സഹദേവന്‍ പത്രിക സമര്‍പ്പിച്ചത്. കണ്ണൂര്‍ എകെജി നഗര്‍ ഹൗസിംഗ് കോളനിയിലെ താമസക്കാരനായ അദ്ദേഹം കണ്ണൂര്‍ നിയോജക മണ്ഡലത്തിലെ വോട്ടറാണ്. പത്രിക സമര്‍പ്പണത്തിന്റെ ആദ്യ ദിനമായ വ്യാഴാഴ്ച എസ്‌യുസിഐ സ്ഥാനാര്‍ഥി ആര്‍ അപര്‍ണ പത്രിക നല്‍കിയിരുന്നു. 

 

date