Skip to main content

അത്യുഷ്ണം: മധ്യവേനലവധിക്കാലത്ത് സ്‌കൂളുകൾ നടത്തരുതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദ്ദേശം

 

സംസ്ഥാനത്ത് അനുഭവപ്പെടുന്ന അത്യുഷ്ണത്തിന്റെയും അതിവരൾച്ചയുടെയും സാഹചര്യത്തിൽ സി.ബി.എസ്.സി, സി.ഐ.എസ്.സി.ഇ സ്‌കൂളുകൾ ഉൾപ്പെടെ സംസ്ഥാനത്തെ എല്ലാ ഗവൺമെന്റ്/എയ്ഡഡ്/അൺഎയ്ഡഡ് ലോവർ പ്രൈമറി, അപ്പർ പ്രൈമറി, ഹൈസ്‌കൂൾ, ഹയർസെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകൾ നടത്തരുതെന്ന് ബന്ധപ്പെട്ട എല്ലാ പ്രഥമാധ്യാപകർക്കും പ്രിൻസിപ്പൽമാർക്കും സ്‌കൂൾ മാനേജർമാർക്കും പൊതുവിദ്യാഭ്യാസ വകുപ്പ് കർശനനിർദേശം നൽകി.

എന്നാൽ, മധ്യവേനലവധിക്കാലത്ത് പരമാവധി 10 ദിവസം എന്ന് നിജപ്പെടുത്തി ബന്ധപ്പെട്ട വിദ്യാഭ്യാസ ഓഫീസറിൽനിന്ന് മുൻകൂർ അനുമതി വാങ്ങിയതിനുശേഷം വെക്കേഷൻ ക്യാമ്പുകൾ നടത്താവുന്നതാണ്. അനുമതി നൽകുന്ന ഓഫീസർ ക്യാമ്പ് നടക്കുന്ന സ്‌കൂൾ നേരിട്ട് സന്ദർശിച്ച് ക്യാമ്പുകളിൽ പങ്കെടുക്കുന്ന കുട്ടികൾക്ക് ആവശ്യമായ ശുദ്ധജലം, ഭക്ഷണം, ഫാൻ, ടോയ്‌ലറ്റ്, പ്രഥമശുശ്രുഷാസൗകര്യം ഉൾപ്പെടെയുള്ള ആവശ്യമായ എല്ലാ ഭൗതിക സാഹചര്യങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് പ്രത്യേകം ഉറപ്പുവരുത്തേണ്ടതാണ്. ഇത്തരം ക്യാമ്പുകൾ സംഘടിപ്പിക്കുമ്പോൾ കുട്ടികൾക്ക് വേനൽച്ചൂടിന്റെ ആഘാതം ഉണ്ടാകാതെ സൂക്ഷിക്കാൻ സ്‌കൂൾ അധികൃതരും ക്യാമ്പ് സംഘാടകരും സവിശേഷ ശ്രദ്ധ പുലർത്തണം.

സർക്കുലറിലെ നിർദേശങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നുണ്ടെന്ന് ബന്ധപ്പെട്ട വിദ്യാഭ്യാസ  ഓഫീസർമാർ ഉറപ്പുവരുത്തണം. ലംഘനമെന്തെങ്കിലും ശ്രദ്ധയിൽപെട്ടാൽ ഉത്തരവാദികളായവർക്കെതിരെ കർശന അച്ചടക്ക നടപടികൾ സ്വീകരിക്കുമെന്നും പൊതുവിദ്യാഭ്യാസ സെക്രട്ടറി അറിയിച്ചു.

പി.എൻ.എക്സ്. 1032/19

date