അനധികൃതമായി കടത്തിയ 55.48 ലക്ഷം രൂപ സ്‌ക്വാഡുകള്‍ പിടിച്ചെടുത്തു
ലോകസഭാ തിരഞ്ഞെടുപ്പില്‍ ജില്ലയിലേക്ക് അനധികൃതമായി എത്തുന്ന പണം പിടിച്ചെടുക്കുന്നതിനായി രൂപീകരിച്ച സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ ജില്ലയില്‍ 55,48,158 രൂപ പിടിച്ചെടുത്തു. 16 മണ്ഡലങ്ങളില്‍ 12 മണ്ഡലങ്ങളിലായി ഫ്‌ളയിങ് സ്‌ക്വാഡും സ്റ്റാറ്റിക് സര്‍വെയലന്‍സ് സ്‌ക്വാഡും നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്.
മഞ്ചേരി, തവനൂര്‍, മലപ്പുറം, വേങ്ങര, മങ്കട, ഏറനാട്, കൊണ്ടോട്ടി, കോട്ടക്കല്‍, പെരിന്തല്‍മണ്ണ, തിരൂരങ്ങാടി, താനൂര്‍, തിരൂര്‍ മണ്ഡലങ്ങളിലായി സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡ് 42,42,142 രൂപയും, ഫ്‌ളയിങ് സ്‌ക്വാഡ് 12,70,016 രൂപയും പിടിച്ചെടുത്തു. തവനൂര്‍ മണ്ഡലത്തില്‍ നടത്തിയ പരിശോധനയിലാണ് ഫ്‌ളയിങ് സ്‌ക്വാഡ് ഏറ്റവും കൂടുതല്‍ പണം കണ്ടെത്തിയത്. 3,72,000 രൂപയാണ് പിടിച്ചെടുത്തത്. മങ്കലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ രാജശേഖരന്‍, തവനൂര്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ.കെ മിനി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തവനൂരില്‍ ഏറ്റവും കൂടുതല്‍ പണം കണ്ടെടുത്തത്.
സ്റ്റാറ്റിക് സര്‍വയലന്‍സ് സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ മലപ്പുറം മണ്ഡലത്തില്‍ നിന്നാണ് ഏറ്റവും കൂടുതല്‍ പണം പിടിച്ചെടുത്തത്. 18,15,300 രൂപയാണ് സ്റ്റാറ്റിക് സര്‍വെയലന്‍സിന്റെ നേതൃത്വത്തില്‍ പിടിച്ചെടുത്തത്. സ്‌പെഷ്യല്‍ തഹസില്‍ദാര്‍ കെ.വി ഗീതക്, തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് സെക്രട്ടറി ജയറാം നായിക് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
- Log in to post comments