സുതാര്യമായ തെരഞ്ഞെടുപ്പ് ഉറപ്പു വരുത്തണം: നിരീക്ഷകര്‍
സുതാര്യവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കാണമെന്ന് പൊതു നിരീക്ഷകര്‍. പെരുമാറ്റചട്ടലംഘനം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കുന്നതിന് സാമൂഹിക മാധ്യമങ്ങളടക്കം കര്‍ശനമായി നിരീക്ഷണമെന്നും പൊതു നിരീക്ഷകരായ പത്മ ജൈസ്വാള്‍, ചന്ദ്രകാന്ത് ഉയികെ എന്നിവര്‍ ഉദ്യോഗസ്ഥരോടാവശ്യപ്പെട്ടു. തെരഞ്ഞെടുപ്പ് ജില്ലാ വരണാധികാരിയും ജില്ലാ കലക്ടറുമായ അമിത് മീണയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് നോഡല്‍ ഓഫീസര്‍മാരുടെയും അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍. പരാതികള്‍ക്കിടയില്ലാത്ത വിധം തെരഞ്ഞെടുപ്പ് നടത്തുന്നതിന് സ്‌ക്വാഡുകള്‍ ശക്തിപ്പെടുത്തണം. തെരഞ്ഞെടുപ്പ് ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ജീവനക്കാരുടെ ക്ഷേമവും സുരക്ഷയും ഉറപ്പാക്കണം. തെരഞ്ഞെടുപ്പ് ജോലിയിലുള്ള എല്ലാ ഉദ്യോഗസ്ഥരും പോസ്റ്റല്‍ വോട്ട് ചെയ്തെന്ന് ഉറപ്പാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ നിരീക്ഷകര്‍ വിലയിരുത്തി. ജില്ലയിലെ 2750 പോളിങ് സ്റ്റേഷനുകളിലേക്കായി 13204 ജീവനക്കാരെയാണ് നിയമിച്ചിരിക്കുന്നത്. ഇതില്‍ 2204 പേര്‍ റിസര്‍വ്വ് ലിസ്റ്റിലാണ്. ആകെ 19635 ഭിന്നശേഷി വോട്ടര്‍മാരാണ് ജില്ലയിലുള്ളത്. ഇവര്‍ക്കായി 258 വാഹനങ്ങള്‍ ഏര്‍പ്പെടുത്തും. ഇതില്‍ കാഴ്ച പരിമിതിയുള്ള 2650 വോട്ടര്‍മാര്‍ക്കായി ബാലറ്റ് യൂനിറ്റുകളില്‍ ബ്രെയില്‍ ലിപി സംവിധാനം ഒരുക്കും. വോട്ടിംഗ് യന്ത്രം പണിമുടക്കിയാല്‍ വോട്ടിംഗ് നടത്തുന്നതിന് ബദല്‍ സംവിധാനം ഒരുക്കിയിട്ടുണ്ട്.
ജില്ലയിലെ എല്ലാ പോളിങ് സ്റ്റേഷനുകളിലും മൊബൈല്‍ ഫോണ്‍ കവറേജ് ഉറപ്പു വരുത്തിയിട്ടുണ്ട്. നെറ്റ് വര്‍ക്ക് കവറേജ് കുറഞ്ഞ 18 പോളിങ് സ്റ്റേഷനുകളില്‍ പൊലീസിന്റെ നേതൃത്വത്തില്‍ വി.എച്ച്.എഫ് സംവിധാനം ഒരുക്കും. 42 സ്ഥലങ്ങളിലായി 76 പ്രശ്നബാധിത പോളിങ് സ്റ്റേഷനുകളാണ് ജില്ലയിലുള്ളത്. ഇവിടെ സുരക്ഷ ശക്തിപ്പെടുത്തും. തെരഞ്ഞെടുപ്പ് ജോലികള്‍ക്കായി 823 എല്‍.എം.വി, 146 മിനി ബസ്, 267 ബസ്, 16 ലോറി എന്നിങ്ങനെ 1261 വാഹനങ്ങളാണ് ആവശ്യമുണ്ട്. ഇവ ലഭ്യമാക്കുന്നതിനായി ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത വിവിധ വാഹനങ്ങളുടെ വിവരങ്ങള്‍ മോട്ടോര്‍ വാഹനവകുപ്പ് കൈമാറിയിട്ടുണ്ട്.
തെരഞ്ഞെടുപ്പ് ജോലികളില്‍ ജീവനക്കാര്‍ യാതൊരു രാഷ്ട്രീയ ചായ്വും കാണിക്കരുതെന്നും പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ക്കെതിരെ കൂടുതല്‍ ജാഗ്രത കാണിക്കണമെന്നും ജില്ലാ കലക്ടര്‍ അമിത് മീണ നിര്‍ദ്ദേശിച്ചു. ഹരിത ചട്ടം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. പരാതിക്കിടയില്ലാത്തവിധം തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കുന്നതിന് എല്ലാ ജീവനക്കാരുടെയും കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
യോഗത്തില്‍ ചെലവ് നിരീക്ഷകരായ ധ്രുവ കുമാര്‍ സിങ് (മലപ്പുറം), എന്‍. രാജ്കുമാര്‍ (പൊന്നാനി) പൊലീസ് നിരീക്ഷകരായ ബസന്ത്കുമാര്‍ റാത്ത് (മലപ്പുറം), സരംഗന്‍ (പൊന്നാനി), നോഡല്‍ ഓഫീസര്‍മാരായ സബ്കലക്ടര്‍ അനുപംമിശ്ര, അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്, ജില്ലാ പൊലീസ് മേധാവി പ്രതീഷ് കുമാര്‍, എ.ഡി.എം ടി വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ. ജെ.ഒ അരുണ്‍, വൃന്ദാദേവി, ചാമിക്കുട്ടി, എം. കെ അനില്‍കുമാര്‍, ആര്‍.ഡി.ഒ സുനിലാല്‍, ഫിനാന്‍സ് ഓഫീസര്‍ എന്‍. സന്തോഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
- Log in to post comments