നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി; ആകെ 32 സ്ഥാനാര്‍ത്ഥികള്‍ സൂക്ഷ്മ പരിശോധന ഇന്ന്
മൂന്നാംഘട്ടത്തില്‍ വോട്ടെടുപ്പ് നടക്കുന്ന ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള നാമനിര്‍ദ്ദേശ പത്രികാ സമര്‍പ്പണം പൂര്‍ത്തിയായി. ജില്ലയിലെ മലപ്പുറം, പൊന്നാനി ലോക്സഭാ മണ്ഡലങ്ങളില്‍ നിന്നായി 32 പേരാണ് വരണാധികാരിയായ ജില്ലാ കളക്ടര്‍ അമിത് മീണ മുമ്പാകെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്. പത്രിക സമര്‍പ്പിക്കുന്നതിനുള്ള അവസാന ദിവസമായ വ്യാഴാഴ്ച (ഏപ്രില്‍ നാല്) മാത്രം 18 സ്ഥാനാര്‍ത്ഥികള്‍ പത്രിക സമര്‍പ്പിച്ചു.
മലപ്പുറം മണ്ഡലത്തില്‍ എട്ട് പേരാണ് ഇന്നലെ പത്രികകള്‍ സമര്‍പ്പിച്ചത്. ലത്തീഫ് (മുസ്ലിം ലീഗ്), പ്രവീണ്‍ കുമാര്‍ (ബി.എസ്.പി), ഉണ്ണി ആലങ്ങാടന്‍ (ബി.ജെ.പി), ഒ.എസ് നിസാര്‍ മേത്തര്‍ (പി.ഡി.പി) സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ സുലേഖ. എം, അബ്ദുല്‍ സലാം, യൂസുഫ്, എന്‍.കെ സാനു എന്നിവരാണ് മലപ്പുറം മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചത്. ഇതോടെ മലപ്പുറം മണ്ഡലത്തില്‍ പത്രിക സമര്‍പ്പിച്ചവരുടെ ആകെ എണ്ണം 14 ആയി.
പൊന്നാനി മണ്ഡലത്തില്‍ 10 പേരാണ് ഇന്നലെ പത്രികകള്‍ സമര്‍പ്പിച്ചത്. പി.പി സുശീല (ബി.എസ്.പി), ദേവിദാസന് (ബി.ജെ.പി), അഷ്റഫ് കോക്കൂര്‍ (മുസ്ലിം ലീഗ്), സിറാജുദ്ധീന് (പി.ഡി.പി), സ്വതന്ത്ര സ്ഥാനാര്‍ത്ഥികളായ പി.വി അന്‍വര്‍ പൊമ്മനം വീട്ടില്‍, മുഹമ്മദ് യൂനുസ് സലീം, മുഹമ്മദ് ബഷീര്‍ കോഴിശ്ശേരി, മുഹമ്മദ് ബഷീര്‍ നെഞ്ചിയന്, മുഹമ്മദ് ബഷീര്‍ മംഗലശ്ശേരി, അന്‍വര്‍ പാലയില്‍ വല്ലത്തൂര്‍, എന്നിവര്‍ ഇന്നലെ പത്രിക സമര്‍പ്പിച്ചു. ഇതോടെ പൊന്നാനിയില്‍ പത്രിക സമര്‍പ്പിച്ചവരുടെ ആകെ എണ്ണം 18 ആയി.
ചില സ്ഥാനാര്‍ത്ഥികള്‍ ഒന്നിലധികം സെറ്റ് പത്രികകളും സമര്‍പ്പിച്ചിട്ടുണ്ട്. ഇവ ഓരോന്നായി പരിശോധിച്ച് സൂക്ഷ്മ പരിശോധന നടത്തും. ഇന്ന് (ഏപ്രില്‍ അഞ്ച്) രാവിലെ 11ന് ജില്ലാ വരണാധികാരിയായ ജില്ലാ കലക്ടറുടെ മേല്‍ നോട്ടത്തിലാണ് പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കുക. സൂക്ഷ്മപരിശോധനാ സമയത്ത് വരണാധികാരി മുമ്പാകെ അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി, ഇലക്ഷന് ഏജന്റ്, സ്ഥാനാര്‍ത്ഥി രേഖാമൂലം നിര്‍ദ്ദേശിക്കുന്ന മറ്റൊരാള്‍ എന്നിവര്‍ക്കു മാത്രമാണ് പ്രവേശനം. മറ്റുള്ള സ്ഥാനാര്‍ത്ഥികള്‍ക്ക് ഒരാളെ മാത്രമേ സൂക്ഷ്മപരിശോധനാ സമയത്ത് വരണാധികാരി മുമ്പാകെ കൊണ്ടുവരാന്‍ സാധിക്കൂ. ഏപ്രില്‍ എട്ടു വരെ പത്രിക പിന്‍വലിക്കാനുള്ള അവസരമുണ്ടാകും. അനംഗീകൃത പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കും സ്വതന്ത്ര സ്ഥാനാര്‍ത്ഥികള്‍ക്കും ചിഹ്നമനുവദിക്കുന്നത് ഏപ്രില്‍ എട്ടിന് വൈകീട്ട് മൂന്നിനായിരിക്കും.
- Log in to post comments