Skip to main content

സ്ഥാനാര്‍ത്ഥികളുടെ സോഷ്യല്‍ മീഡിയ പരസ്യങ്ങളുടെ നിരീക്ഷണം: ഇതുവരെ നല്‍കിയത് 11 നോട്ടീസുകള്‍

 

ലോകസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുന്‍കൂട്ടി അനുമതി വാങ്ങാതെ സോഷ്യല്‍ മീഡിയയില്‍ യഥേഷ്ടം പരസ്യങ്ങളും വീഡിയോകളും പ്രചരിപ്പിക്കുന്നവരെ നിരീക്ഷിക്കാന്‍ നിയോഗിച്ച മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിങ് കമ്മിറ്റി (എം.സി.എം.സി) ഇതുവരെ നല്‍കിയത് 11 നോട്ടീസുകള്‍. മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ക്കെല്ലാം ചട്ടലംഘനം സംബന്ധിച്ച് കത്ത് നല്‍കുകയും വീശദീകരണം തേടുകയും ചെയ്തിട്ടുണ്ട്.  ഇതേ തുടര്‍ന്ന് മിക്കവരും മുന്‍കൂര്‍ അനുമതി വാങ്ങിയാണ് സോഷ്യല്‍ മീഡിയകളില്‍ പ്രചാരണ പരസ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നത്.

ചട്ടം ലംഘിച്ച്  പരസ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുകയും പ്രദര്‍ശിപ്പിക്കുകയും ചെയ്ത സ്ഥാനാര്‍ത്ഥികള്‍ക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുമാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് കത്ത് മുഖേനയും നേരിട്ടും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസില്‍ നിന്നും അതത് ദിവസങ്ങളില്‍ നല്‍കുന്നത്. ടെലിവിഷന്‍ ചാനലുകള്‍, കേബിള്‍ നെറ്റ് വര്‍ക്കുകള്‍, ഇ-പേപ്പറുകള്‍, സ്വകാര്യ എഫ്.എം ഉള്‍പ്പെടെയുള്ള റേഡിയോ ചാനലുകള്‍, സിനിമാ തിയറ്ററുകള്‍, പൊതുസ്ഥലങ്ങളിലെയും സമൂഹ മാധ്യമങ്ങളിലെയും ഓഡിയോ വിഷ്വല്‍ ഡിസ്‌പ്ലേകള്‍, പരസ്യപ്രചരണ സ്വഭാവമുള്ള വീഡിയോകള്‍, ബാനറുകള്‍, പോസ്റ്റുകള്‍, ബള്‍ക്ക് എസ്.എം.എസുകള്‍, വോയ്‌സ് മെസേജുകള്‍ എന്നിവയ്ക്ക് മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ്  മോണിറ്ററിങ് കമ്മറ്റിയില്‍ നിന്നാണ്  അനുമതി വാങ്ങേണ്ടത്. രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സ്ഥാനാര്‍ഥികളും ടെലികാസ്റ്റ് ചെയ്യുന്നതിന് മൂന്നു ദിവസം മുമ്പെങ്കിലും പരസ്യം കലക്ടറേറിലെ എം.സി.എം.സി സെല്ലില്‍ സമര്‍പ്പിക്കണം. പരസ്യം നല്‍കുന്നത് മറ്റ് സംഘടനകളാണെങ്കില്‍ ടെലികാസ്റ്റിന് ഏഴു ദിവസം മുമ്പ് സമര്‍പ്പിക്കണം.

പരസ്യത്തിന്റെ ഇലക്ട്രോണിക് പതിപ്പിന്റെ രണ്ട് പകര്‍പ്പുകളും സാക്ഷ്യപ്പെടുത്തിയ ട്രാന്‍സ്‌ക്രിപ്റ്റും അപേക്ഷയ്‌ക്കൊപ്പം സമര്‍പ്പിക്കണം. പരസ്യത്തിന്റെ നിര്‍മാണച്ചെലവ്,  ടെലികാസ്റ്റ് ചെയ്യുന്നതിനുള്ള ഏകദേശ ചെലവ് തുടങ്ങിയവ വ്യക്തമാക്കുന്ന നിശ്ചിത ഫോറത്തിലാണ് അപേക്ഷ നല്‍കേണ്ടത്. പരസ്യം പ്രദര്‍ശിപ്പിക്കുന്നതിനുള്ള  പണം ചെക്കായോ ഡിമാന്റ് ഡ്രാഫ്റ്റായോ മാത്രമേ നല്‍കൂ എന്ന് വ്യക്തമാക്കുന്ന പ്രസ്താവനയും ഇതിനോടൊപ്പം സമര്‍പ്പിക്കണം.

ഇലക്ട്രോണിക് മാധ്യമങ്ങളിലെ രാഷ്ട്രീയ പരസ്യങ്ങള്‍ അംഗീകാരം ലഭിച്ചവയാണോ എന്ന് എം.സി.എം.സി സെല്‍ പരിശോധിക്കും. മറ്റു മാധ്യമങ്ങളിലെ പരസ്യങ്ങളും തെരഞ്ഞെടുപ്പ് ചെലവുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തും. ടിവി ചാനലുകളിലെയും കേബിള്‍ ചാനലുകളിലെയും പരസ്യങ്ങള്‍ക്കുള്ള നിയമങ്ങള്‍ക്ക് എസ്.എം.എസുകള്‍ക്കും വോയ്‌സ്  മെസേജുകള്‍ക്കും  ബാധകമായിരിക്കും.

അച്ചടി മാധ്യമങ്ങളില്‍  സ്ഥാനാര്‍ഥിയുടെ  അറിവോടെയും അനുമതിയോടെയും വരുന്ന പരസ്യങ്ങളുടെ ചെലവ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. സ്ഥാനാര്‍ഥിയുടെ അറിവില്ലാതെയാണ് പരസ്യം പ്രസിദ്ധീകരിച്ചതെങ്കില്‍ പ്രസാധകനെതിരെ നിയമ നടപടിക്ക് ശുപാര്‍ശ ചെയ്യും. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിദ്ധീകരിക്കുന്ന ലഘുലേഖകളിലും പോസ്റ്ററുകളിലും മറ്റ് രേഖകളിലും പ്രസാധകന്റെ പേരും വിലാസവും ആകെ കോപ്പികളുടെ എണ്ണവും ഉണ്ടായിരിക്കണമെന്നത് നേരത്തെ നിര്‍ദ്ദേശം നല്‍കിയിരുന്നു.

അംഗീകാരത്തിനായി സമര്‍പ്പിക്കപ്പെടുന്ന പരസ്യങ്ങള്‍ വിലയിരുത്തി  കമ്മിറ്റി 24 മണിക്കൂറിനകം തീരുമാനമറിയിക്കും. നിബന്ധനകള്‍ പാലിക്കപ്പെടുന്നില്ലെന്ന് കണ്ടാല്‍ പരസ്യത്തിന് പ്രദര്‍ശനാനുമതി നിഷേധിക്കാന്‍ കമ്മിറ്റിക്ക് അധികാരമുണ്ടാകും. എന്നാല്‍ ജില്ലാതല എം.സി.എം.സി കമ്മിറ്റിയുടെ തീരുമാനത്തിനെതിരെ അപേക്ഷകര്‍ക്ക് സംസ്ഥാന കമ്മിറ്റിക്ക് അപ്പീല്‍ നല്‍കാനാവും.

 

date