രോഗങ്ങള്‍ ക്ഷണിച്ച് വരുത്തി വെല്‍ക്കം ഡ്രിങ്കുകള്‍ : ജാഗ്രതാ നിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്
വിവാഹ സല്‍ക്കാരങ്ങളിലും മറ്റ് ആഘോഷ വേളകളിലും സ്നേഹത്തോടെ നല്‍കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍ മഞ്ഞപ്പിത്തത്തിനും ടൈഫോഡിനും കാരണമാകുന്നതായി ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഫെബ്രുവരിയില്‍ ജില്ലയില്‍ നടന്ന നാല് വിവാഹ സല്‍ക്കാരങ്ങളില്‍ നിന്ന് മാത്രം 117 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ ഒരു വിവാഹ സല്‍ക്കാരത്തില്‍ പങ്കെടുത്തവരില്‍ നാല് പഞ്ചായത്തിലെ ആളുകള്‍ക്കാണ് പനി ബാധിച്ചത്. അസുഖ ബാധിതരായ ആളുകള്‍ പൂര്‍ണമായും ഭേദമാകുന്നതിന് മുമ്പായി പൊതു ഇടങ്ങളില്‍ ഇറങ്ങുന്നതും അസുഖം വ്യാപിക്കാന്‍ ഇടയാക്കുന്നതായി ആരോഗ്യ വകുപ്പ് ചൂണ്ടിക്കാട്ടുന്നു. വരള്‍ച്ച രൂക്ഷമായതോടെ ശുദ്ധജല ലഭ്യതയില്‍ വന്ന കുറവാണ് ജലജന്യ രോഗങ്ങള്‍ വ്യാപകമാക്കാന്‍ ഇടയാക്കുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. സക്കീന പറഞ്ഞു.
ഉത്സവ വേളകളില്‍ കരുതല്‍ വേണം
വേലകള്‍, പൂരങ്ങള്‍, നേര്‍ച്ചകള്‍, പ്രദര്‍ശന മേളകള്‍ എന്നിവിടങ്ങളില്‍ പോകുമ്പോള്‍ തുറന്ന സ്ഥലങ്ങളിലും അല്ലാതെയുമായി ലഭിക്കുന്ന പാനീയങ്ങള്‍, സിപ്പ് അപ്പ്, ഐസുകള്‍ എന്നിവ പൂര്‍ണമായും ഒഴിവാക്കണം. തിളപ്പിച്ചാറിയ വെള്ളം കഴിവതും കൂടെ കരുതുന്നതാണ് ഉത്തമം. കുപ്പി വെള്ളത്തിനേക്കാള്‍ സുരക്ഷിതമാണിവ.
മൂന്നാഴ്ച വിശ്രമം അനിവാര്യം
ചുരുങ്ങിയത് മൂന്നാഴ്ചയോളമെങ്കിലും വീടുകളില്‍ തന്നെ വിശ്രമിക്കുന്നതാണ് ഇത്തരം രോഗങ്ങള്‍ പകരാതിരിക്കാന്‍ നല്ലത്. പനി കുറവ് വന്നാലും മൂന്നാഴ്ചക്ക് ശേഷമേ പൊതു ഇടങ്ങളിലേക്ക് ഇറങ്ങാന്‍ പാടുള്ളൂ. രോഗം പൂര്‍ണമായും മാറുന്നത് വരെ പള്ളികളിലെ ഹൗളുകള്‍ക്ക് പകരം പൈപ്പില്‍ നിന്ന് വെള്ളമെടുത്ത് ഉപയോഗിക്കുന്നത് മറ്റുള്ളവരിലേക്ക് രോഗാണുക്കള്‍ എത്തുന്നതിന് തടയിടാനാകും.
വിവാഹ സല്‍ക്കാരങ്ങളില്‍ ചൂടുള്ളവ മാത്രം
വിവാഹ സല്‍ക്കാരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്ക് തിളപ്പിച്ചാറിയ വെള്ളം മാത്രമേ കൊടുക്കാവൂ. സല്‍ക്കാരങ്ങളിലും മറ്റും ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിളമ്പുന്നതിന് മുമ്പായി കൈകള്‍ നന്നായി സോപ്പുപയോഗിച്ച് കഴുകുന്നതാണ് ഉത്തമം.
ചൂടുള്ളത് നല്‍കിയാല്‍ മാത്രം പോര
ചൂടുവെള്ളമെന്ന പേരില്‍ ചൂടാക്കിയതും ചൂടാക്കാത്തതുമായ വെള്ളം ഇട കലര്‍ത്തി നല്‍കുന്നതാണ് മിക്ക സല്‍ക്കാരങ്ങളിലെയും സ്ഥിതി. ഇത് ഗുണത്തേക്കാളേറെ ദോഷകരമാണെന്നതാണ് വാസ്തവം. കൃത്യമായ അളവില്‍ തിളപ്പിച്ചാറിയ വെള്ളമാണ് നല്‍കേണ്ടത്. കുടിക്കാന്‍ ചൂടുവെള്ളവും ചൂടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങളും നല്‍കിയാല്‍ മാത്രം മഞ്ഞപ്പിത്തവും ടൈഫോയിഡ് രോഗങ്ങളെയും പൂര്‍ണമായും തടയാനാവില്ല. വിളമ്പുന്ന പാത്രങ്ങളും സുരക്ഷിതമായിരിക്കണം. സുരക്ഷിതമായ വെള്ളം ഉപയോഗിച്ചാവണം പാത്രങ്ങള്‍ കഴുകേണ്ടത്. കഴിയുമെങ്കില്‍ ചൂടുവെള്ളത്തില്‍ കഴുകിയെടുക്കുന്നത് കൂടുതല്‍ സുരക്ഷിതമാക്കാന്‍ സഹായിക്കും.
- Log in to post comments