സൂര്യാതപം- തൊഴിലിടങ്ങളില്‍ പരിശോധന തുടരുന്നു 52 നിര്‍മ്മാണ സ്ഥാപനങ്ങളില്‍ പരിശോധന നടത്തി
അന്തരീക്ഷ താപനില വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ സൂര്യാതപം കണക്കിലെടുത്തുകൊണ്ട് തൊഴിലാളികളുടെ ജോലി സമയം ക്രമീകരിക്കണം എന്ന ലേബര്‍ കമ്മീഷണറുടെ ഉത്തരവ് പാലിക്കുന്നുണ്ടോ എന്ന് ഉറപ്പാക്കാന്‍ ജില്ലയിലെ നിര്‍മ്മാണ മേഖലയില്‍ പരിശോധന നടത്തി. ജില്ലാ ലേബര്‍ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലയിലെ നിലമ്പൂര്‍, കൊണ്ടോട്ടി, മലപ്പുറം, പെരിന്തല്‍മണ്ണ, തിരൂര്‍, തിരൂരങ്ങാടി, ഭാഗങ്ങളലെ 52 നിര്‍മ്മാണ സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. നിര്‍മ്മാണ സൈറ്റുകളില്‍ ജോലിചെയ്യുന്ന തൊഴിലാളികളോടും അന്യസംസ്ഥാന തൊഴിലാളികളോഠും രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെ സൂര്യാഘാതം നേരിട്ട് ഏല്‍ക്കുന്ന രീതിയില്‍ ജോലി ചെയ്യരുതെന്ന് നിര്‍ദ്ദേശം നല്‍കി. തൊഴിലാളികളെ ജോലിക്ക് നിയോഗിക്കുന്ന കരാറുകരോട് ലേബര്‍ കമ്മീഷണറുടെ ഉത്തരവ് കര്‍ശനമായി പാലിക്കാനും നിര്‍ദേശം നല്‍കി.
ജില്ലയിലെ ചില ഉള്‍പ്രദേശങ്ങളില്‍ ചെറുനിര്‍മ്മാണ മേഖലകളില്‍ ഉത്തരവ് ലംഘിച്ചു കൊണ്ട് തൊഴിലാളികള്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നത് ലേബര്‍ കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുകയും അവ നിര്‍ത്തലാക്കിയതായും ലേബര്‍ ഓഫീസര്‍ അറിയിച്ചു.
ജില്ലയില്‍ ഇതുവരെയുണ്ടായ പരിശോധനയുടെ അടിസ്ഥാനത്തില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളിലുള്ള എല്ലാ പൊതുനിര്‍മ്മാണ സ്ഥാപനങ്ങളും നിര്‍ദ്ദേശം പാലിക്കുന്നതായും, സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കുന്നത് വരെ നിര്‍ദ്ദേശം കര്‍ശനമായി നടപ്പാക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു. വരും ദിവസങ്ങളില്‍ ജില്ലയിലെ മറ്റു മേഖലകളിലും പരിശോധന ശക്തമാക്കും. ഉത്തരവ് ലംഘിച്ച് ജോലികള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ നിയമനടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.
- Log in to post comments