Skip to main content

അനധികൃതമായി പ്രചാരണ വസ്തുക്കള്‍ സ്ഥാപിക്കുന്ന തിനെതിരായ നടപടി ശക്തമാക്കി ഇതുവരെ നീക്കിയത് 45064 എണ്ണം

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ച് പ്രചാരണ വസ്തുക്കള്‍ സ്ഥാപിക്കുന്നതിനെതിരായ നടപടി ജില്ലയില്‍ ശക്തമായി തുടരുന്നു. ഇതിനകം 45064 പ്രചരണ സാമഗ്രികള്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗം നീക്കം ചെയ്തു. പൊതു സ്ഥലത്ത് സ്ഥാപിച്ച 44635 പ്രചാരണ സാമഗ്രികളും അനുമതിയില്ലാതെ സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ച 429 സാമഗ്രികളുമാണ് നീക്കം ചെയ്തത്. വെള്ളിയാഴ്ച മാത്രം 4372 എണ്ണം പൊതു സ്ഥലങ്ങളില്‍ നിന്നും 57 എണ്ണം സ്വകാര്യ സ്ഥലത്തു നിന്നും നീക്കം ചെയ്തിട്ടുണ്ട്.
പൊതു സ്ഥലത്തെ 530 ചുമരെഴുത്തുകള്‍ ഒഴിവാക്കി. ഇതില്‍ 62 എണ്ണം വെള്ളിയാഴ്ച്ച ഒഴിവാക്കിയതാണ്. അതേ ദിവസം ഒഴിവാക്കിയ 3950 പോസ്റ്ററുകളടക്കം 35361 പോസ്റ്ററുകള്‍, ഫ്ളക്സുള്‍പ്പെടെയുള്ള 4478 ബാനറുകള്‍, 4266 കൊടികള്‍ എന്നിവ നീക്കം ചെയ്തിട്ടുണ്ട്. കൂടാതെ അനുമതിയില്ലാതെ സ്വകാര്യ സ്ഥലത്തു നടത്തിയ എട്ട് ചുമരെഴുത്തുകളും ഒഴിവാക്കിയിട്ടുണ്ട്. 81 ചുമരെഴുത്തുകളാണ് ഇതുവരെ സ്വകാര്യ സ്ഥലത്ത് നിന്നും നീക്കം ചെയ്തിരിക്കുന്നത്. സ്വകാര്യ സ്ഥലങ്ങളിലെ 176 പോസ്റ്ററുകളും 89 ബാനറുകളും 83 കൊടികളും നീക്കം ചെയ്തിട്ടുണ്ട്.
പൊതുസ്ഥലത്ത് പോസ്റ്ററുകളും ബാനറുകളും സ്ഥാപിക്കുന്നവര്‍ക്കെതിരെ പൊതുമുതല്‍ നശിപ്പിക്കല്‍ നിയമ പ്രകാരം നടപടി സ്വീകരിച്ചുവരുന്നു.  പൊതുസ്ഥലത്തെ പ്രചാരണ സാമഗ്രികള്‍ നീക്കം ചെയ്യുന്നതിന് ചെലവായ തുക സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് ചെലവില്‍ ഉള്‍പ്പെടുത്തും. പോസ്റ്റര്‍, ബാനര്‍, ലഘുലേഖ എന്നിവയില്‍ പ്രിന്ററുടെയും പബ്ലിഷറുടെയും പേരും ഫോണ്‍ നമ്പറും നല്‍കണം. ഇവ ഇല്ലാതെ അച്ചടിക്കുന്നത് ശ്രദ്ധയില്‍പെട്ടാല്‍ 1954ലെ ജനപ്രാതിനിധ്യ നിയമം സെക്ഷന്‍ 127(എ) പ്രകാരം നടപടി സ്വീകരിക്കും. ആറ് മാസം വരെ തടവ് ലഭിക്കുന്ന വകുപ്പാണിത്. സ്വകാര്യ സ്ഥലത്ത് പ്രചരണ സാമഗ്രികള്‍ സ്ഥാപിക്കുന്നതിന് സ്ഥലമുടമയില്‍ നിന്നും അനുമതി വാങ്ങണം.

 

date