Skip to main content

ഇ.വി.എം സെറ്റിംങ് സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ പങ്കെടുക്കണം

ലോകസഭ തെരഞ്ഞെടുപ്പിന് വോട്ട് രേഖപ്പെടുത്തുന്നതിനായി ഏപ്രില്‍ 16 ന്  ഇ.വി.എം സെറ്റ് ചെയ്യുന്ന സമയത്ത് രാഷ്ട്രീയ പാര്‍ട്ടികളുടെ ഏജന്റുമാര്‍ പങ്കെടുക്കണമെന്ന്  ജില്ലാ കലക്ടര്‍ അമിത് മീണ അറിയിച്ചു. കലക്ടറുടെ ചേംബറില്‍ നടന്ന രാഷ്ട്രീയ പാര്‍ട്ടി ഏജന്റുമാരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  ജില്ലയില്‍ ഇതുവരെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലാത്ത സാഹചര്യത്തില്‍ അദ്ദേഹം രാഷ്ട്രീയ പാര്‍ട്ടികളെ അഭിനന്ദിച്ചു.  ജില്ലയില്‍ മീഡിയ മോണറ്ററിങ് ശക്തമായി നടക്കുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ വീഡിയോകള്‍ പോസ്റ്റു ചെയ്യുന്നതിന് അനുമതി വാങ്ങണം.  അനുമതി വാങ്ങാത്തവര്‍ക്കെതിരെ  നടപടി സ്വീകരിക്കും.
ഏപ്രില്‍ 23 ന് രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറു  വരെയായിരിക്കും വോട്ട് ചെയ്യാനുള്ള അവസരം. രാവിലെ ആറിന് മോക്ക് പോള്‍ സംഘടിപ്പിക്കും. രാഷ്ട്രീയ പാര്‍ട്ടികളുടെ പോളിംഗ് ഏജന്റുമാര്‍  രാവിലെ ആറിന് എത്തണം. ആറേ  പതിനഞ്ച് വരെ മാത്രമാണ് ഉദ്യോഗസ്ഥര്‍ മോക്ക് പോള്‍ ചെയ്യാന്‍ പോളിംഗ് ഏജന്റുമാരെ കാത്തു നില്‍ക്കുക. പോളിംഗ് ഏജന്റുമാര്‍ക്ക് ബൂത്തുകളിലേക്ക് പ്രവേശിക്കാന്‍ ജില്ലാ കലക്ടര്‍ ഒപ്പുവെച്ച ഫോട്ടോ പതിച്ച ഐ.ഡി കാര്‍ഡ് നിര്‍ബന്ധമാണ്.  തെരഞ്ഞടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍  വീഡിയോ സര്‍വൈലന്‍സ് ടീമിന്റെ എണ്ണം 46 ല്‍ നിന്ന് 96 ആയി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും കലക്ടര്‍ അറിയിച്ചു.
യോഗത്തില്‍ പൊതു നിരീക്ഷകരായ  പത്മ ജൈസ്വാള്‍, ചന്ദ്രകാന്ത് ഉയികെ.എ,  ചെലവ് നിരീക്ഷകന്‍ ധ്രുവ കുമാര്‍ സിങ് (മലപ്പുറം),  പൊലീസ് നിരീക്ഷകന്‍ സരംഗന്‍ (പൊന്നാനി), നോഡല്‍ ഓഫീസര്‍ അസിസ്റ്റന്റ് കലക്ടര്‍ വികല്‍പ് ഭരദ്വാജ്,  എ.ഡി.എം ടി വിജയന്‍, ഡെപ്യൂട്ടി കലക്ടര്‍ എം. കെ അനില്‍കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

 

date