അനധികൃതമായി സ്ഥാപിച്ച പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്തു
ലോകസഭാതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കോഴിക്കോട് ടൗണിലും പരിസരപ്രദേശങ്ങളിലും ഭാരതീയ ജനതാ പാര്‍ട്ടിയുടെ വിവിധതരം പ്രചാരണ ബോര്‍ഡുകള്‍ വ്യാപകമായി പൊതു സ്ഥലങ്ങളില്‍ സ്ഥാപിച്ചതായി ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദ്ദേശ പ്രകാരം ഇവ നീക്കം ചെയ്തു. കോഴിക്കോട് സി.എച്ച്.ഫ്‌ളൈ ഓവറിന്റെ കൈവരികളില്‍ പൊതു സ്ഥലം കൈയ്യേറി അനധികൃതമായി കൊടി തോരണങ്ങള്‍ കെട്ടിയത് ഗുരുതര തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനമാണെന്ന് ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് നീക്കം ചെയ്തത്. ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് അനധികൃത കൊടിതോരണങ്ങള്‍ നീക്കം ചെയ്യവേ ഒരു സംഘം ബി.ജെ.പി പ്രവര്‍ത്തകര്‍ കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് ജീവനക്കാരുടെ ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തിയവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ജില്ലാ പോലീസ് മേധാവിക്ക് ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. ഭാവിയില്‍ അനധികൃത കൊടി തോരണങ്ങളോ പ്രചരണ ബോര്‍ഡുകളോ പൊതു സ്ഥലങ്ങളില്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ കര്‍ശന നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറും ജില്ലാ കലക്ടറുമായ എസ്. സാംബശിവറാവു അറിയിച്ചു.
- Log in to post comments