Skip to main content

വിശ്രമമില്ലാതെ ജില്ലാ ഭരണകൂടം; തെരഞ്ഞെടുപ്പിന് തീവ്ര ഒരുക്കും

 

തെരഞ്ഞെടുപ്പ് കാലഘട്ടമെന്നാല്‍ സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് യുദ്ധവേളയ്ക്ക് സമാനമായ തയാറെടുപ്പുകളുടെ കാലമാണ്. ജില്ലാ കളക്ടറും ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറുമായ പി.ബി.നൂഹിന്റെ നേതൃത്വത്തില്‍ ജില്ലാ ഭരണകൂടത്തിലെ ഉദേ്യാഗസ്ഥര്‍ വിശ്രമമില്ലാതെ തെരഞ്ഞെടുപ്പിനായുള്ള തീവ്ര ഒരുക്കത്തിലാണ്. ഏറ്റവും കുറ്റമറ്റ സംവിധാനത്തിലൂടെ തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാക്കാന്‍ അതീവ ജാഗ്രതയോടെയാണ് ജില്ലാഭരണകൂടത്തിന്റെ ഓരോ നീക്കവും. രാപ്പകലില്ലാതെ ജീവനക്കാര്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്‍പേ തന്നെ തുടങ്ങിയതാണ് ഓഫീസ് സമയം മറന്നുളള ഈ ജോലി. രാജ്യത്തെ എല്ലാ ജില്ലകളിലുമുള്ള തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്ന ഓഫീസുകള്‍ ഏതാണ്ട് ഇതുപോലെ തന്നെയാണ്. വിശ്രമമില്ലാതെ ജോലി ചെയ്യുകയാണ് ഓരോ ജീവനക്കാരും. അടുത്ത അഞ്ചു വര്‍ഷത്തേക്ക് രാജ്യത്തെ നയിക്കുന്നവരെ കണ്ടെത്താന്‍ സ്വന്തം കുടുംബത്തെപ്പോലും ഇവര്‍ക്ക് പലപ്പോഴും മാറ്റിനിര്‍ത്തേണ്ടി വരുന്നു. സ്വതന്ത്രവും നിഷ്പക്ഷവുമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള തീവ്രയത്നത്തിലാണ് തെരഞ്ഞെടുപ്പ് വിഭാഗം.

ലോക്സഭാ തെരഞ്ഞെടുപ്പിന്റെ തുടക്കം മുതല്‍ വോട്ടെടുപ്പും വോട്ടെണ്ണലും വരെ വിവിധഘട്ടങ്ങളിലായി പണിയെടുക്കുന്നത് പതിനായിരത്തേളാം ജീവനക്കാരാണ്. കളക്ടറേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, എന്നതാണ് തെരഞ്ഞെടുപ്പിനുളള നെറ്റ്‌വര്‍ക്ക് സംവിധാനം. കൂടാതെ തെരഞ്ഞെടുപ്പില്‍ മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നതിനായി 60  സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങളും ജില്ലയില്‍ നടന്നുവരുന്നു. കളക്ടറേറ്റില്‍ ഇതിനോട് അനുബന്ധിച്ച് ഇരുപത്തിനാല് മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂമും ആരംഭിച്ചു കഴിഞ്ഞു. നിയമസഭാമണ്ഡലങ്ങളില്‍ അഞ്ച് വിഭാഗത്തിലുള്ള സ്‌ക്വാഡുകളെയാണ് പ്രവര്‍ത്തനങ്ങള്‍ക്കായി നിയമിച്ചിട്ടുള്ളത്. ആന്റി ഡീഫേസ്‌മെന്റ് സ്‌ക്വാഡ്(രണ്ട് വീതം),ഫ്‌ളൈയിംഗ് സ്‌ക്വാഡ്(മൂന്ന് വീതം),സ്റ്റാറ്റിക് സര്‍വെയിലന്‍സ് സ്‌ക്വാഡ് (മൂന്ന് വീതം), വീഡിയോ സര്‍വൈലന്‍സ് സ്‌ക്വാഡ്(ഒന്ന് വീതം),വീഡിയോ വ്യൂയിംഗ് സ്‌ക്വാഡ്(ഒന്ന് വീതം), ലിക്വര്‍ മോണിറ്ററിംഗ് (ഒന്ന് വീതം), സ്വീപ്പ് (ഒന്ന്)  എന്നിങ്ങനെയാണ് സ്‌ക്വാഡുകളുടെ വിന്യാസം. എല്ലാ അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാരാണ് സ്‌ക്വാഡുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നത്. 

date