Skip to main content

കണ്ണൂര്‍ അറിയിപ്പുകള്‍

പോളിംഗ്: അവസാനഘട്ട പരിശീലനം 17ന്; 

പങ്കെടുക്കാത്തവര്‍ക്കെതിരേ നടപടി

ലോക്സഭ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഡ്യൂട്ടിക്ക് നിയോഗിച്ച ജീവനക്കാര്‍ക്കായി നിയമസഭാ മണ്ഡലം തലത്തില്‍ വിവിധ കേന്ദ്രങ്ങളിലായി ഇതു വരെ സംഘടിപ്പിച്ച  പരിശീലനങ്ങളില്‍ പങ്കെടുക്കാത്തവര്‍ക്കായി 17ന് രാവിലെ 10 മണിക്ക് ആസൂത്രണ സമിതി കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കും. ജില്ലാതലത്തില്‍ നടത്തുന്ന ഈ പരിശീലനത്തിലും പങ്കെടുക്കാതിരിക്കുന്ന ജീവനക്കാര്‍ക്കെതിരെ ജനപ്രാതിനിധ്യ നിയമം 1951 ലെ വകുപ്പ് 134 പ്രകാരം നടപടിയെടുക്കുമെന്ന് ജില്ലാ ഇലക്ഷന്‍ ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ അറിയിച്ചു.

 

മൈക്രോ ഒബ്സര്‍വര്‍മാര്‍ക്കുള്ള 

രണ്ടാം ഘട്ട പരിശീലനം 19, 20 തീയതികളില്‍ 

പ്രശ്നസാധ്യത ബൂത്തുകളിലേക്ക് മൈക്രോ ഒബ്സര്‍വര്‍മാരായി നിയോഗിക്കപ്പെട്ട ജീവനക്കാര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ഏപ്രില്‍ 19, 20 തീയതികളില്‍ നടക്കും. തലശ്ശേരി, കൂത്തുപറമ്പ് നിയമസഭാ മണ്ഡലങ്ങളിലുള്ളവര്‍ക്ക് 19 ന് രാവിലെ 11 മണിക്ക് തലശ്ശേരി മുന്‍സിപ്പല്‍ ടൗണ്‍ ഹാള്‍ ഓഡിറ്റോറിയത്തിലാണ് പരിശീലനം. 

20ന് തളിപ്പറമ്പ്, ഇരിക്കൂര്‍, ധര്‍മ്മടം നിയോജകമണ്ഡലങ്ങളിലുള്ളവര്‍ക്ക് രാവിലെ 10 മണിക്ക് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളിലും, പയ്യന്നൂര്‍,  കല്ല്യാശ്ശേരി നിയോജക മണ്ഡലങ്ങളിലുള്ളവര്‍ക്ക്  രാവിലെ 11 മണിക്ക് പയ്യന്നൂര്‍ എകെഎഎസ്ജിവിഎച്ച്എസ്എസ്സിലും,  കണ്ണൂര്‍, അഴീക്കോട്, മട്ടന്നൂര്‍, പേരാവൂര്‍ നിയോജകമണ്ഡലങ്ങളിലുള്ളവര്‍ക്ക് 11.30 ന് ജില്ലാ പഞ്ചായത്ത് വീഡിയോ കോണ്‍ഫറന്‍സ് ഹാളിലുമായി പരിശീലനം നല്‍കും. കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍, കേന്ദ്ര പൊതുമേഖല ജീവനക്കാര്‍ എന്നിവരെയാണ് മൈക്രോ ഒബ്‌സര്‍വര്‍മാരായി നിയോഗിച്ചിട്ടുള്ളത്.

 

കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ്: 

നാല് താലൂക്കുകളില്‍ 16 മുതല്‍ 18 വരെ ഡ്രൈഡേ 

കര്‍ണാടക സംസ്ഥാനത്ത് ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 16ന് വൈകിട്ട് ആറ് മണി മുതല്‍ 18ന് വൈകിട്ട് ആറ് മണി വരെ ജില്ലയിലെ അതിര്‍ത്തി താലൂക്കുകളില്‍ ഡ്രൈഡേ പ്രഖ്യാപിച്ചു. തളിപ്പറമ്പ്, പയ്യന്നൂര്‍, ഇരിട്ടി, തലശ്ശേരി താലൂക്കുകളിലാണ് ജില്ലാ കലക്ടര്‍ ഡ്രൈഡേ പ്രഖ്യാപിച്ചത്. 

ഇതുപ്രകാരം മദ്യശാലകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഈ കാലയളവില്‍ മദ്യം ശേഖരിച്ച് വയ്ക്കാനോ അനധികൃതമായി വില്‍പ്പന നടത്താനോ ഉള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ കലക്ടര്‍ ചുമതലപ്പെടുത്തി.

date