Skip to main content

ആനക്കയത്ത് കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിന് തുടക്കമായി

 

കാര്‍ഷിക യന്തവത്ക്കരണ മിഷനും കൃഷി വകുപ്പ് എഞ്ചിനീയറിങ് വിഭാഗവും ചേര്‍ന്ന് നടപ്പിലാക്കുന്ന  കാര്‍ഷിക യന്ത്ര പരിരക്ഷണ യജ്ഞത്തിനു ആനക്കയത്തുള്ള മലപ്പുറം കൃഷി അസിസ്റ്റന്റ് എക്‌സി. എഞ്ചിനീയറുടെ കാര്യാലയത്തില്‍  തുടക്കമായി. പരിപാടിയുടെ ഉദ്ഘാടനം ആത്മ ഡെപ്യൂട്ടി പ്രൊജക്റ്റ്  ഡയറക്ടര്‍ സാലി ജോസഫ് നിര്‍വ്വഹിച്ചു. കോഴിക്കോട് അസിറ്റന്റ് എക്‌സി.എഞ്ചിനീയറും സംസ്ഥാന കാര്‍ഷിക യന്ത്ര വല്‍ക്കരണ മിഷന്‍ നോര്‍ത്തേണ്‍ റീജിയന്‍ ലൈസന്‍ ഓഫീസറുമായ അഹമ്മദ് കബീര്‍ ടി അധ്യക്ഷനായിരുന്നു. അസിസ്റ്റന്റ് എഞ്ചിനീയര്‍ (അഗ്രി) അനുറേ  മാത്യു, മലപ്പുറം  പ്രോജക്ട് എഞ്ചിനീയര്‍ ഇന്‍ ചാര്‍ജ്  ദിദീഷ് എം, വീരാന്‍കുട്ടി, സ്റ്റോര്‍ ഇന്‍ ചാര്‍ജ് എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു.

കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികളും പ്രവര്‍ത്തി പരിചയ പരിശീലനവുമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യങ്ങള്‍. ജില്ലയിലെ മൂന്ന അഗ്രോ സര്‍വ്വീസ് സെന്ററില്‍ നിന്നും ആറ് കാര്‍ഷിക കര്‍മ്മ സേനകളില്‍ നിന്നും തിരഞ്ഞെടുത്ത രണ്ട് പേരെ വീതം ആകെ 20 പേര്‍ക്ക് 12 ദിവസം നീണ്ടു നില്‍ക്കുന്ന പരിശീലന പരിപാടിയാണ് സംഘടിപ്പിക്കുന്നത്. പ്രളയാനന്തരം കേടുപാടുകള്‍ സംഭവിച്ചതും ഉപയോഗശൂന്യമായി കിടന്നിരുന്നതുമായ കാര്‍ഷിക യന്ത്രങ്ങളുടെ അറ്റകുറ്റ പണികള്‍ നടത്തി എത്രയും വേഗത്തില്‍ അവ പ്രവര്‍ത്തനസജ്ജമാക്കി കാര്‍ഷിക  കര്‍മ്മ സേനകള്‍ക്കും കാര്‍ഷിക  സേവന  കേന്ദ്രങ്ങള്‍ക്കും കൈമാറുകയാണ് ഇതിലൂടെ ചെയ്യുന്നത്.
കേരള സംസ്ഥാന കാര്‍ഷിക  യന്തവത്ക്കരണ മിഷന്റെ  കീഴില്‍ പ്രവര്‍ത്തിക്കുന്ന കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ  ഡോ. യു. ജയകുമാരന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഒരു പ്രോജക്ട് എഞ്ചിനീയര്‍, ഭക്ഷ്യ സുരക്ഷ സേനയിലെ രണ്ടു സീനിയര്‍ മാസ്റ്റര്‍ ട്രെയ്‌നര്‍മാര്‍, കാര്‍ഷികയന്തവത്കരണ മിഷന്റെ നാല് കാര്‍ഷിക മെക്കാനിക് ട്രെയിനര്‍മാര്‍ എന്നിവരടങ്ങുന്ന ഏഴ് അംഗ സംഘമാണ് ഈ പരിശീലന പരിപാടിക്ക് നേതൃത്വം നല്‍കുന്നത്. ഇതിനു പുറമെ കൃഷി എഞ്ചിനീയറിങ്ങ്  വിഭാഗവും മുഴുവന്‍ സഹായവുമായി ഈ യജ്ഞത്തിനോടൊപ്പം ചേരുന്നുണ്ട്.
യന്ത്രവത്കരണത്തിലൂടെ ചിലവു കുറഞ്ഞ രീതിയില്‍ കര്‍ഷകര്‍ക്ക് മികച്ച വിളവ് ലഭിക്കുന്നതിനും സ്വകാര്യ ഏജന്‍സികളുടെ അമിതകൂലി ഈടാക്കുന്നതിനെ ഒരു പരിധി വരെ നിയന്ത്രിക്കാനും ഈ യജ്ഞം വഴിയൊരുക്കും.

 

date