Skip to main content

ചുഴലിക്കാറ്റിന് സാധ്യത: ജാഗ്രത പാലിക്കണം

ഇന്ത്യന്‍ മഹാസമുദ്രത്തില്‍ രൂപം കൊണ്ട ന്യൂനമര്‍ദം ചുഴലിക്കാറ്റായി മാറാനുളള സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. കടല്‍  പ്രക്ഷുബ്ധമാകാനിടയുള്ളതിനാല്‍ മത്സ്യതൊഴിലാളികള്‍ ജാഗ്രത പുലര്‍ത്തണം. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോയവര്‍ തൊട്ടടുത്ത തീരത്തേക്ക് ഉടന്‍  മടങ്ങണം.
    ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍  ഞായറാഴ്ച (ഏപ്രില്‍ 28) രാവിലെ മുതല്‍   മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും തിങ്കളാഴ്ച (ഏപ്രില്‍ 29)  മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഏപ്രില്‍ 28 ന് മുന്നോടിയായി തീരത്ത് തിരിച്ചെത്തണണം.
    ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചിട്ടുണ്ട്.

 

പൊതുജനങ്ങള്‍ക്കുള്ള അറിയിപ്പ്

1. ഉരുള്‍പൊട്ടല്‍ സാധ്യത ഉള്ളതിനാല്‍ രാത്രി സമയത്ത് മലയോര മേഖലയിലേക്കുള്ള യാത്ര പരമാവധി ഒഴിവാക്കണം.

2. മലയോര മേഖലയിലെ റോഡുകള്‍ക്ക് കുറുകെ ഉള്ള ചെറിയ ചാലുകളിലൂടെ മലവെള്ള പാച്ചിലും ഉരുള്‍പൊട്ടലും ഉണ്ടാകുവാന്‍ സാധ്യതയുണ്ട്. അതിനാല്‍ ഇത്തരം ചാലുകളുടെ അരികില്‍ വാഹനങ്ങള്‍ നിര്‍ത്തരുത്.

3. മലയോര മേഖലയിലും ബീച്ചുകളിലും വിനോദ സഞ്ചാരത്തിന് പോകാതിരിക്കുക.

4. കൃത്യമായ അറിയിപ്പുകള്‍ ലഭിക്കുന്നതിനായി മുഖ്യമന്ത്രിയുടെയും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെയും ഫേസ്ബുക്ക് പേജുകള്‍ ശ്രദ്ധിക്കുക. സമൂഹ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുത്.

5 . ഒരു കാരണവശാലും നദികള്‍, ചാലുകള്‍ എന്നിവ മുറിച്ചു കടക്കരുത്.

6. പാലങ്ങളിലും, നദിക്കരയിലും മറ്റും കയറി സെല്‍ഫി എടുക്കല്‍ ഒഴിവാക്കുക.

7. പുഴകളിലും തോടുകളിലും ജല നിരപ്പ് ഉയരുവാന്‍ സാധ്യതയുണ്ട്. പുഴകളിലും, ചാലുകളിലും, വെള്ളക്കെട്ടിലും മഴയത്ത് ഇറങ്ങാതിരിക്കണം. പ്രത്യേകിച്ച് കുട്ടികള്‍ ഇറങ്ങുന്നില്ല എന്ന് മുതിര്‍ന്നവര്‍ ഉറപ്പുവരുത്തണം. നദിയില്‍ കുളിക്കുന്നതും, തുണി നനയ്ക്കുന്നതും, കളിക്കുന്നതും ഒഴിവാക്കുക.

8. നദിക്കരയോട് ചേര്‍ന്ന് താമസിക്കുന്നവരും മുന്‍കാലങ്ങളില്‍ വെള്ളം കയറിയ പ്രദേശങ്ങളില്‍ ഉള്ളവരും ഒരു എമര്‍ജന്‍സി കിറ്റ് ഉണ്ടാക്കി സൂക്ഷിക്കുക.

ഈ കിറ്റില്‍ ഉണ്ടാകേണ്ട വസ്തുക്കള്‍ (ഒരു വ്യക്തിക്ക് എന്ന കണക്കില്‍): ടോര്‍ച്ച്, റേഡിയോ, വെള്ളം, ഒ.ആര്‍.എസ് ഒരു പാക്കറ്റ്, അത്യാവശ്യം വേണ്ടുന്ന മരുന്ന്, മുറിവിന് പുരട്ടാവുന്ന മരുന്ന്, ഒരു ചെറിയ കുപ്പി ആന്റി സെപ്ടിക് ലോഷന്‍, 100 ഗ്രാം കപ്പലണ്ടി, 100 ഗ്രാം ഉണക്ക മുന്തിരി അല്ലെങ്കില്‍ ഈന്തപ്പഴം, ബിസ്‌ക്കറ്റോ റസ്‌ക്കോ പോലുള്ള ഡ്രൈ സ്നാക്സ്, ചെറിയ ഒരു കത്തി, 10 ക്ലോറിന്‍ ടാബ്ലെറ്റ്, ഒരു ബാറ്ററി ബാങ്ക് അല്ലെങ്കില്‍ ടോര്‍ച്ചില്‍ ഇടാവുന്ന ബാറ്ററി, ബാറ്ററിയും, കോള്‍ പ്ലാനും ചാര്‍ജ് ചെയ്ത ഒരു സാധാരണ മൊബൈല്‍ ഫോണ്‍, തീപ്പെട്ടിയോ ലൈറ്ററോ, അത്യാവശ്യം കുറച്ച് പണം.

9. പ്രധാനപ്പെട്ട രേഖകള്‍ സര്‍ട്ടിഫിക്കറ്റുകള്‍, ആഭരണങ്ങള്‍ പോലെ വിലപിടിപ്പുള്ള സാധനങ്ങള്‍ വെള്ളം കയറാത്തതും എളുപ്പം എടുക്കാന്‍ പറ്റുന്നതുമായ ഉയര്‍ന്ന സ്ഥലത്തു സൂക്ഷിക്കുക.

10. ഔദ്യോഗികമായി ലഭിക്കുന്ന വിവരങ്ങളെല്ലാം വീട്ടില്‍ എല്ലാവരോടും പറയുക. അടിയന്തര സാഹചര്യത്തില്‍ നിങ്ങള്‍ പുറത്താണെങ്കില്‍ നിങ്ങളെ കാത്തുനില്‍ക്കേണ്ടതില്ല എന്ന് വീട്ടിലുള്ളവര്‍ക്ക് നിര്‍ദേശം നല്‍കുക.

11. ടിവിയിലും റേഡിയോയിലും വരുന്ന മുന്നറിയിപ്പുകള്‍ ശ്രദ്ധിക്കുക.

12.വീട്ടില്‍ അസുഖമുള്ളവരോ, അംഗപരിമിതരോ, ഭിന്നശേഷിക്കാരോ, പ്രായമായവരോ കുട്ടികളോ ഒക്കെയുള്ളവര്‍ അവരെ പ്രത്യേകം ശ്രദ്ധിക്കുക. വെള്ളപ്പൊക്കം ഉണ്ടായാല്‍ അവരെ ആദ്യം മാറ്റാന്‍ ശ്രമിക്കുക. പ്രത്യേക സഹായം ആവശ്യമാണെങ്കില്‍, ഇവരെ സംബന്ധിച്ച വിവരം സാമൂഹിക നീതി വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിക്കുക.

 

 

(എം.പി.എം 1431/2019)

 

 

വേനല്‍മഴയെ വരവേല്‍ക്കാനൊരുങ്ങാം

ജില്ലയില്‍  വേനല്‍ മഴ ശക്തമായ  സാഹചര്യത്തില്‍ മഴവെള്ളം സംഭരിച്ച് വരള്‍ച്ചയെ  നേരിടാം. അതിനായി ജല സ്രോതസ്സുകള്‍ കണ്ടെത്തി സംരക്ഷിക്കണം. ലഭിക്കുന്ന മഴ മുഴുവന്‍ മണ്ണിന് മുകളിലൂടെ ഒഴുകി പുഴകളിലൂടെ വളരെ വേഗത്തില്‍ കടലില്‍ എത്തുകയാണ് ചെയ്യുന്നത്. ഇങ്ങനെ ഒഴുകുന്ന ജലത്തെ മണ്ണിനടിയില്‍ കൂടി ഒഴുക്കണം. ഇതിനായി പെയ്തു കിട്ടുന്ന പരമാവധി വെള്ളത്തെ മണ്ണിലേക്ക് മഴക്കുഴികള്‍ പോലെയുള്ള നിര്‍മിതികള്‍ നിര്‍മിച്ചു മണ്ണിലേക്ക് താഴ്ത്താന്‍ കഴിയുന്ന പ്രവൃത്തികള്‍ ആവിഷ്‌കരിക്കണം. മഴക്കുഴി നിര്‍മിച്ചും, കിണര്‍ റീചാര്‍ജ് ചെയ്തും, മരങ്ങള്‍ വെച്ചു പിടിപ്പിച്ചും നമുക്ക് മഴവെള്ളം സംഭരിക്കാം.

 

 

മഴക്കുഴി എങ്ങനെ നിര്‍മിക്കാം
മഴവെള്ളം ഭൂമിയില്‍ പതിച്ച് ചാലായി ഒഴുകാന്‍ തുടങ്ങുന്ന സ്ഥലങ്ങളിലാണ് ചെറുകുഴികള്‍ നിര്‍മിക്കേണ്ടത്. 50 മുതല്‍ 75 സെന്റിമീറ്റര്‍ താഴ്ചയുള്ള കുഴികളാണ് അഭികാമ്യം. ചതുരാ കൃതിയിലും വീതി കുറഞ്ഞ നീളത്തിലുള്ള ചാലുകളായും മഴക്കുഴി നിര്‍മിക്കാം. നിര്‍മിക്കുമ്പോള്‍ 15 ഡിഗ്രിയില്‍ കൂടുതല്‍ ചരിവുള്ള ഭൂമിയിലും മണ്ണിന്റെ കനം വളരെ കുറഞ്ഞ പ്രദേശങ്ങളിലും മഴക്കുഴി നിര്‍മിക്കാതിരിക്കാന്‍ ശ്രദ്ധിക്കുക. അവിടം തട്ടുകളായി തിരിക്കുകയും മരങ്ങള്‍ വെച്ചുപിടിപ്പിക്കുകയും ചെയ്യാം.
മരങ്ങള്‍ വച്ചു പിടിപ്പിക്കാം
  മഴവെള്ളം പൂര്‍ണമായും മണ്ണിലേക്ക് താഴ്ത്തിയാലും ജലം മണ്ണിനിടയിലൂടെ ഒഴുകും. ഈ ഒഴുക്ക് ഒരു പരിധി വരെ മരങ്ങള്‍ക്ക് തടയാനാവും .അതിനായി മരങ്ങള്‍ വെച്ച് പിടിപ്പിക്കുക.
കിണര്‍ റീചാര്‍ജ് ചെയ്യാം
 
പുരപ്പുറത്ത് പെയ്തു വീഴുന്ന ജലം ഒരു പൈപ്പിലൂടെ ഒഴുക്കിക്കൊണ്ടുവന്ന് കിണറിനടുത്ത് ഒരു കുഴി നിര്‍മിച്ച് അതിലേയ്ക്ക് ശേഖരിച്ച് മണ്ണില്‍ താഴ്ത്തുകയോ  ഒരു അരിപ്പയിലൂടെ കടത്തിവിട്ട് നേരിട്ട് കിണറിലേയ്ക്ക് റീ ചാര്‍ജ് ചെയ്യാം. പൈപ്പുകള്‍ക്ക് പകരം ഭൂമിയില്‍ ചാലുകള്‍ നിര്‍മ്മിച്ച് അതിലൂടെ ജലം കുഴികളിലെത്തിച്ചും റീ ചാര്‍ജ് ചെയ്യാം. മഴക്കാലത്തെ വരവേല്‍ക്കാന്‍ ഇപ്പോള്‍ തന്നെ പ്രയത്‌നിക്കാം.

 

date