Skip to main content

ഇലക്ട്രിക് ലൈനില്‍ തട്ടുന്ന വിളകള്‍ മുന്നറിയിപ്പില്ലാതെ വെട്ടിമാറ്റുന്നു - പരാതിയില്‍ ന്യൂനപക്ഷ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

വൈദ്യൂതി പ്രസരണം ഒഴിവാക്കുന്നതിന് ഇലക്ട്രിക്ക്  ലൈനില്‍ തട്ടി നില്‍ക്കുന്നുവെന്ന കാരണത്താല്‍   കാര്‍ഷിക വിളകള്‍ മുന്നറിയിപ്പില്ലാതെ വെട്ടിമാറ്റുന്നു എന്ന പരാതിയില്‍ ന്യൂനപക്ഷ കമ്മീഷന്‍ ചെയര്‍മാന്‍ പി.കെ ഹനീഫ കെഎസ്ഇബി ഉദ്യോഗസ്ഥരോട് റിപ്പോര്‍ട്ട് തേടി. വിഷയത്തില്‍ അടിയന്തരമായി അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മഞ്ചേരി ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറോട് കമ്മീഷന്‍ ആവശ്യപ്പെട്ടു. അരീക്കോട് കീഴുപറമ്പ് ഇലക്ട്രിക് സെക്ഷനിലാണ് വാഴ, തെങ്ങ്, കവുങ്ങ്  തുടങ്ങിയ കാര്‍ഷിക വിളകള്‍ ഉടമസ്ഥരുടെ അനുമതിയില്ലാതെ വെട്ടിമാറ്റുന്നുവെന്ന പരാതിയുള്ളത്. താഴ്ന്നുകിടക്കുന്ന മുഴുവന്‍ ലൈനുകള്‍ ഉയര്‍ത്താനുള്ള നടപടികള്‍ സ്വീകരിക്കാനും കമ്മീഷന്‍ നിര്‍ദേശിച്ചു.
     ഹൈടെന്‍ഷന്‍ ലൈനുകള്‍ക്ക് ഏഴു മീറ്റര്‍ ഉയരവും ലോവര്‍ടെന്‍ഷന്‍ ലൈനുകള്‍ക്ക് അഞ്ചുമീറ്റര്‍ ഉയരവും വേണമെന്നാണ് നിര്‍ദേശം. എന്നാല്‍ നിലവില്‍ ഇലക്ട്രിക് ലൈനുകള്‍  ഒന്നും ഉയരത്തിലല്ല കടന്നു പോകുന്നതെന്നും പലയിടത്തും താഴ്ന്നു കിടക്കുകയാണെന്നും പരാതിയുണ്ട്. അത്തരം ലൈനുകളില്‍ തട്ടുന്ന കൃഷികളാണ് ഉദ്യോഗസ്ഥര്‍ വെട്ടിമാറ്റുന്നതെന്ന് പരാതിയില്‍  പറയുന്നു.
കെ.എസ്.ഇ.ബി ലിമിറ്റഡിനു കീഴില്‍ വരുന്ന 11 കെ.വി  എച്ച്.റ്റി ലൈനിലും  എല്‍.റ്റി ലൈനിലുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന മരച്ചില്ലകളും വെട്ടിമാറ്റുന്ന പ്രവൃത്തികള്‍ കാലങ്ങളായി നടന്നു വരുന്നുണ്ട്. നിയമപരമായ സുരക്ഷിത അകലം പാലിക്കേണ്ട  മരക്കൊമ്പുകള്‍ മാത്രമേ കെ.എസ്.ഇ.ബി ജീവനക്കാര്‍ വെട്ടിമാറ്റാറൂള്ളു എന്ന്  കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ സിറ്റിങില്‍ കമ്മീഷനെ അറിയിച്ചു. മരങ്ങള്‍ വെട്ടിമാറ്റുമ്പോള്‍ അവ പത്രമാധ്യമങ്ങള്‍, കെ.എസ്.ഇ.ബി ലിമിറ്റഡിന്റെ  മെസേജിങ് എന്നിവ വഴി ഉപഭോക്താക്കളെ മുന്‍കൂട്ടി അറിയിക്കാറുണ്ട്. പരാതിയില്‍ പരാമര്‍ശിച്ച 11 കെ.വി ലൈന്‍ സ്വകാര്യവ്യക്തിയുടെ  സ്ഥലത്തുകൂടിയാണ് കടന്നു പോകുന്നത്. ഈ ലൈനില്‍ പോസ്റ്റുകള്‍ തമ്മിലുള്ള അകലം കൂടുതലാണെങ്കിലും സി.ഇ.എ ആക്ട് പ്രകാരം മിനിമം ഉയരം 4.6 മീറ്റര്‍ പാലിക്കപ്പെടുന്നുണ്ടെന്ന് കെ.എസ്.ഇ.ബി അറിയിച്ചു.
താഴ്ന്നുകിടക്കുന്ന  ലൈനുകള്‍ പുതിയ പോസ്റ്റുകള്‍ ഉപയോഗിച്ച്  ഉയര്‍ത്തി വരുന്നതായും പരിശോധനയില്‍ താഴ്ന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടാല്‍ അവ  ഉയര്‍ത്താനുള്ള നടപടികള്‍  സ്വീകരിക്കുമെന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥര്‍ കമ്മീഷന് ഉറപ്പുനല്‍കി.
ജില്ലാപഞ്ചായത്ത് ഹാളില്‍ നടന്ന സിറ്റിങില്‍ വിവിധ വിഷയങ്ങളിലായി 18 കേസുകള്‍ തീര്‍പ്പാക്കി ഉത്തരവിനായി നല്‍കി. ആകെ പരിഗണിച്ച 32 കേസുകളില്‍ 14 എണ്ണം വിശദമായ പരിശോധനയ്ക്കായി അടുത്ത സിറ്റിങിലേക്ക് മാറ്റി. ഇന്നലെ(ഏപ്രില്‍ 30) പുതിയ നാല് പരാതികളാണ് കമ്മീഷനു മുമ്പാകെ ലഭിച്ചത്.

 

date