Skip to main content

സുരക്ഷാ നടപടികള്‍ നൂറുശതമാനം പാലിക്കുമ്പോള്‍ അപകടങ്ങള്‍ ഒഴിവാക്കാം

 

വൈദ്യുതിയുമായി ബന്ധപ്പെട്ട് സുരക്ഷാ നടപടികള്‍ നൂറുശതമാനം പാലിക്കുമ്പോള്‍  അപകടങ്ങള്‍ ഒഴിവാക്കാമെന്ന്  എഡിഎം ടി. വിജയന്‍  പറഞ്ഞു.  ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് വകുപ്പിന്റെ നേതൃത്വത്തില്‍  മെയ് ഒന്നു മുതല്‍ ഏഴ് വരെ നടക്കുന്ന സുരക്ഷാ വാരത്തിന്റെ ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദേഹം.  അശ്രദ്ധ, അമിത ആത്മവിശ്വാസം എന്നിവയാണ് വൈദ്യുതി അപകടങ്ങള്‍ ഉണ്ടാകാനുള്ള മുഖ്യ കാരണം. അപകടങ്ങള്‍ ഇല്ലാതാക്കാന്‍ വൈദ്യുത ജീവനക്കാര്‍ക്കും പൊതുജനങ്ങള്‍ക്കുമിടയില്‍ തുടര്‍ച്ചയായി ബോധവത്കരണം  നടത്തണമെന്നും അദ്ദേഹം പറഞ്ഞു.

വൈദ്യുത സുരക്ഷാ നടപടികള്‍ പാലിക്കുക, വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ബോര്‍ഡ് ലിമിറ്റഡ്, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, അനെര്‍ട്ട്, ഫാകറ്ടീസ് ആന്റ് ബോയിലേഴ്‌സ് വകുപ്പ്, ഫയര്‍ ആന്റ് റെസ്‌ക്യൂ  സര്‍വ്വീസസ് വകുപ്പ് എന്നീ സ്ഥാപനങ്ങളുടെ സഹകരണ ത്തോടെയാണ് വൈദ്യുത സുരക്ഷാ വാരം സംഘടിപ്പിക്കുന്നത്.
കെ.എസ്.ഇ.ബി ലിമിറ്റഡ് ഡെപ്യൂട്ടി ചീഫ് എഞ്ചിനീയറായ ടി. യു ശോഭന വൈദ്യുതി അപകട സുരക്ഷയെക്കുറിച്ച് മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങില്‍ ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ ഷോബി ജോര്‍ജ്, ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ കെ.കെ റഫിയുദ്ദീന്‍ , ഫാക്ടറി ഓഫീസര്‍ ജെ. സലിം രാജ്, അനെര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ ജെ. മനോഹരന്‍, തിരൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ഡോ. ഇ. മുഹമ്മദ് ശരീഫ്, നിലമ്പൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ ശ്യാം പ്രസാദ്, ഡെപ്യൂട്ടി ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടര്‍ പി.കെ പ്രദീപ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

വൈദ്യുതി അപകടങ്ങള്‍ ഒഴിവാക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

വൈദ്യുത വയറിംഗിലോ ഉപകരണങ്ങളിലോ അറ്റകുറ്റപണികള്‍ ചെയ്യുന്നതിന് മുമ്പ് വൈദ്യുതി ബന്ധം വിച്ഛേദിക്കുക.

വൈദ്യുത ഉപകരണങ്ങളുടെ ഉപയോഗത്തിന് ശേഷം അവയുടെ വൈദ്യുത ബന്ധം പൂര്‍ണമായും വിച്ഛേദിക്കുകയും സോക്കറ്റില്‍ നിന്നും പ്ലഗ് ഊരി മാറ്റുകയും  ചെയ്യുക.

വൈദ്യുത ഉപകരണങ്ങളുടെയും സുരക്ഷാ ഉപകരണങ്ങളുടെയും ഗുണമേ• ഉറപ്പ് വരുത്തുക.

വില കുറഞ്ഞതും താഴ്ന്ന നിലവാരമുള്ളതുമായ വൈദ്യുത ഉപകരണങ്ങള്‍ ഉപയോഗിക്കാതിരിക്കുക.

വൈദ്യുത ലൈനുകള്‍ക്ക് താഴെ കെട്ടിടങ്ങള്‍ , ഷെഡ്ഡുകള്‍ മുതലായവ പണിയുന്നതിന് ഇലക്ട്രിക്കല്‍ ഇന്‍സ്‌പെപെക്ടറുടെ മുന്‍കൂട്ടിയുള്ള അനുമതി വാങ്ങിക്കുക.

ഇലക്ട്രിക് ഉപകരണത്തിലോ സമീപത്തോ തീ പിടിത്തുമുണ്ടായാല്‍ സ്വിച്ച് ഓഫാക്കുവാന്‍ ശ്രദ്ധിക്കുക

വൈദ്യുത ലൈനുകള്‍ക്ക് സമീപം ലോഹ കുഴലുകളോ ഇരുമ്പ് തോട്ടികളോ ഉപയോഗിക്കരുത്.

വൃക്ഷങ്ങളുടെ ശാഖകള്‍ തൊട്ടടുത്തു കൂടി കടന്നു പോകുന്ന വൈദ്യുതി കമ്പികളുമായി ബന്ധപ്പെടാതിരിക്കുവാന്‍ വേണ്ട മുന്‍കരുതല്‍ നടപടികള്‍ എടുക്കുക.

എര്‍ത്തിങ് സംവിധാനം ശരിയായ രീതിയില്‍ പാരിപാലിക്കുക.

 

date