ലൈഫ് മിഷന് :6 ന് അടിമാലിയില്‍ അവലോകന യോഗം ചേരും
ലൈഫ് മിഷന്റെ ഇതുവരയുള്ള പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി അടിമാലിയില്‍ 6ന് പ്രത്യേക യോഗം ചേരും. ഉച്ചകഴിഞ്ഞ് 2:30ന് അടിമാലി ഗ്രാമപഞ്ചായത്ത് ഒഡിറ്റോറിയത്തില്‍ ലൈഫ് മിഷന് സിഇഒ യു വി ജോസിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന യോഗത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും പങ്കെടുക്കും. ഭവനരഹിതര്‍ക്കായി സംസ്ഥാനതലത്തിലെ ആദ്യ ഫ്ളാറ്റ് സമുച്ചയം ഒരുക്കിയത് അടിമാലി ഗ്രാമപഞ്ചായത്തായിരുന്നു. ഫ്ളാറ്റ് സമുച്ചയത്തിന്റെ ഗുണഭോക്താക്കളായവരുടെ പ്രശ്നങ്ങള്‍, ജീവിത സാഹചര്യങ്ങള്‍ എന്നിവ യോഗത്തില്‍ ചര്‍ച്ച ചെയ്യും. തുടര്‍ന്ന് മച്ചിപ്ലാവിലെ ഫ്ളാറ്റ് സമുച്ചയം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധിക്കും. നിലവിലെ ഗുണഭോക്താക്കളില്‍ നിന്നും അവരവരുടെ ഇപ്പോഴത്തെ ജീവിത സാഹചര്യങ്ങള്‍ ചോദിച്ചറിയും. ഒരു കുടക്കീഴില് ഒന്നിച്ചൊരു പുനരധിവാസം എന്ന സങ്കല്‍പ്പത്തില്‍ നിന്നാണ് അടിമാലിയിലെ മച്ചിപ്ലാവില്‍ ഭവനരഹിതര്‍ക്കായി ഫ്ളാറ്റ് സമുച്ചയം ഒരുങ്ങിയത്. ലൈഫ് മിഷന് പദ്ധതിയില്‍ ആദ്യഘട്ടത്തില്‍ മാതൃകാപരമായി പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്താണ് അടിമാലി. തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോടിയായാണ് തിങ്കളാഴ്ച പ്രത്യേക അവലോകനയോഗം ചേരുന്നത്.
നിലവില്‍ 150 കുടുംബങ്ങളാണ് ഫ്ളാറ്റുകളില്‍ താമസം ആരംഭിച്ചിട്ടുള്ളത്. ആദിവാസികുടികളില്‍ നിന്നടക്കമുള്ള ഭവനരഹിതര്‍ പദ്ധതിയുടെ ഗുണഭോക്താക്കളായി. 217 കുടുംബങ്ങള്‍ക്ക് താമസിക്കാവുന്ന രീതിയിലാണ് ഫ്ളാറ്റ് സമുച്ചയം നിര്‍മ്മിച്ചിട്ടുള്ളത്. പദ്ധതിക്കായി ഗ്രാമപഞ്ചായത്ത് 24.5 കോടി രൂപയാണ് മുതല്‍ മുടക്കിയത്. രണ്ടു മുറികള്‍, അടുക്കള, ഹാള്‍, ശൗചാലയം എന്നിവയടങ്ങുന്നതാണ് ഫ്ളാറ്റ് സമുച്ചയം. ആശുപത്രി, അംഗന്‍വാടി, വായനശാല എന്നിവയും ഗുണഭോക്താകള്‍ക്കായി ഇവിടെ ഒരുക്കിയിട്ടുണ്ട്.
- Log in to post comments