മഴക്കാല ശുചിത്വ യജ്ഞം: സ്ഥിതിഗതികള്‍ വിലയിരുത്തി
മഴക്കാല രോഗങ്ങളും പകര്‍ച്ചവ്യാധികളും തടയുന്നതിനുള്ള കര്‍മ്മ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവലോകനം ചെയ്യുന്നതിന് ചീഫ് സെക്രട്ടറി ടോം ജോസിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നു. വീഡിയോ കോണ്‍ഫറന്‍സ് മുഖേന ജില്ലാ കളക്ടര്‍മാരുമായി ജില്ലകളിലെ പുരോഗതികള്‍ അദ്ദേഹം വിലയിരുത്തി. മഴക്കാല ശുചീകരണത്തിനും പ്രതിരോധ പ്രവര്‍ത്തനത്തിനുമായുള്ള ശുചിത്വ യജ്ഞം പദ്ധതിയുടെ പ്രവര്‍ത്തനങ്ങളും ആരോഗ്യ ജാഗ്രത തുടര്‍ പ്രവര്‍ത്തനങ്ങള്‍ ജില്ലാതലത്തില്‍ കളകടര്‍ എച്ച് ദിനേശനോടൊപ്പം വിശകലനം ചെയ്തു.
ആരോഗ്യ വകുപ്പും ശുചിത്വ മിഷനും തദ്ദേശഭരണ സ്ഥാപനങ്ങളും സംയുക്തമായി എല്ലാ വര്‍ഷങ്ങളിലെ പോലെ ഇത്തവണയും മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും അതോടൊപ്പം കുളം, തോട്, നദി, പെരിയാര്‍ എന്നിവ വൃത്തിയാക്കാനും അവയുടെ ഒഴുക്ക് സുഗമമാക്കാനുമായി ശുചിത്വ യജ്ഞം പദ്ധതി മെയ് 11, 12 തീയതികളിലായി ജില്ലയില്‍ നടത്തുന്നതിന വേണ്ടുന്ന നടപടികള്‍ ക്രമീകരിച്ചിട്ടുണ്ടെന്നും ജില്ലാ കളക്ടര്‍ ചീഫ് സെക്രട്ടറിയെ അറിയിച്ചു. മാലിന്യ സംസ്കരണത്തിനായി തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനവാസമില്ലാത്ത പ്രദേശങ്ങള്‍ കണ്ടെത്തുന്നതിന്റെ ഭാഗമായി ജില്ലയില്‍ 29 പഞ്ചായത്തുകളിലും രണ്ട് മുന്‍സിപ്പാലിറ്റികളിലും അതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. മാലിന്യങ്ങള്‍ അധികമുള്ള കുമളി, മൂന്നാര്‍ പ്രദേശങ്ങളില്‍ മാലിന്യം നിക്ഷേപിക്കാന്‍ പുതിയ സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്കായി മെയ് 7ന് പഞ്ചായത്തുകളില്‍ വാര്‍ഡുതല യോഗങ്ങള്‍ വിളിച്ചുകൂട്ടുകയും ആക്ഷന്‍ പ്ലാന്‍ തയ്യാറാക്കാനും നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ജില്ലയില്‍ നിന്ന് യോഗത്തില്‍ എ.ഡി.എം അനില്‍ ഉമ്മന്‍, ജില്ലാ ശുചിത്വമിഷന് കോ-ഓര്‍ഡിനേറ്റര്‍ സാജു സെബാസ്റ്റ്യന്‍, വിവിധ വകുപ്പ് നിര്വ്വഹണദ്യോഗസ്ഥര് തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments