കാത്തിരിപ്പിന് വിരാമം ജില്ലയില്‍ വോട്ട് ചെയ്ത 25.17 ലക്ഷം വോട്ടര്‍മാരുടെ ജനവിധി ഇന്നറിയാം വോട്ടെണ്ണല്‍ രാവിലെ എട്ടിന് ആദ്യ ഫലസൂചന രാവിലെ എട്ടരയോടെ
ജില്ലയിലെ മലപ്പുറം, പൊന്നാനി, വയനാട് ലോക്‌സഭാ മണ്ഡലങ്ങളിലേക്ക് വോട്ട് രേഖപ്പെടുത്തിയ 25,17,892 വോട്ടര്‍മാരുടെ ജനവിധി ഇന്നറിയും. ജില്ലയിലെ നാല് കേന്ദ്രങ്ങളില്‍ പ്രത്യേകം സജ്ജമാക്കിയ ഹാളുകളില്‍ രാവിലെ എട്ടിന് കൂടി വോട്ടെണ്ണല്‍ ആരംഭിക്കും. ആദ്യ ഫലസൂചന എട്ടരയോടെ ലഭിക്കും. മലപ്പുറം മണ്ഡലത്തില്‍ 10,33,302 വോട്ടര്‍മാരും പൊന്നാനിയില്‍ 1,016,815 വോട്ടര്‍മാരുമാണുള്ളത്. കൂടാതെ വയനാട് ലോക്‌സഭാമണഡലത്തില്‍പ്പെട്ട മൂന്ന് നിയമസഭ മണ്ഡലങ്ങളും ജില്ലയിലാണ്. ഇവിടെ 467775 വോട്ടര്‍മാരാണുള്ളത്.
മലപ്പുറം മണ്ഡലത്തിന്റെ വോട്ടുകള്‍ മലപ്പുറം ഗവണ്‍മെന്റ് കോളജിലും പൊന്നാനി മണ്ഡലത്തിന്റെ വോട്ടുകള്‍ സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലുമാണ് എണ്ണുക. തിരൂരങ്ങാടി, തവനൂര്‍, പൊന്നാനി, തൃത്താല മണ്ഡലങ്ങലുടെ വോട്ടുകള്‍ എം.എസ്.പി ഹയര്‍സെക്കന്‍ഡറി സ്‌കൂളിലും താനൂര്‍, തിരൂര്‍, കോട്ടക്കല്‍ മണ്ഡലങ്ങളിലെ വോട്ടുകള്‍ സെന്റ് ജെമ്മാസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലുമാണ് എണ്ണുന്നത്. വയനാട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട നിലമ്പൂര്‍, വണ്ടൂര്‍, ഏറനാട് മണ്ഡലങ്ങളുടെ വോട്ടെണ്ണല്‍ നിലമ്പൂര്‍ ഗവണ്‍മെന്റ് മാനവേദന്‍ ജി.എച്ച്.എസ്.സ്‌കൂളിലുമാണ് നടക്കുക.
രാവിലെ ഏഴരയ്ക്ക് സ്ട്രോങ് റൂമില്‍നിന്ന് അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍, തെരഞ്ഞെടുപ്പ് നിരീക്ഷകന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവരുടെ സാന്നിധ്യത്തില്‍ വോട്ടിങ് യന്ത്രങ്ങള്‍ അതത് വോട്ടെണ്ണല്‍ ഹാളിലേക്കു മാറ്റും. തുടര്‍ന്നാണ് വോട്ടെണ്ണല്‍. തപാല്‍ വോട്ടുകളാണ് ആദ്യം എണ്ണുക. ഒപ്പം സര്‍വീസ് വോട്ടുകളുടെ സ്‌കാനിങും ആരംഭിക്കും. രണ്ടു മണ്ഡലത്തിന്റെയും പോസ്റ്റല്‍ വോട്ടുകള്‍ മലപ്പുറം ഗവണ്‍മെന്റ് കോളജിലെ ലൈബ്രറി ഹാളിലാണ് എണ്ണുന്നത്. പോസ്റ്റല്‍ ബാലറ്റുകളും സര്‍വീസ് വോട്ടുകളും എണ്ണുന്നതിനായി രണ്ടു മണ്ഡലങ്ങള്‍ക്കായി അഞ്ച് ടേബിളുകളാണ് ഒരുക്കിയിട്ടുള്ളത്. തുടര്‍ന്ന് ഇ.വി.എം വോട്ടുകള്‍ എണ്ണി തുടങ്ങും. ഓരോ അസംബ്ലി നിയോജക മണ്ഡലത്തിനും ഓരോ റൂം എന്ന നിലയിലാണ് വോട്ടെണ്ണല്‍ ക്രമീകരിച്ചിരിക്കുന്നത്. ഓരോ റൂമിലും 10 മുതല്‍ 14 വരെയാണ് ടേബിളുകളാണ് വോട്ടെണ്ണലിനായി ക്രമീകരിച്ചിട്ടുള്ളത്.
ജില്ലയിലെ ആകെ 1061 സര്‍വ്വീസ് വോട്ടുകളില്‍ 643 എണ്ണമാണ് ഇന്നലെ വരെ വരണാധികാരിക്ക് ലഭിച്ചത്. ഇതില്‍ 400 വോട്ടുകള്‍ മലപ്പുറം മണ്ഡലത്തിലും 243 എണ്ണം പൊന്നാനി മണ്ഡലത്തിലേതുമാണ്. മലപ്പുറം പൊന്നാനി മണ്ഡലങ്ങളില്‍ നിന്നായി ലഭിക്കേണ്ട സര്‍ക്കാര്‍ ജീവനക്കാരുടെ 2834 പോസ്റ്റല്‍ വോട്ടുകളില്‍ 2023 എണ്ണമാണ് ലഭിച്ചത്. മലപ്പുറം മണ്ഡലത്തിലെ ആകെ 1856 പോസ്റ്റല്‍ വോട്ടുകളില്‍ 1290 വോട്ടുകളും പൊന്നാനി മണ്ഡലത്തിലെ 978 പോസ്റ്റല്‍ വോട്ടുകളില്‍ 733 എണ്ണവുമാണ് ഇതുവരെയായി ലഭിച്ചത്. അവസാന ഘട്ട വോട്ടെണ്ണല്‍ ഒരുക്കങ്ങളുമായി വിലയിരുത്തുന്നതിനായി ജില്ലാകലക്ടര്‍ അമിത് മീണ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. വോട്ടെണ്ണലിന്റെ സുഗമമായ നടത്തിപ്പിന് രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുടെ സഹകരണം കലക്ടര്‍ അഭ്യര്‍ത്ഥിച്ചു.
85 വി.പി പാറ്റുകള്‍ എണ്ണും
വോട്ടിങ് മെഷീനുകളിലെ വോട്ടെണ്ണല്‍ പൂര്‍ത്തിയാക്കിയശേഷം വിവിപാറ്റുകളിലെ പേപ്പര്‍സ്ലിപ്പുകള്‍ എണ്ണാന്‍ തുടങ്ങും. മലപ്പുറം, പൊന്നാനി, വയനാട് ലോക്‌സഭാ മണ്ഡലങ്ങളില്‍ ഉള്‍പ്പടെ 85 വി.വി പാറ്റുകള്‍ നാലു കേന്ദ്രങ്ങളിലായി എണ്ണും. ഓരോ നിയമസഭ മണ്ഡലത്തിലെയും അഞ്ചു വീതം വിവിപാറ്റ് യന്ത്രങ്ങളിലെ വോട്ടുകളാണ് എണ്ണുക. കൗണ്ടിങ് ഹാളിനകത്ത് തന്നെയുള്ള മേശകളിലൊന്നാണ് വി.വി പാറ്റ് കൗണ്ടിങ് ബൂത്തായി ക്രമീകരിച്ചിട്ടുള്ളത്.
വി.വിപാറ്റ് സ്ലിപ്പുകള്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും സ്ഥാനാര്‍ഥികളുടെ ഏജന്റുമാരുടെയും സാന്നിധ്യത്തില്‍ പുറത്തെടുത്ത് വേര്‍തിരിച്ച ശേഷമായിരിക്കും എണ്ണുക. ഓരോ സ്ഥാനാര്‍ഥിക്കും ലഭിച്ച വോട്ടുകള്‍ വേര്‍തിരിച്ച ശേഷം 25 എണ്ണം വീതമുള്ള കെട്ടുകളാക്കി മാറ്റും. ഇതിന് ശേഷമാണ് എണ്ണല്‍ തുടങ്ങുക. എണ്ണി കഴിഞ്ഞാല്‍ ഇവ തിരിച്ച് വിവിപാറ്റ് പെട്ടിയില്‍ തന്നെ ഇട്ട് സീല്‍ ചെയ്യും.
വോട്ടെണ്ണലിന് വോട്ടിംഗ് യന്ത്രത്തിന്റെ കണ്‍ട്രോള്‍ യൂണിറ്റ് മാത്രം മതി. ഓരോ ടേബിളിലും കൗണ്ടിംഗ് സൂപ്പര്‍വൈസര്‍ക്കു പുറമേ ഓരോ കൗണ്ടിംഗ് അസിസ്റ്റന്റുമാരും മേശകള്‍ കേന്ദ്രീകരിച്ച് സൂക്ഷ്മ നിരീക്ഷകരുമുണ്ടാകും. സുവിധ പോര്‍ട്ടല്‍ വഴിയാണ് ഡേറ്റ എന്‍ട്രി നടത്തുക. ലോക്‌സഭാ മണ്ഡലം സഹവരണാധികാരിക്കും നിയോജക മണ്ഡലം വരണാധികാരിക്കും മാത്രമാണ് സുവിധ ആപ്പില്‍ ഡേറ്റ അപ്‌ഡേറ്റ് ചെയ്യാന്‍ അനുവാദമുള്ളത്. നിയോജക മണ്ഡലം തിരിച്ചുള്ള ഓരോ റൗണ്ടിലെയും ഡേറ്റയാണ് അപ്‌ഡേറ്റ് ചെയ്യുക. ഓരോ റൗണ്ടും പൂര്‍ത്തിയാകുമ്പോള്‍ ഫലം പ്രിന്റ് ഔട്ട് എടുക്കും. സുവിധയില്‍ ഡേറ്റ എന്‍ട്രി നടത്തിയ ശേഷം ഫലം പ്രഖ്യാപിക്കും.
ഫലമറിയാന്‍ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ മൊബൈല്‍ ആപ്പ്
ഇലക്ഷന്‍ കമ്മീഷന്റെ വോട്ടര്‍ ഹെല്‍പ്പ്‌ലൈന്‍ മൊബൈല്‍ ആപ്പ് വഴി തത്സമയം ഫലമറിയാം. നാളെ രാവിലെ എട്ടു മുതല്‍ വോട്ടെണ്ണല്‍ വിവരങ്ങള്‍ ലഭ്യമായിത്തുടങ്ങും. സംസ്ഥാനങ്ങളെ വേര്‍തിരിച്ചും സ്ഥാനാര്‍ത്ഥിയെക്കുറിച്ചും പ്രത്യേകമായി അറിയാന്‍ ആപ്ലിക്കേഷനില്‍ സൗകര്യമുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വോട്ടര്‍ ഹെല്‍പ്പ് ലൈന്‍ ആപ്ലിക്കേഷന്‍ സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം. കൂടാതെ ൃലൗെഹെേ.ലരശ.ഴീ്.ശി എന്ന വെബ് സൈറ്റിലും ഡിസ്‌പ്ലേ ബോര്‍ഡിലും ഒരേ സമയം ഫലങ്ങള്‍ ദൃശ്യമാകും. പോസ്റ്റല്‍ വോട്ടുകളുടെ ഡേറ്റ എന്‍ട്രി വരണാധികാരിയാണ് ചെയ്യേണ്ടത്. വരണാധികാരിയാണ് ഫലം പ്രഖ്യാപിക്കുക. വോട്ടെണ്ണല്‍ കഴിഞ്ഞതിനു ശേഷം സീല്‍ ചെയ്ത മെഷീനുകള്‍ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടെ സാന്നിധ്യത്തില്‍ മൂന്ന് വെയര്‍ ഹൗസുകളിലേക്ക് മാറ്റും.
പഴുതടച്ച ക്രമീകരണങ്ങളുമായി വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍
ലോകസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് നിരീക്ഷകരുടെ യോഗത്തില്‍ ഒരുക്കങ്ങള്‍ വിലയിരുത്തി. വോട്ടെണ്ണല്‍ കേന്ദ്രത്തിലെ സുരക്ഷാ ക്രമീകരണങ്ങള്‍ സംബന്ധിച്ച് ജില്ലാ പോലീസ് മേധാവി പ്രതീഷ് കുമാറുമായി തെരഞ്ഞെടുപ്പ് നിരീക്ഷകര്‍ ആശയവിനിമയം നടത്തി. ജില്ലയില്‍ പൊതുവായ സുരക്ഷയ്ക്കായി 800 ഓളം സംസ്ഥാന പോലീസ് ഉദ്യോഗസ്ഥരേയും വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സുരക്ഷയ്ക്കായി മൂന്ന് കമ്പനി ബി.എസ്.എഫ് ഉദ്യോഗസ്ഥരെയുമാണ് സജ്ജീകരിച്ചിട്ടുള്ളത്. കൗണ്ടിങ് സെന്റര്‍ പ്രവേശനകവാടത്തില്‍ നിയമന ഉത്തരവ് വെച്ച് പൊലീസ് പരിശോധന നടത്തും. കൂടാതെ കൗണ്ടിങ് സെന്ററിന് മുന്നില്‍ സി.ആര്‍.പി.എഫ് പരിശോധനയും കൗണ്ടിങ് ഹാളില്‍ പ്രവേശിക്കുന്നതിനു മുന്‍പായി വീണ്ടും പരിശോധന നടത്തും.
വോട്ടെണ്ണല്‍ കേന്ദ്രത്തിലെ മുഴുവന്‍ പ്രവര്‍ത്തനങ്ങളും വീഡിയോ റെക്കോര്‍ഡ് ചെയ്യണമെന്ന് പൊലീസ് മേധാവിക്ക് മുഖ്യ തിരഞ്ഞെടുപ്പ് നിരീക്ഷകര്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകരായി പദ്മ ജയ്‌സവാള്‍ ഐ.എ.സ്, ചന്ദ്രകാന്ത് ഐക് ഐ.എ.സ്, രാം യാഗ്യ മിശ്ര, നിലയ് സത്ഭയ, വിവേക് മഹാജന്‍, കിഷോര്‍ കുമാര്‍ കന്യാല്‍, സുനില്‍ വര്‍മ്മ തുടങ്ങിയവര്‍ നിരീക്ഷണത്തിനായി എത്തിയിട്ടുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ ശ്രദ്ധിക്കേണ്ടത്
• വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍, സ്ഥാനാര്‍ത്ഥികള്‍, ചീഫ് കൗണ്ടിങ് ഏജന്റ്, തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കു മാത്രമേ പ്രവേശനമുള്ളൂ. വോട്ടെണ്ണലിന് പ്രത്യേകമായി ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയിട്ടുള്ള ഐ.ഡി കാര്‍ഡുള്ളവരെ മാത്രമേ അകത്തേക്ക് കടത്തിവിടുകയുള്ളൂ.
• ആഹ്ലാദ പ്രകടനങ്ങളും ആളുകള്‍ കൂട്ടം കൂടിനില്‍ക്കുന്നതും കൗണ്ടിങ് കേന്ദ്രത്തിന്റെ ഗെയ്റ്റിന് പുറത്തു നിശ്ചിത അകലത്തില്‍ മാത്രമായിരിക്കണം.
• ഒരോ മണ്ഡലത്തിലെ ഹാളിലു നിയോഗിച്ചിട്ടുള്ള ടെക്നിക്കല്‍ സ്റ്റാഫിന് മാത്രമേ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാന്‍ അനുവാദമുള്ളൂ. അസിസ്റ്റന്റ് റിട്ടേണിങ് ഓഫീസര്‍മാര്‍ക്ക് പ്രത്യേക ലാന്‍ഫോണ്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.
• തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച ഔദ്യോഗിക വാഹനപാസ്സുള്ള വാഹനങ്ങള്‍ക്ക് മാത്രമേ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശനമുള്ളൂ. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിര്‍ദ്ദേശാനുസരണം വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യണം.
• തെരഞ്ഞെടുപ്പു കമ്മീഷന്റെ അനുമതിപത്രം ലഭിച്ചിട്ടുള്ള മാധ്യമപ്രവര്‍ത്തകര്‍ക്കുമാത്രമാണ് മീഡിയ സെന്ററില്‍ പ്രവേശനമുള്ളത്.
• വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ പ്രവേശിച്ച് പുറത്തിറങ്ങുന്നവര്‍ തിരികെ കേന്ദ്രത്തില്‍ പ്രവേശിക്കണമെങ്കില്‍ വീണ്ടും സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാകണം.
- Log in to post comments