സ്കൂള്‍ ബസ്; സുരക്ഷിതത്വം ഉറപ്പാക്കാന്‍ ഡ്രൈവര്‍മാര്‍ ശ്രദ്ധിക്കണം
സ്കൂള്‍ വാഹനങ്ങളുടെ വേഗത, സുരക്ഷിതത്വം എന്നീ കാര്യങ്ങളില്‍ ഡ്രൈവര്‍മാര്‍ ജാഗ്രത പുലര്‍ത്തണമെന്ന് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ സി പി ബാബുരാജ് പറഞ്ഞു. ജൂണ്‍ ആറിന് സ്കൂള്‍ തുറക്കുന്നതിന് മുന്നോടിയായി സ്കൂള്‍ ബസ് ഡ്രൈവര്‍മാര്‍ക്കായി സംഘടിപ്പിച്ച ബോധവല്‍ക്കരണ ക്ലാസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളെ രക്ഷിതാക്കള്‍ സ്കൂള്‍ വാഹനത്തില്‍ അയക്കുന്നത് ഡ്രൈവര്‍മാരെ വിശ്വസിച്ചാണ്. അതിനാല്‍ അവരെ സുരക്ഷിതരായി സ്കൂളിലും തിരികെ വീട്ടിലും എത്തിക്കുന്നതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം ഡ്രൈവര്‍മാര്‍ക്കുണ്ട്. വേഗത, കുട്ടികളുടെ എണ്ണം, സുരക്ഷിതത്വം തുടങ്ങിയ കാര്യങ്ങളില്‍ എല്ലാ നിബന്ധനകളും പാലിച്ചുകൊണ്ടുവേണം വാഹനം ഓടിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ സ്കൂള്‍ ബസില്‍ കയറുമ്പോഴും ഇറങ്ങുമ്പോഴും ഡ്രൈവര്‍ പ്രത്യേകം ശ്രദ്ധിക്കണം.
കണ്ണൂര്‍, തലശ്ശേരി വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്കൂളുകളിലെ ബസ് ഡ്രൈവര്‍മാര്‍ക്കാണ് ആദ്യഘട്ടത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും നേതൃത്വത്തില്‍ ക്ലാസ് നടത്തിയത്. സ്കൂള്‍ വാഹനങ്ങളുടെ സുരക്ഷയുടെ ഭാഗമായി നടത്തിയ ക്ലാസില്‍ 80 ഓളം ഡ്രൈവര്‍മാര്‍ പങ്കെടുത്തു. ഡ്രൈവര്‍മാര്‍ പാലിക്കേണ്ട നിയമങ്ങളെയും സുരക്ഷാ സംവിധാനങ്ങളെയും കുറിച്ച് ക്ലാസില്‍ വിശദീകരിച്ചു.
തളിപ്പറമ്പ വിദ്യാഭ്യാസ ജില്ലക്ക് കീഴിലുള്ള സ്കൂള്‍ ഡ്രൈവര്‍മാര്‍ക്കുള്ള പരിശീലനം ഇന്ന്(മെയ് 31) ഉച്ചക്ക് രണ്ട് മണിക്ക് ടാഗോര്‍ വിദ്യാനികേതനില്‍ നടക്കും. വിദ്യാഭ്യാസ ഉപഡയറക്ടര്‍ ടി പി നിര്‍മ്മലാദേവി അധ്യക്ഷയായിരുന്നു.
- Log in to post comments