മികവിന്റെ തിളക്കവുമായി അയര്‍ക്കുന്നം വെജിറ്റബിള്‍ ക്ലസ്റ്റര്‍
കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് അയര്‍ക്കുന്നത്ത് തുടക്കം കുറിച്ച ഹരിതമൈത്രി വൈജിറ്റബിള് ക്ലസ്റ്ററിന് മികവിന്റെ തിളക്കം. കൃഷി വകുപ്പ് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളെല്ലാം ഉറപ്പാക്കിയതുകൊണ്ടുതന്നെ ജില്ലയിലെ ആദ്യത്തെ സൂപ്പര്‍ ക്ലസ്റ്ററെന്ന പദവി സ്വന്തമാകുമെന്ന പ്രതീക്ഷയിലാണ് ഇവിടുത്തെ കര്‍ഷകരും നാട്ടുകാരും. മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന എ ഗ്രേഡ് ക്ലസ്റ്ററുകളെയാണ് സൂപ്പര്‍ ക്ലസ്റ്റര്‍ പദിവിയിലേക്ക് ഉയര്‍ത്തുന്നത്.
കൃഷിയിടങ്ങളുടെ വ്യാപ്തിയും ഉത്പന്നങ്ങളുടെ മേډയും മികച്ച വിപണന രീതിയുമാണ് ഈ കര്‍ഷക കൂട്ടായ്മയുടെ വളര്‍ച്ചയ്ക്ക് വഴിയൊരുക്കിയത്. ഇടനിലക്കാരുടെയും കുത്തക കച്ചവടക്കാരുടെയും ചൂഷണം ഒഴിവാക്കി കര്‍ഷകര്‍ക്ക് ഉത്പന്നങ്ങള്‍ നേരിട്ട് വിപണിയിലെത്തിക്കാനുള്ള ഇടമെന്ന നിലയിലാണ് അഞ്ച് വര്‍ഷം മുമ്പ് അയര്‍ക്കുന്നം വെജിറ്റബിള്‍ ക്ലസ്റ്ററിന് തുടക്കം കുറിച്ചത്.
നിലവില്‍ ആറുമാനൂര്‍, കൊങ്ങാണ്ടൂര്‍, മറ്റക്കര, നീറിക്കാട്, അമയന്നൂര്‍, അയര്‍ക്കുന്നം മേഖലകളിലെ 300 പച്ചക്കറി കര്‍ഷകരാണ് ഈ കൂട്ടായ്മയിലുള്ളത്. കര്‍ഷകര്‍ നേരിട്ട് ഉത്പന്നങ്ങള്‍ പഞ്ചായത്ത് ഓഫീസിനു സമീപം പ്രവര്‍ത്തിക്കുന്ന ക്ലസ്റ്റര്‍ യൂണിറ്റിലെത്തിക്കുകയും വില നിശ്ചയിക്കുകയും ചെയ്യും. മേډയുള്ള കാര്‍ഷികോത്പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാറുണ്ടെന്ന് ക്ലസ്റ്റര്‍ അംഗമായ പയര്‍ കര്‍ഷകര്‍ വിജയകുമാര്‍ പറഞ്ഞു. മികച്ച പച്ചക്കറി തൈകള്‍ ഉത്പാദിപ്പിക്കുന്നതിനുള്ള നഴ്സറിയും നീറിക്കാട് പ്രദേശത്ത് മൂല്യവര്‍ധിത ഉത്പന്നങ്ങളുടെ ഒരു യൂണിറ്റും ക്ലസ്റ്ററിന്റെ ഭാഗമായുണ്ട്.
ചീര, വെണ്ട, പച്ചമുളക്, പാവല്‍, പടവലം തുടങ്ങിയ ജൈവപച്ചക്കറികളാണ് ക്ലസ്റ്ററില്‍ വിപണനം ചെയ്യുന്നത്. വിഷമയമില്ലാത്ത പച്ചക്കറികള്‍ക്ക് ഈ മേഖലയിലുള്ളവര്‍ പ്രധാനമായും ആശ്രയിക്കുന്നത് വെജിറ്റബിള്‍ ക്ലസ്റ്ററിനെയാണ്. ചക്കിലാട്ടിയ ശുദ്ധമായ വെളിച്ചെണ്ണയ്ക്കും ആവശ്യക്കാര്‍ ഏറെയാണ്.
പഞ്ചായത്തിന്റെയും കൃഷിഭവന്റെയും നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ജനകീയ ഭരണ സമിതിയാണ് ക്ലസ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നത്. സമിതി അംഗങ്ങള്‍ തന്നെയാണ് ഒഴിവു സമയങ്ങളില്‍ വിപണ കേന്ദ്രത്തിലെ ജീവനക്കാരായി പ്രവര്‍ത്തിക്കുന്നത്. ഇത് സൗജന്യ സേവനമാണെന്ന് കര്‍ഷകനും സമിതി സെക്രട്ടറിയുമായ എം.എന്‍. രാജഗോപാല്‍ പറഞ്ഞു.
അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ സംവിധാനത്തിലൂടെ സബ്സിഡിയോടു കൂടി 40 ലക്ഷം രൂപയുടെ കാര്‍ഷിക ഉപകരണങ്ങള്‍ സമിതിക്ക് ലഭിച്ചിട്ടുണ്ട്. സൂപ്പര്‍ ക്ലസ്റ്റര്‍ പദവിലേക്ക് എത്തുന്നതോടെ കൂടുതല്‍ ധനസഹായം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകരും ഭരണ സമിതിയും.
- Log in to post comments