എറണാകുളം വാര്‍ത്തകള്‍
മുളവുകാട് - കണ്ടെയ്നർ റോഡിലെ കാന പ്രശ്നം: ജൂൺ മൂന്നിന് കളക്ടറേറ്റിൽ യോഗം
മുളവുകാട്: മുളവുകാട് - കണ്ടെയ്നർ റോഡിലെ കാന നിർമ്മാണം അശാസ്ത്രീയമാണെന്നും തദ്ദേശവാസികൾക്ക് ഒട്ടും പ്രയോജനകരമല്ലന്നും പഞ്ചായത്തും പ്രദേശ വാസികളും പരാതി നൽകിയതിനെ തുടർന്ന് ജില്ലാ കളക്ടർ മുഹമ്മദ് വൈ സഫീറുള്ള സ്ഥലം സന്ദർശിച്ചു. പരാധിക്ക് ആധാാരമായ വിഷയങ്ങൾ ചർച്ച ചെയ്യുന്നതിന് ജൂൺ മൂന്നിന് രാവിലെ 11 മണിക്ക് ജില്ലാ കളക്ടറുടെ ചേംബറിൽ ബസപ്പെട്ടവരുടെ യോഗം വിളിച്ചു ചേർക്കുമെന്ന് കളക്ടർ അറിയിച്ചു.
കണ്ടെയ്നർ റോഡിൽ അവസാനം വരുന്ന കൾവേർട്ട് നിർമ്മാണം പൂർത്തിയാകുന്നതോടെ തറനിരപ്പിൽ നിന്നും കൂടുതൽ ഉയരത്തിലാക്കുമെന്നും വെള്ളം ഒഴുകി പോകാൻ കഴിയാത്ത സാഹചര്യം വരുമെന്നും പഞ്ചായത്ത് അധികൃതർ ചൂണ്ടിക്കാട്ടി.
കണ്ടെയ്നർ റോഡിലേക്ക് മുളവുകാട് വടക്കേ അറ്റത്തു നിന്നുള്ള അടിപ്പാത സഞ്ചാരയോഗ്യമാക്കണമെന്നും ആവശ്യമുയര്‍ന്നു. കണ്ടെയ്നർ റോഡ് മുറിച്ചുകടക്കുന്നതിനിടെ അപകടങ്ങൾ വർധിക്കുന്ന സാഹചര്യത്തിലാണിത്. വടക്കേ അറ്റത്ത് അടിപ്പാത ഉണ്ടെങ്കിലും അത് സഞ്ചാരയോഗ്യമല്ല. പ്രധാന റോഡിൽ നിന്നും അടിപ്പാത യിലേക്കുള്ള ഭാഗം വരെ റോഡ് സൗകര്യവും സ്ട്രീറ്റ് ലൈറ്റും ശരിയാക്കി തരണമെന്നും പഞ്ചായത്ത് അധികൃതർ കലക്ടറോട് ആവശ്യപ്പെട്ടു.
എൻ എച്ച് എ ഐ ഡയറക്ടർ എസ് പി സിംഗ്, മുളവുകാട് പഞ്ചായത്ത് പ്രസിഡൻറ് വിജി ഷാജൻ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, താലൂക്ക് ഉദ്യോഗസ്ഥർ, വാർഡ് മെമ്പർമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു
കൊച്ചി: വിമുക്തി മിഷന്റെ ഭാഗമായി എക്സൈസ് വകുപ്പും കൊച്ചി കോർപ്പറേഷനും സംയുക്തമായി ലോക പുകയില വിരുദ്ധ ദിനം ആചരിച്ചു. കൊച്ചി മേയർ സൗമിനി ജെയിൻ പരിപാടി ഉദ്ഘാടനം ചെയ്തു. ബോധവൽക്കരണ പരിപാടികളിലൂടെയോ റെയ്ഡ് നടത്തിയത് കൊണ്ടോ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാൻ സാധിക്കുകയില്ല. സ്വന്തം ഇച്ഛാശക്തിയിലൂടെ മാത്രമേ അതിന് സാധിക്കൂ. ലഹരി വസ്തുക്കളിൽ നിന്നും സ്വയം പിന്മാറുന്നതിനോടൊപ്പം സമൂഹത്തെയും അതിൽ നിന്നും പിൻമാറ്റാൻ ശ്രമിക്കണമെന്നും പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് മേയർ പറഞ്ഞു.
ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ഹൈക്കോടതി ജംഗ്ഷനിൽ നിന്നും ആരംഭിച്ച റാലി കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഫ്ലാഗ് ഓഫ് ചെയ്തു. എൻ സി സി, എസ് പി സി, എൻ എസ് എസ് സ്കൂൾ / കോളേജ് വിദ്യാർത്ഥികൾ, എറണാകുളം റോളർ സ്കേറ്റിംഗ് ക്ലബ് അസോസിയേഷൻ കുട്ടികൾ എന്നിവർ റാലിയിൽ പങ്കെടുത്തു.
പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് സ്കൂൾ വിദ്യാർത്ഥികൾക്ക് നടത്തിയ ചിത്രരചനാ മത്സരത്തിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ഇതോടൊപ്പം നടന്നു. എൻ എച്ച് എസ് എസ് ആലുവയിലെ അഞ്ജന സജയൻ ഒന്നാം സ്ഥാനവും വി വി വിഎച്ച്എസ് എസിലെ അഞ്ജലിൻ ജോയ്സ് രണ്ടാംസ്ഥാനവും സെൻറ് ജോൺസ് സ്കൂളിലെ നവനീത് കൃഷ്ണ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
എറണാകുളം ടൗൺഹാളിൽ വച്ച് നടന്ന പരിപാടിയിൽ ജോയിൻറ് എക്സൈസ് കമ്മീഷണർ എൻ എസ് സലിംകുമാർ അദ്ധ്യക്ഷത വഹിച്ചു. ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ കെ ചന്ദ്രപാലൻ, അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ടി എ അശോക കുമാർ, കെ എസ് ഇ എസ് എ പ്രസിഡന്റ് കെ കെ രമേശൻ, സെക്രട്ടറി ടി പി സജീവ് കുമാർ, വിമുക്തി എറണാകുളം ജില്ലാ കോ ഓർഡിനേറ്റർ ബി സുരേഷ് കുമാർ തുടങ്ങിയവർ സംസാരിച്ചു.
ജില്ലയിലെ മത്സ്യത്തൊഴിലാളികളുടെ വിവരങ്ങള്‍ നല്‍കണം
കൊച്ചി: സംസ്ഥാനത്ത് നിലവിലുളള എല്ലാ മത്സ്യത്തൊഴിലാളികളുടെയും അവരുടെ കുടുംബങ്ങളുടെയും വിശദ വിവരങ്ങള്‍ ശേഖരിച്ച് Fisherfolk Family Register(FFR) ഡാറ്റാബേസ് ഉണ്ടാക്കുന്നതിന് എറണാകുളം ജില്ലയില്‍ പ്രസ്തുത വിവരശേഖരണവും എഫ്.എഫ്.ആറിനു വേണ്ടി തയ്യാറാക്കിയിട്ടുളള സോഫ്റ്റ്വെയറില് ഡാറ്റാ എന്‍ട്രിയും
നടന്നുവരുന്നു. ജില്ലയിലുളള മുഴുവന്‍ മത്സ്യത്തൊഴിലാളികളുടെയും വിവരങ്ങള്‍ ഈ ഡാറ്റാബേസില്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്. അതിനാല്‍ ഇനിയും വിവരങ്ങള്‍ നല്കിയിട്ടില്ലാത്ത മത്സ്യത്തൊഴിലാളികളും, അനുബന്ധത്തൊഴിലാളികളും, പെന്‍ഷന്‍കാരും ജൂണ്‍ 20 നുമുമ്പായി അവരവരുടെ മത്സ്യഭവനുമായി
ബന്ധപ്പെടേണ്ടതാണ്.
മഹാരാജാസ് കോളേജ് ബിരുദാനന്തര പ്രവേശനത്തിനുളള
പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കൊച്ചി: മഹാരാജാസ് കോളേജിലെ 2019-20 അദ്ധ്യയന വര്‍ഷത്തെ ബിരുദാനന്തര ബിരുദ പ്രവേശനത്തിനുളള പ്രൊവിഷണല്‍ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ 9.30 നും 11 നും ഇടയില്‍ കോളേജ് ഓഡിറ്റോറിയത്തില്‍ റിപ്പോര്‍ട്ട് ചെയ്യണം. 11-ന് ശേഷം വരുന്നവരെ അഡ്മിഷനു പരിഗണിക്കുന്നതല്ല. കൂടുതല്‍ വിവരങ്ങള്‍ക്ക് കോളേജ് വെബ്സൈറ്റായ www.maharajas.ac.in സന്ദര്‍ശിക്കുക.
ടെന്‍ഡര്‍ ക്ഷണിച്ചു
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തുന്ന കെ.എ.എസ്.പി (കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി) ആര്.ബി.എസ്.കെ ആരോഗ്യ കിരണം ജെ.എസ്.എസ്.കെ. പദ്ധതികളിലുള്‍പ്പെട്ട രോഗികള്‍ക്ക് ആര്.ഡി.സി ലാബില്‍ ചെയ്യാന്‍ കഴിയാതെ വരുന്ന ലബോറട്ടറി ടെസ്റ്റുകള്‍ 2019 ജൂലൈ മുതല്‍ ഒരു വര്‍ഷത്തേക്ക് നിശ്ചിത തുകയ്ക്കോ അതില്‍ കുറവിനോ നടത്തുന്നതിന് താത്പര്യമുളള ലബോറട്ടറി ഉടമകളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡറുകള്‍ ജൂണ്‍ 17-ന് ഉച്ചയ്ക്ക് ഒന്നു വരെ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ ഓഫീസില്‍ അറിയാം.
താത്കാലിക നിയമനം
കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയിലെ ബ്ലഡ് ബാങ്കിലേക്ക് ബ്ലഡ് ബാങ്ക് കൗണ്‍സിലര്‍ തസ്തികയില്‍ പ്രവൃത്തി പരിചയമുളളവരെ താത്കാലികമായി നിയമിക്കുന്നു. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സൂപ്രണ്ടിന്റെ ചേമ്പറില്‍ ജൂണ്‍ നാലിന് രാവിലെ 11-ന് നടത്തുന്ന വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. യോഗ്യത ബിരുദാനന്തര ബിരുദം - സോഷ്യല്‍ വര്‍ക്ക്/സൈക്കോളജി/സോഷ്യോളജി/ആന്ത്രോപ്പോളജി/ഹ്യൂമന്‍ ഡവലപ്മെന്റ്. കമ്പ്യൂട്ടര്‍ പരിജ്ഞാനം/എം.എസ്.ഓഫീസ്. തൊഴില്‍ പരിചയം. നിര്‍ദ്ദിഷ്ട യോഗ്യതയ്ക്കു ശേഷമുളള കുറഞ്ഞത് രണ്ട് വര്‍ഷത്തെ തൊഴില്‍ പരിചയം.
മത്സ്യബന്ധനയാനങ്ങള്‍ക്കുള്ള നാവിക് ഉപകരണം വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിക്കുന്നു
കൊച്ചി: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നു. ഉപകരണത്തിന്റെ സഹായത്തോടെ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് 1500 കി.മീ. പരിധിക്കുള്ളില്‍ വരെ കാലാവസ്ഥ മുന്നറിയിപ്പ് സംബന്ധിച്ച സന്ദേശങ്ങള്‍ കൈമാറുന്നതിനും അന്താരാഷ്ട്ര അതിര്‍ത്തി, മത്സ്യലഭ്യത പ്രദേശം മുതലായ വിവരങ്ങള്‍ ലഭ്യമാക്കുന്നതിനും കഴിയും. നാവിക് ഉപകരണങ്ങള്‍ വിതരണം ചെയ്യുന്നതിന് കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ളതും പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും 12 നോട്ടിക്കല്‍ മൈലിന് പുറത്ത് മത്സ്യബന്ധനം നടത്തുന്നതും രജിസ്ട്രേഷനും ലൈസന്‍സും ഉള്ളതുമായ മത്സ്യബന്ധനയാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം എറണാകുളം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ്, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കും.
കടല്‍ സുരക്ഷാ സ്ക്വാഡുകളുടെ രൂപീകരണത്തിനായി
അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കടല്‍ സുരക്ഷാ സംവിധാനങ്ങളും കടല്‍ രക്ഷാപ്രവര്‍ത്തനങ്ങളും ശക്തിപ്പെടുത്തുന്നതിനായി പരിചയ സമ്പന്നരായ മത്സ്യത്തൊഴിലാളികളെ ഉള്‍പ്പെടുത്തി കടല്‍ സുരക്ഷാ സ്ക്വാഡുകള്‍ രൂപീകരിക്കുന്നു. തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഗോവയില്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്പോര്‍ട്സില്‍ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് പരിശീലനം നല്‍കുന്നതാണ്. ഓഖി/പ്രളയം പോലുളള ദുരന്തങ്ങളുണ്ടാകുമ്പോള്‍ അടിയന്തര രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായാണ് കടല്‍ സുരക്ഷാ സ്ക്വാഡുകള്‍ രൂപീകരിക്കുന്നത്. ഇങ്ങനെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തേണ്ടി വരുമ്പോള്‍ സേവനത്തിന് സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രതിഫലം നല്‍കും. സ്ക്വാഡുകള്‍ രൂപീകരിക്കുന്നതിന് എല്ലാ സുരക്ഷാ സംവിധാനങ്ങളും ഉളള യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പരമ്പരാഗത യാനങ്ങളില്‍ യാനഉടമയും രണ്ട് തൊഴിലാളികളുമടങ്ങുന്ന ഗ്രൂപ്പുകളായും മെക്കനൈസ്ഡ് വിഭാഗത്തില്‍ സ്രാങ്കും, ഡ്രൈവറും, യാനഉടമ/പ്രതിനിധി ഉള്‍പ്പെടുന്ന ഗ്രൂപ്പുകളുമായാണ് അപേക്ഷിക്കേണ്ടത്.
യാനഉടമ മത്സ്യബന്ധനത്തിന് പോകാത്തയാളോ, കടല്‍ പരിചയമില്ലാത്തയാളോ യോഗ്യതാ മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടാത്തയാളോ ആണെങ്കില്‍ അവര്‍ക്ക് പകരം ഒരു പരിചയസമ്പന്നനായ മത്സ്യത്തൊഴിലാളിയെ ഉള്പ്പെടുത്താവുന്നതും അത് അപേക്ഷയില്‍ പ്രത്യേകം രേഖപ്പെടുത്തേണ്ടതുമാണ്. അപേക്ഷാ ഫോറം എറണാകുളം (മേഖല) ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ആഫീസ്, വൈപ്പിന്‍ ഫിഷറീസ് സ്റ്റേഷന്, മത്സ്യഭവനുകള്‍ എന്നിവിടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്. പൂരിപ്പിച്ച അപേക്ഷകള്‍ ജൂണ്‍ ആറിന് വൈകിട്ട് അഞ്ച് വരെ അതത് ആഫീസുകളില്‍ സ്വീകരിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവൃത്തി സമയങ്ങളില്‍ 0484-2394476 ഫോണ്‍ നമ്പറില്‍ ലഭ്യമാകും.
മത്സ്യത്തൊഴിലാളികള്‍ക്ക് ജി.പി.എസ്, ലൈഫ് ബോയ്
വിതരണം ചെയ്യുന്നതിനായി അപേക്ഷ ക്ഷണിച്ചു
കൊച്ചി: മത്സ്യത്തൊഴിലാളികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് വേണ്ടി ജി.പി.എസ്, ലൈഫ് ബോയ് എന്നിവ സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്നതിനായി സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നതിനായി കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുളള മത്സ്യത്തൊഴിലാളികള്‍ ജോലി ചെയ്യുന്നതും രജിസ്ട്രേഷനും ലൈസന്‍സുമുളളതുമായ മത്സ്യബന്ധന യാനങ്ങളുടെ ഉടമകളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ആഴക്കടലില്‍ മത്സ്യബന്ധനം നടത്തുന്ന പരമ്പരാഗത യാനങ്ങള്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കുന്നതാണ്. അപേക്ഷാ ഫോറം ഫിഷറീസ് വകുപ്പ് ജില്ലാ ഓഫീസുകള്‍, ഫിഷറീസ് സ്റ്റേഷനുകള്‍, മത്സ്യഭവനുകള്‍ എന്നിവടങ്ങളില്‍ നിന്നും ലഭിക്കുന്നതാണ്.
കരുതല്‍ സ്പര്‍ശം
ജില്ലാതല ഉദ്ഘാടനവും ശില്പശാലയും നാളെ
കൊച്ചി: വനിതാ ശിശു വികസന വകുപ്പിന്റെ നേതൃത്വത്തില്‍ കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനും ചെറുപ്രായക്കാരായ രക്ഷിതാക്കളെ ശാക്തീകരിക്കുന്നതിനുമായി വകുപ്പിനു കീഴിലുള്ള എല്ലാ ഓഫീസുകളെയും ബന്ധിപ്പിച്ച് സമഗ്ര പദ്ധതി കരുതല്‍ സ്പര്‍ശം കൈകോര്‍ക്കാം കുട്ടികള്‍ക്കായി എന്ന പേരില്‍ സംഘടിപ്പിക്കുന്നു.
ഗ്ലോബല്‍ പാരന്റിംഗ് ഡേ ആയ ജൂണ്‍ ഒന്നാം തീയതി കരുതല്‍ സ്പര്‍ശം പരിപാടിയുടെ ജില്ലാതല ഉദ്ഘാടന പരിപാടിയില്‍ കുട്ടികളുടെ സംരക്ഷണ മേഖലയുമായി ബന്ധപ്പെട്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് ഉത്തരവാദിത്ത രക്ഷകര്‍തൃത്വം, കുട്ടികളുടെ അവകാശ സംരക്ഷണം, സാമൂഹ്യമാധ്യമങ്ങളുടെ സ്വാധീനം കുട്ടികളില്‍ എന്നീ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി കാക്കനാട് കളക്ട്രേറ്റിലെ ജില്ലാ പ്ലാനിംഗ് ഹാളില്‍ ഏകദിന സെമിനാര്‍ നടത്തുന്നു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോളി കുര്യാക്കോസ് അദ്ധ്യക്ഷത വഹിക്കുന്ന പരിപാടിയില്‍ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള ഉദ്ഘാടനം നിര്‍വഹിക്കും. ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ ജെബിന് ലോലിത സെയ്ന് , ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ സൈന കെ ബി , പ്രോഗ്രാം ഓഫീസര്‍ മായാലക്ഷമി, വനിതാ സംരക്ഷണ ഓഫീസര്‍ ദീപ എന്നിവര്‍ പങ്കെടുക്കും.
ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍, തേവര-യില്‍ ഡേ സ്കോളേഴ്സായി അപേക്ഷ ക്ഷണിച്ചു
കൊച്ചി: ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍, തേവര-യില്‍ ഈ അദ്ധ്യയന വര്‍ഷം മുതല്‍ 50 ശതമാനത്തില്‍ അധികരിക്കാത്ത രീതിയില്‍ ഡേ സ്കോളേഴ്സായി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ആണ്- പെണ് വ്യത്യാസമില്ലാതെ പ്രവേശനം നല്‍കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം ഗവ. റീജിയണല്‍ ഫിഷറീസ് ടെക്നിക്കല്‍ ഹൈസ്കൂള്‍, തേവര-യില്‍ ലഭിക്കും. വിശദ വിവരങ്ങള്‍ ഓഫീസ് പ്രവര്‍ത്തി സമയങ്ങളില്‍ 0484-2663048 എന്ന ഫോണ്‍ നമ്പറില്‍ ലഭ്യമാണ്.
കേരള മീഡിയ അക്കാദമി: ഡിപ്ലോമ കോഴ്സുകള്‍ക്ക്
ജൂണ്‍ 15 വരെ അപേക്ഷിക്കാം
കൊച്ചി: സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കേരള മീഡിയ അക്കാദമിയുടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് കമ്യൂണിക്കേഷന്റെ ജേര്‍ണലിസം & കമ്യൂണിക്കേഷന്‍, പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ്, ടിവി ജേര്‍ണലിസം എന്നീ പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമ കോഴ്സുകള്‍ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂണ്‍ 15 വരെ നീട്ടി.
പ്രിന്റ്, ടെലിവിഷന്‍, റേഡിയോ, ഓണ്‍ലൈന്‍, സോഷ്യല്‍ മീഡിയ തുടങ്ങിയ മാധ്യമപ്രവര്‍ത്തനത്തിന്റെ വിവിധ മേഖലകളില്‍ പരിശീലനം നല്കുന്ന സമഗ്രമായ പാഠ്യപദ്ധതിയാണ്് ജേര്‍ണലിസം & കമ്യൂണിക്കേഷന്‍ കോഴ്സ്. പബ്ലിക് റിലേഷന്‍സ് & അഡ്വര്‍ടൈസിങ്ങ് രംഗത്തെ നൂതന പ്രവണതകള്‍ക്ക് ഊന്നല്‍ നല്കുന്ന കോഴ്സിന്റെ പാഠ്യപദ്ധതിയില്‍ പ്രിന്റ്,ടെലിവിഷന്‍, സോഷ്യല്‍ മീഡിയ, അഡ്വര്‍ടൈസിങ്ങ് എന്നിവയും ഉള്‍പ്പെടുന്നു. ടെലിവിഷന്‍, റേഡിയോ, സോഷ്യല്‍ മീഡിയ, മീഡിയ കണ്‍വേര്‍ജന്‍സ്, മൊബൈല്‍ ജേര്‍ണലിസം തുടങ്ങിയ അത്യാധുനിക മേഖലകളിലെ കാമറ, എഡിറ്റിങ്ങ്, പ്രൊഡക്ഷന്‍ തുടങ്ങി എല്ലാ വിഭാഗങ്ങളിലും സമഗ്രമായ പ്രായോഗിക പരിശീലനം നല്കുന്ന കോഴ്സാണ് ടെലിവിഷന്‍ ജേര്‍ണലിസം.
കോഴ്സിന്റെ ദൈര്‍ഘ്യം ഒരുവര്‍ഷമാണ്. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് അടിസ്ഥാന യോഗ്യത. അവസാനവര്‍ഷ ബിരുദ പരീക്ഷയെഴുതിയവര്‍ക്കും അപേക്ഷിക്കാം. 31.5.2019ല്‍ 35 വയസ്സ് കവിയരുത്. പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് ഫീസിളവുണ്ട്. അഭിരുചി പരീക്ഷയുടേയും ഇന്റര്‍വ്യൂവിന്റേയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. കോഴിക്കോട്, എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ പ്രവേശനപരീക്ഷാകേന്ദ്രം ഉണ്ടായിരിക്കും.
അപേക്ഷാഫോറവും പ്രോസ്പെക്ടസും മീഡിയ അക്കാദമിയുടെ www.keralamediaacademy.org എന്ന വെബ്സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. അപേക്ഷാഫീസ് 300 രൂപ (പട്ടികജാതി, പട്ടികവര്‍ഗ, ഒ.ഇ.സി. വിഭാഗക്കാര്‍ക്ക് 150 രൂപ) അപേക്ഷയോടൊപ്പം സെക്രട്ടറി, കേരള മീഡിയ അക്കാദമി എന്ന പേരില്‍ എറണാകുളം സര്‍വീസ് ബ്രാഞ്ചില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റായി നല്‍കണം. ഫീസ് നല്‍കാത്ത അപേക്ഷകള്‍ സ്വീകരിക്കില്ല.
പൂരിപ്പിച്ച അപേക്ഷാഫോറം ജൂണ്‍ 15ന് വൈകിട്ട് 5 മണിക്കകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി - 30 എന്ന വിലാസത്തില്‍ ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ അക്കാദമി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍: 0484 2422275, 0484 2422068. ഇ-മെയില്‍: keralamediaacademy.gov@gmail.com .
മീഡിയ അക്കാദമി മാഗസിന്
പുരസ്കാരം ഫാറൂഖ്കോളേജിന്
കൊച്ചി: കേരളത്തിലെ മികച്ച കലാലയ മാഗസിനുള്ള 2017-18ലെ കേരള മീഡിയ അക്കാദമി പുരസ്കാരത്തിന് കോഴിക്കോട് ഫാറൂഖ്കോളേജ് മാഗസിന് 'മറു' അര്‍ഹമായി. പൂക്കോട് ഗവ. വെറ്ററിനറി ആനിമല്‍ സയന്‍സ് കോളേജിന്റെ മാഗസിന് 'കുളി പ്രത്യയ'ത്തിനാണ് രണ്ടാംസ്ഥാനം. കോഴിക്കോട് ഗവ. മെഡിക്കല്‍കോളേജിന്റെ മാഗസിന് 'ഒരുദുരാത്മാവിന്റെ പറ്റുപുസ്തകം' മൂന്നാംസ്ഥാനം നേടി. തൃശ്ശൂര്‍കേരള വര്‍മ്മ കോളേജ് മാഗസിന് 'സെക്കന്‍ഡ്സി'ന് പ്രോത്സാഹന സമ്മാനം ലഭിച്ചു.
ഒന്നാം സമ്മാനമായി മുഖ്യമന്ത്രിയുടെ ട്രോഫിയും 25,000 രൂപയും പ്രശസ്തി പത്രവുമാണ് സമ്മാനിക്കുകയെന്ന് മീഡിയ അക്കാദമി ചെയര്മാന് ആര്.എസ്.ബാബു അറിയിച്ചു. രണ്ടാം സമ്മാനമായി 15,000 രൂപയും ട്രോഫിയും നല്കുമ്പോള് മൂന്നാംസ്ഥാനക്കാര്‍ക്ക് ലഭിക്കുക 10,000 രൂപയും ട്രോഫിയുമാണ്. 5,000 രൂപയും ട്രോഫിയുമാണ് പ്രോത്സാഹന സമ്മാനം. ജൂണില്‍ കോഴിക്കോട് സംഘടിപ്പിക്കുന്ന ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും.
പ്രമുഖ മാധ്യമ പ്രവര്‍ത്തകരായ തോമസ്ജേക്കബ്, ഡോ.പി.കെ.രാജശേഖരന്, സാഹിത്യകാരി എസ്.സിതാര എന്നിവരടങ്ങിയ സമിതിയാണ് വിജയികളെ തിരഞ്ഞെടുത്തത്. വിഷയം അവതരിപ്പിക്കുന്നതിലെ ധീരത, സമകാലികപ്രശ്നങ്ങളോടുളള തുറന്ന സമീപനം, വ്യക്തവും സമചിത്തവുമായ കാഴ്ചപ്പാട് എന്നിവ ഫാറൂഖ്കോളേജ് മാഗസിനെ വ്യത്യസ്തമാക്കുന്നതായി ജൂറി വിലയിരുത്തി. രൂപകല്പനയിലും മികച്ച നിലവാരം പുലര്‍ത്തി.
പൂക്കോട്ഗവ. വെറ്ററിനറി ആനിമല്‍ സയന്‍സ് കോളേജിന്റെ മാഗസിന് കുളിയെ ഒരു പൊതു പ്രമേയമായിസ്വീകരിച്ചു. രൂപകല്പനയിലും ഉളളടക്കത്തിലെവൈവിധ്യത്തിലുംമുന്നിട്ടു നിന്നു. ഡയറിയും നോട്ട് ബുക്കുംകൂടിയിണക്കിയരൂപവും ആധുനികകാലത്തെ ലിറ്റില്‍മാഗസിനുകളെ ഓര്‍മ്മിപ്പിക്കുന്ന ഡിസൈനും കോഴിക്കോട്ഗവ. മെഡിക്കല്‍കോളേജിന്റെ മാഗസിനെ വ്യത്യസ്തമാക്കി. ഉളളടക്കത്തിലും സാമാന്യത്തിലധികം നിലവാരം സൂക്ഷിച്ചതായി ജൂറിവ്യക്തമാക്കി.
കേരളത്തിലെ വിവിധ സര്‍വ്വകലാശാലകളില്‍ അഫിലിയേറ്റ് ചെയ്തിട്ടുളള കോളേജുകളിലെ 2017-2018 ലെ മാഗസിനുകളാണ് അവാര്‍ഡിന് പരിഗണിച്ചത്. അക്കാദമിയുടെ പുതിയ സംരംഭമായ സ്കൂള്‍-കോളേജുകളിലെ മീഡിയ ക്ലബ്ബ് പദ്ധതിയുടെ ഭാഗമാണ് മാഗസിന് അവാര്‍ഡ്. കോളേജ് മാഗസിന് എഡിറ്റര്‍മാര്‍ക്കായി മൂന്ന് മേഖലകളിലായി ശില്പശാല സംഘടിപ്പിക്കാനും മീഡിയ അക്കാദമി തീരുമാനിച്ചിട്ടുണ്ട്.
- Log in to post comments