സുരക്ഷിത യാത്ര : മാർഗ്ഗനിർദ്ദേശങ്ങൾ
വിദ്യാലയങ്ങലിലേക്കുള്ള സുരക്ഷിത യാത്രയുടെ ഭാഗമായി വാഹന ഉടമകൾ നിർബന്ധമായും പാലിക്കേണ്ട മാർഗനിർദേശങ്ങൾ ജില്ലാ മോട്ടോർ വാഹന വകുപ്പ് തയ്യാറാക്കി. വർധിക്കുന്ന അപകട സാധ്യതകളെ മുൻനിർത്തിയാണ് കർശന നിയന്ത്രണങ്ങൾ. വാഹനങ്ങളിൽ അകത്തുനിന്നും പുറത്തുനിന്നും തുറക്കാൻ സാധിക്കുന്ന തരത്തിൽ നിശ്ചിത വലുപ്പത്തിൽ ഘടിപ്പിച്ചിട്ടുള്ള എമർജൻസി ഡോർ, നിശ്ചിത വലുപ്പത്തിലുള്ള സൈഡ് വിൻഡോ, ഡോർ ഷട്ടർ, ഡോറിന് ഇരുവശത്തും ഹാൻഡ് റെയിൽ, ശരിയായ രീതിയിൽ ഘടിപ്പിച്ചിട്ടുള്ള റിയർ വ്യൂ മിറർ എന്നിവ വാഹനങ്ങളിൽ നിർബന്ധമാണ്. ഇതോടൊപ്പം വേഗത നിയന്ത്രണ ഉപകരണം, അതിന്റെ കാര്യക്ഷമമായ പ്രവർത്തനം എന്നിവയും ഉറപ്പാക്കണം. വാഹനത്തിന്റെ ബാറ്ററി പ്രവർത്തനക്ഷമമാണെന്നും ഫ്യൂസ് ശരിയായ വിധത്തിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഉറപ്പുവരുത്തണം.
പരിധിയിൽ കൂടുതൽ കുട്ടികളെ വാഹനത്തിൽ കയറ്റരുത്. കുട്ടികളെ ഇറക്കാനും റോഡ് മുറിച്ചു കടക്കാനും വാഹനത്തിൽ സഹായി ഉണ്ടാകണം. കുട്ടികളുടെ ബാഗുകൾ സൂക്ഷിക്കാനുള്ള സൗകര്യം വാഹനത്തിൽ ഒരുക്കണം. എയർ ഹോൺ മുതലായവ നിരോധിച്ച ഹോൺ ഘടിപ്പിച്ചിരിക്കണം. വാഹനത്തിന് 15 വർഷത്തിലധികം പഴക്കമുണ്ടാവരുതെന്നും ടയറുകളുടെ ക്ഷമത ഉറപ്പുവരുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
ഹെഡ് ലൈറ്റ്, ഇൻഡിക്കേറ്റർ, ബ്രേക്ക് ലൈറ്റ്, വൈപ്പർ എന്നിവ ശരിയായി പ്രവർത്തിപ്പിക്കണം. സർവീസ് ബ്രേക്കും പാർക്കിങ് ബ്രേക്കും പ്രവർത്തിപ്പിക്കുന്നതിൽ വീഴ്ച പാടില്ല. വിദ്യാഭ്യാസ വാഹനത്തിന് നിശ്ചയിച്ചിട്ടുള്ള നിറം തന്നെ നൽകണം. വാഹന ഉടമയുടെ പേര്, മേൽവിലാസം, എൻജിൻ നമ്പർ, ചേസിസ് നമ്പർ, പെർമിറ്റ്, നികുതി, ഇൻഷൂറൻസ് കമ്പനി എന്നിവ വാഹനത്തിന്റെ ഇടതുവശത്തിന് മുൻപിൽ രേഖപ്പെടുത്തണം. എല്ലാ വശങ്ങളിലും സ്‌കൂളിന്റെ പേര് രേഖപ്പെടുത്തണം. മുൻപിലും പിറകിലും ഇത് നിർബന്ധമായും രേഖപ്പെടുത്തണമെന്നും ആർ ടി ഒ നിർദേശിച്ചു.
- Log in to post comments