തൃശൂർ റൗണ്ടിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ സൗകര്യം വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ
തൃശൂർ റൗണ്ടിൽ പ്രാഥമികാവശ്യങ്ങൾ നിർവഹിക്കുന്നതിന് സ്ഥിരം സംവിധാനമുണ്ടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഇതിനുള്ള സൗകര്യമൊരുക്കി നൽകേണ്ടത് ബന്ധപ്പെട്ട അധികാര സ്ഥാപനങ്ങളുടെ ചുമതലയാണെന്ന് കമ്മീഷൻ അംഗം പി മോഹനദാസ് ഉത്തരവിൽ പറഞ്ഞു. സ്ഥലം കണ്ടെത്തേണ്ട ബാധ്യതയിൽ നിന്ന് ഒഴിയാൻ കോർപ്പറേഷൻ സാധ്യമല്ല. ഇക്കാര്യത്തിൽ കോർപ്പറേഷൻസെക്രട്ടറി അടിയന്തിര നടപടി സ്വീകരിക്കണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു. കോർപ്പറേഷൻ സെക്രട്ടറിയിൽ നിന്നും കമ്മീഷൻ റിപ്പോർട്ട് വാങ്ങിയിരുന്നു. തൃശൂർ റൗണ്ടിൽ നിലവിലുള്ള കോർപ്പറേഷൻ സ്ഥാപനങ്ങളോട് ചേർന്ന് ശുചിമുറികൾ ഉണ്ടെന്നായിരുന്നു മറുപടി. പുതിയ ശുചിമുറികൾക്ക് സ്ഥലം കണ്ടെത്താൻ കഴിയാത്ത സാഹചര്യമുണ്ട്. വടക്കുംനാഥ ക്ഷേതസമിതിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ടെന്നും ക്ഷേത്രസമിതിയുടെ നോൺ ഒബ്ജക്ഷൻ സർട്ടിഫിക്കേറ്റ് ഇതിന് ആവശ്യമുണ്ടെന്നും റിപ്പോർട്ടിലുണ്ട്. ദേശീയ ശ്രദ്ധ നേടിയിട്ടുള്ള തൃശൂർ റൗണ്ടിൽ നിരവധി രാഷ്ട്രീയ, സാംസ്‌ക്കാരിക സമ്മേളനങ്ങൾ നടക്കാറുണ്ടെന്നും ദീർഘയാത്ര കഴിഞ്ഞെത്തുന്നവർക്ക് പ്രാഥമികാവശ്യങ്ങൾ നിർവഹിക്കാൻ ഇവിടെ സൗകര്യമില്ലാത്തത് ഖേദകരമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. വാടാനപ്പള്ളി സ്വദേശി ജോർജ്ജ് ടെന്നി നൽകിയ പരാതിയിലാണ് നടപടി.
- Log in to post comments