Skip to main content

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ശേഷിക്കുന്നവ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ശേഷിക്കുന്നവ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

 

മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ശേഷിക്കുന്നവ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി

കാക്കനാട്: ജില്ലയിൽ മഴക്കാല മുന്നൊരുക്ക പ്രവർത്തനങ്ങളിൽ ശേഷിക്കുന്നവ അടിയന്തരമായി പൂർത്തിയാക്കണമെന്ന് ജില്ലാ വികസന സമിതി യോഗം ആവശ്യപ്പെട്ടു.  പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ, ശുചിത്വ -ആരോഗ്യ ബോധവൽക്കരണം, ഓടകളും കാനകളും വൃത്തിയാക്കൽ, അപകടകരമായ മരങ്ങൾ മുറിച്ചുമാറ്റൽ, സ്കൂളുകളുടെ സുരക്ഷ ഉറപ്പാക്കൽ തുടങ്ങിയ വേഗത്തിൽ പൂർത്തിയാക്കാൻ നിർദ്ദേശം നൽകി.  

മണ്ണൂർ - പോഞ്ഞാശ്ശേരി, കീഴില്ലം- പാണേരി റോഡുകളുടെ പ്രവർത്തി വേഗത്തിലാക്കാൻ എൽദോസ് കുന്നപ്പള്ളി എം എൽ എ ആവശ്യപ്പെട്ടു.  ജില്ലയിൽ കഴിഞ്ഞ വർഷം ഡെങ്കിപ്പനി ഏറ്റവുമധികം റിപ്പോർട്ട് ചെയ്ത പെരുമ്പാവൂർ പ്രദേശത്ത് ആരോഗ്യ പ്രവർത്തകർ ഇക്കുറി നടത്തിയ പ്രതിരോധ പ്രവർത്തനങ്ങളിൽ അദ്ദേഹം സംതൃപ്തി അറിയിച്ചു.   

സ്കൂൾ പരിസരങ്ങൾ മഴക്കാല അപകടങ്ങളിൽ നിന്നു മുക്തമാണെന്ന് ഉറപ്പു വരുത്താൻ പി.ടി.തോമസ് എം എൽ എ ആവശ്യപ്പെട്ടു.   വൃക്ഷത്തൈകൾ വെച്ചുപിടിപ്പിക്കുമ്പോൾ ഉറപ്പുള്ള മരങ്ങളുടെ തൈകൾ നടണമെന്നും ആവശ്യപ്പെട്ടു.  ജില്ലയിലെ പ്ലേ സ്കൂളുകളിലെ ശുചിത്വം, ലൈസൻസ് എന്നിവ പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ നിർദ്ദേശിച്ചു.  കുടുംബശ്രീ ആർ കെ എൽ എസ് ലോണുകൾ നൽകുന്നതിൽ പക്ഷപാതം കാണിക്കരുത്.  മാനദണ്ഡങ്ങൾ പാലിക്കാതെ ജില്ലയിലെ  വോട്ടർ പട്ടികയിൽ നിന്നും പേരുവെട്ടിയ വിഷയത്തിൽ സമഗ്ര അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു.  

പെരുമ്പാവൂർ - കൂത്താട്ടുകുളം , മൂവാറ്റുപുഴ - എറണാകുളം  റോഡുകളിലെ അപകടങ്ങൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കാൻ എൽദോ എബ്രഹാം എംഎൽഎ പൊതുമരാമത്ത് നിരത്ത് വിഭാഗത്തോടാവശ്യപ്പെട്ടു.  മൂവാറ്റുപുഴ പ്രദേശത്ത് ഡെങ്കിപ്പനി പ്രതിരോധ പ്രർത്തനങ്ങൾ ഊർജിതമാക്കണം.  പായിപ്ര പഞ്ചായത്ത്, മൂവാറ്റുപുഴ നഗരസഭ, ഊരമന പ്രദേശങ്ങളിൽ മഞ്ഞപ്പിത്തം പടർന്നതിന്റെ ഉറവിടം കണ്ടെത്തണം.  പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഹെപ്പറ്റൈറ്റിസ് ബി വാക്സിനേഷൻ സൗജന്യമായി നൽകുന്ന കാര്യം പരിഗണിക്കണം.  മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ പോലീസ് സർജന്റെ ഒഴിവ് നികത്തണം.  ഏറ്റെടുത്ത പ്രവർത്തികൾ പൂർത്തിയാക്കാത്ത കരാറുകാരെ കരിമ്പട്ടികയിലുൾപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.  

കുന്നത്തുനാട് പ്രദേശത്തെ വിവിധ ആരോഗ്യ കേന്ദ്രങ്ങളിലെ ഡോക്ടർമാരുടെ ഒഴിവ് ഉടനെ നികത്തണമെന്ന് വി.പി.സജീന്ദ്രൻ എംഎൽഎ ആവശ്യപ്പെട്ടു.  ചൂണ്ടി - രാമമംഗലം റോഡിൽ വാട്ടർ അതോറിറ്റിയുടെ പൈപ്പ് പൊട്ടിയത് ഉടനെ നന്നാക്കണം.  അപകടകരമായ വൈദ്യുത പോസ്റ്റുകൾ മാറ്റി സ്ഥാപിക്കണം.  അപകടം പതിവായ മണ്ണൂർ കവലയിൽ വേഗത നിയന്ത്രണ സംവിധാനമൊരുക്കണമെന്നും ആവശ്യപ്പെട്ടു.  

അങ്കമാലി താലൂക്ക് ആശുപത്രിയിലെ നിർമാണ പ്രവർത്തികൾ ഉടനെ പൂർത്തിയാക്കാൻ റോജി എം ജോൺ എം എൽഎ ആവശ്യപ്പെട്ടു.  അങ്കമാലി പോലീസ് സ്റ്റേഷൻ, ഫയർ സ്റ്റേഷൻ എന്നിവയുടെ പ്രവർത്തികൾ വേഗത്തിലാക്കണം. പണമനുവദിച്ച റോഡുകളുടെ ടെണ്ടർ വിളിച്ച് പ്രവർത്തി ഉടൻ തുടങ്ങണം. അങ്കമാലി വില്ലേജിലെ ഫെയർ വാല്യൂ നിർണ്ണയത്തിലെ അപാകത പരിഹരിക്കാൻ അദാലത്ത് നടത്തണം.  കോതായിത്തോട് പാലത്തിന്റെ വിന്യാസം  സംബന്ധിച്ച് സംയുക്ത പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു. 

വൈറ്റില റോഡുവികസനത്തിന് ജില്ലാ പഞ്ചായത്ത് വിട്ടുനൽകിയ കോക്കനട്ട് ഫാമിന്റെ സ്ഥലത്തിനു പകരമായി  സ്ഥലം കണ്ടെത്തി നൽകാൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് ആവശ്യപ്പെട്ടു. ജലജന്യ രോഗങ്ങൾ പടരുന്നത് തടയാൻ ആവോലി ജില്ലാ പഞ്ചായത്ത് ഡിവിഷനിലെ വൃത്തിഹീനമായ   ഓടകളും കാനകളും ശുചീകരിക്കണമെന്നും ആവശ്യപ്പെട്ടു.  

പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരളം, ലൈഫ്, ആർദ്രം മിഷനുകളുടെ പ്രവർത്തന പുരോഗതിയും യോഗം വിലയിരുത്തി.  

എഡിഎം  കെ.ചന്ദ്രശേഖരൻ നായരുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്ലാനിങ് ഓഫീസർ ലിറ്റി മാത്യു, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date