കയ്യേറ്റങ്ങൾ അനുവദിക്കില്ല : വനിതാകമ്മീഷൻ
സ്ഥലത്തിന്റേയോ വ്യക്തികളുടേയോ പേരിലൂള്ള കയ്യേറ്റങ്ങൾ അനുവദിക്കില്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ. തൃശൂർ ടൗൺ ഹാളിൽ നടന്ന അദാലത്തിൽ 314 കേസുകളിൽ 50 പരാതികൾ തീർപ്പാക്കിയ പശ്ചാത്തലത്തിലാണ് ചെയർ പേഴ്സൺ എം സി ജോസഫൈൻ കമ്മീഷന്റെ നയം വ്യക്തമാക്കിയത്. തീർപ്പാക്കിയ കേസുകളിൽ കൂടുതലും സ്ഥലം കയ്യേറ്റവും വീടുകയ്യേറ്റവും ആയിരുന്നു. സ്ത്രീ താമസിച്ചിരുന്ന വീട് അമ്മയ്ക്കും മകൾക്കും താമസിക്കാൻ നൽകി തിരിച്ചു നൽകാതിരുന്ന സംഭവത്തിൽ വനിതാകമ്മീഷൻ അമ്മയോടും മകളോടും മാറിത്താമസിക്കുവാൻ ഉത്തരവിട്ടു. തൃശൂരിലെ പ്രമുഖ തുണി വ്യാപാര സ്ഥാപനം സ്ഥലം കയ്യേറിയെന്നാരോപിച്ച് നൽകിയ പരാതിയിൽ വിവരങ്ങൾ അന്വേഷിച്ച് എത്രയും വേഗം മറുപടി നൽകാനും വനിതാ കമ്മീഷൻ നിർദേശിച്ചു. 15 കേസുകൾ മാറ്റി വെച്ചു. ഇന്നു പരിഗണിക്കാതിരുന്ന 49 കേസുകൾ അടുത്ത അദാലത്തിൽ പരിഗണിക്കുമെന്നും ചെയർ പേഴ്സൺ അറിയിച്ചു. വനിതാ കമ്മീഷൻ അംഗം അഡ്വ. ഷിജി ശിവജി, ഡയറക്ടർ വി വി കുരിയാക്കോസ് തുടങ്ങിയവർ പങ്കെടുത്തു.
- Log in to post comments