Skip to main content

പ്രവേശനോത്സവം രാജാക്കാട് ഗവ.എച്ച് എസ് എസ്സില്‍ മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്യും

ജില്ലാതല പ്രവേശനോത്സവം രാജാക്കാട് ഗവ.എച്ച് എസ് എസ്സില്‍ നാളെ (ജൂണ്‍ 6) രാവിലെ 10 മണിക്ക് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി എം.എം മണി  ഉദ്ഘാടനം ചെയ്യും. രാജാക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കുഞ്ഞുമോന്റെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍ നിയുക്ത ഇടുക്കി എം.പി ഡീന്‍ കുര്യാക്കോസ് മുഖ്യപ്രഭാഷണം നടത്തും. ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കൊച്ചുത്രേസ്സ്യാ പൗലോസ് നവാഗതരെ സ്വീകരിക്കും. അതോടൊപ്പം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രജി പനച്ചിക്കല്‍ പ്രതിഭകളെ ആദരിക്കും.

ബ്ലോക്ക്, പ്രവേശനോത്സവം നടക്കുന്ന സ്‌കൂള്‍ ക്രമത്തില്‍ 
മൂന്നാര്‍-  ഇടമലക്കുടി ഗവ.എല്‍.പി.എസ്, നെടുങ്കണ്ടം- എസ്.എന്‍.എല്‍.പി.എസ് , പച്ചടി, തൊടുപുഴ- സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് കല്ലാനിക്കല്‍, ഇളംദേശം- ജി.റ്റി.എച്ച്.എസ്.എസ് പൂമാല, കട്ടപ്പന- സെന്റ് ജോര്‍ജ്ജ് എച്ച്.എസ്.എസ് വെള്ളയാംകുടി, പീരുമേട്- ജി.റ്റി.യു.പി.എസ് കുമളി, അറക്കുളം- സെന്റ് തോമസ് എല്‍.പി.എസ് തൊടങ്ങനാട്.

കഴിഞ്ഞ 3 വര്‍ഷങ്ങളായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ജില്ലയില്‍ ഏറ്റെടുത്ത് വിജയിപ്പിച്ച വ്യത്യസ്ത പ്രവര്‍ത്തനങ്ങളുടെ ഫലമായി ഇക്കുറിയും പൊതുവിദ്യാലയങ്ങളില്‍ പ്രവേശനത്തിന് ആവശ്യക്കാരേറെയാണ്. 2017 -18  അക്കാദമിക വര്‍ഷം 103525 കുട്ടികളാണ് സ്‌കൂളുകളില്‍  എത്തിയിരുന്നതെങ്കില്‍ 2018-19 വര്‍ഷം 1,12,985 കുട്ടികളായി വര്‍ദ്ധിച്ചിരുന്നു. 9460 കുട്ടികള്‍ പുതുതായി വിദ്യാലയങ്ങളില്‍ എത്തി. എന്നാല്‍ ഈ അക്കാദമിക വര്‍ഷം ഇതിനകം ഒന്നാം ക്ലാസില്‍ മാത്രമായി 4451 കുട്ടികള്‍ ചേര്‍ന്നുകഴിഞ്ഞു. 2 മുതല്‍ 7 വരെ ക്ലാസുകളിലായി 5350 കുട്ടികളും 8 മുതല്‍ 10 വരെ ക്ലാസുകളിലേക്ക് 3279 കുട്ടികളും പുതുതായി പ്രവേശനം നേടി. 1 മുതല്‍ 10 വരെ 13080 കുട്ടികള്‍ ജില്ലയില്‍ പുതുതായി പ്രവേശനം നേടിയിട്ടുണ്ട്. 570ഓളം കുട്ടികള്‍ അണ്‍ എയ്ഡഡ് സ്‌കൂളുകളില്‍ നിന്നും പൊതുവിദ്യാലയങ്ങളെ സമീപിച്ചുകഴിഞ്ഞു എന്നുള്ളത് പൊതുവിദ്യാലയങ്ങളുടെ മികവിനെ സൂചിപ്പിക്കുന്നതാണ്. വര്‍ദ്ധിച്ച സ്വീകാര്യതമൂലമാണ് വിദ്യാര്‍ത്ഥി പ്രവേശനത്തിരക്ക് അനുഭവപ്പെടുന്നെന്നാണ് വിലയിരുത്തല്‍. 
പൊതുവിദ്യഭ്യാസ  സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി നടത്തിയ ഒട്ടേറെ അക്കാദമിക പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റി. കഴിഞ്ഞ അക്കാദമിക വര്‍ഷത്തിന്റെ അവസാന കാലഘട്ടത്തില്‍ നടത്തിയ പഠനോത്സവം, മികവുത്സവം എന്നിവയിലൂടെ കുട്ടികളുടെ പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങളിലുള്ള മികവുകളും കഴിവുകളും രക്ഷിതാക്കള്‍ക്ക് ബോധ്യപ്പെട്ടതാണ്. ഈ പ്രവര്‍ത്തനങ്ങളിലെല്ലാം വലിയ തോതിലുള്ള ജനകീയ പങ്കാളിത്തം ശ്രദ്ധേയമായിരുന്നു. പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികള്‍ക്കുള്ള പഠനപരിപോഷണ പദ്ധതികളായ മലയാളത്തിളക്കം, ഹലോ ഇംഗ്ലീഷ്, ഗണിതവിജയം, സുരലി ഹിന്ദി എന്നിവ മികച്ച ഫലമാണുണ്ടാക്കിയത്. അധ്യാപകരും രക്ഷിതാക്കളും പൊതുസമൂഹവും ഏറ്റെടുത്ത് നടപ്പില്‍ വരുത്തിയ വിദ്യാലയ മാസ്റ്റര്‍പ്ലാനും അതിനോടനുബന്ധിച്ച് നടപ്പിലാക്കിയ ആക്ഷന്‍ പ്ലാനുമെല്ലാം അക്കാദമിക രംഗത്ത് വിപ്ലവകരമായ മാറ്റങ്ങളുണ്ടാക്കി. പ്രളയം മൂലം തകര്‍ന്ന സ്‌കൂളുകളടക്കം മുഴുവന്‍ വിദ്യാലയങ്ങളിലും അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കാന്‍ നടപടി സ്വീകരിച്ചുകഴിഞ്ഞു. കിഫ്ബി ഫണ്ട് ഉപയോഗിച്ചും പ്ലാന്‍ ഫണ്ട്, നബാര്‍ഡ് ഫണ്ട്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ടുകള്‍, എം.പി, എം.എല്‍.എ ഫണ്ടുകള്‍ എന്നിങ്ങനെ കോടിക്കണക്കിന് രൂപ ചെലവഴിച്ച് വിദ്യാലയങ്ങളില്‍ മികച്ച അടിസ്ഥാന സൗകര്യങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഹൈസ്‌കൂള്‍, ഹയര്‍സെക്കണ്ടറി വിഭാഗം മുഴുവന്‍ സ്‌കൂളുകളിലും എല്ലാ ക്ലാസ് മുറികളും കഴിഞ്ഞ വര്‍ഷം ഹൈടെക് ആക്കി. ഇതിന് മാത്രമായി കിഫ്ബി മുഖാന്തിരം 13.63 കോടി ജില്ലയില്‍ ചെലവഴിച്ചു. കമ്പ്യൂട്ടര്‍ അധിഷ്ഠിത പഠന പ്രവര്‍ത്തനങ്ങല്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രയോജനപ്പെടുത്തുന്നതിന്  പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. കൂടാതെ പ്രൈമറി മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും നാല് ദിവസങ്ങളിലായി ഐ.സി.ടി അധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലനം കൈറ്റിന്റെ നേതൃത്വത്തില്‍ ലഭ്യമാക്കി. വിഷയാധിഷ്ഠിത പരിശീലനം ഡയറ്റിന്റെ നേതൃത്വത്തിലും പൂര്‍ത്തിയാക്കി.  1 മുതല്‍ 7 വരെ ക്ലാസുകള്‍ ഉള്‍ക്കൊള്ളുന്ന പ്രൈമറി വിഭാഗത്തിലെ 481 സ്‌കൂളുകളിലും ഐ.ടി അധിഷ്ഠിത വിദ്യഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി കമ്പ്യൂട്ടര്‍ ലാബുകള്‍ സ്ഥാപിക്കുകയാണ്. ഇതിന്റെ പ്രവര്‍ത്തനങ്ങള്‍ ജൂലൈയില്‍ പൂര്‍ത്തീകരിക്കും. ഇതോടെ ജില്ലയിലെ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളും ഹൈടെക് സംവിധാനത്തിലേക്ക് മാറും. വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം, പാഠപുസ്തകങ്ങള്‍ എന്നിവയുടെ വിതരണം പൂര്‍ത്തിയായി വരുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ 1 മുതല്‍ 7 വരെ ക്ലാസുകളിലെ കുട്ടികള്‍ക്കും എയ്ഡഡ് സ്‌കൂളുകളിലെ നാലാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ് യൂണിഫോം സൗജന്യമായി വിതരണം ചെയ്യുന്നത്. മുഴുവന്‍ വിദ്യലയങ്ങളിലും സ്‌കൂള്‍ പ്രവേശനത്തോടനുബന്ധിച്ച് ശുചീകരണ പ്രവര്‍ത്തനങ്ങള്‍, അറ്റകുറ്റപണികള്‍ മുതലായവ നടത്തുന്നതിന് വേണ്ട നിര്‍ദ്ദേശങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് നല്‍കിയിട്ടുണ്ട്. കൂടാതെ എല്ലാ ഒഴിവുള്ള തസ്തികകളിലും അധ്യാപക നിയമനം പൂര്‍ത്തിയാക്കുന്നതിന് നടപടികള്‍ സ്വീകരിച്ചു.
പ്രവേശനോത്സവത്തോടനുബന്ധിച്ച് എല്ലാ സ്‌കൂളുകളിലും മുന്നൊരുക്കങ്ങള്‍ നിരീക്ഷിക്കാന്‍ വിദ്യാഭ്യാസ ഓഫീസര്‍മാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. കുട്ടികള്‍ അര്‍ഹിക്കുന്ന ആനുകൂല്യങ്ങളില്‍ വീഴ്ചരുത്തുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ പി.കെ. ജയശ്രീ പറഞ്ഞു. 
 പുതിയ അധ്യയന വര്‍ഷത്തില്‍ ജില്ലയിലെ പൊതുവിദ്യാലയങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷവും തുല്യഅവസരങ്ങളും സുരക്ഷയു#ം ഉറപ്പ് വരുത്തുന്നതിന് ബന്ധപ്പെട്ട വകുപ്പുകളുടെയും വിദ്യാഭ്യാസ ഓഫീസര്‍മാരുടെയും ഏകോപനം സമയബന്ധിതമായി നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം  ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ കെ.എ ബിനുമോന്‍ പറഞ്ഞു.
 

date