Skip to main content

പിലിക്കോട് ഗ്രാമപഞ്ചായത്തില്‍ പൈതൃകം വിത്തുത്സവം ജില്ലാ കളക്ടര്‍ ഇന്ന് ഉദ്ഘാടനം ചെയ്യും 

പിലിക്കോട് ഗ്രാമപഞ്ചായത്ത്, കൃഷി ഭവന്‍, പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം, പിലിക്കോട് ബിഎംസി  എന്നിവയുടെ  ആഭിമുഖ്യത്തില്‍ നടത്തുന്ന  പൈതൃകം വിത്തുത്സവം ഇന്ന്(ജൂണ്‍ 12) രാവിലെ 9.30ന് ജില്ലാ കളക്ടര്‍ ഡോ.ഡി സജിത് ബാബു ഉദ്ഘാടനം ചെയ്യും. സ്വാതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന ടി.എസ് തിരുമുമ്പിന്റെ 114-ാം ജന്മദിനമായ ഇന്ന് പിലിക്കോട് പ്രാദേശിക ഗവേഷണ കേന്ദ്രത്തിലെ സംരക്ഷിത തിരുമുമ്പ് ഭവനത്തില്‍ നടത്തുന്ന ചടങ്ങില്‍ പിലിക്കോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ടി വി ശ്രീധരന്‍ അധ്യക്ഷത വഹിക്കും.  
ടി എസ് തിരുമുമ്പിന്റെ സ്മരണകള്‍ക്കൊപ്പം നാടിന്റെ പൈതൃകം വിത്തുകളുടെ പ്രദര്‍ശനവും, പിലിക്കോട് പ്രാദേശീക കാര്‍ഷിക  ഗവേഷണ കേന്ദ്രം സൂക്ഷിച്ചിരുന്ന നെല്ല് ജനിതക ശേഖരം കര്‍ഷകര്‍ക്ക് കൈമാറല്‍, ഫാം ഷോയും പൈതൃകം കാര്‍ഷിക അനുഭവങ്ങളുടെ പങ്കു വയ്ക്കലുമാണ് വിത്തുത്സവത്തിന്റെ അകക്കാമ്പ് . അന്യംനിന്നുപോയ വിവിധതരം  അത്യുല്‍പാദന ശേഷിയുള്ള  നെല്‍വിത്തുകള്‍  പഞ്ചായത്തിലെ കര്‍ഷകര്‍ നേരത്തെ കൃഷി ചെയ്തിരുന്നു. ഇവര്‍ ഉത്പാദിപ്പിച്ച  നെല്‍വിത്തുകള്‍ മറ്റുള്ള കര്‍ഷകര്‍ക്കുകൂടി വിതരണം ചെയ്ത്  പഴയ നെല്‍വിത്തുകളെ പുനര്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യവും വിത്തുത്സവത്തിനുണ്ട്.  വിത്തുത്സവവുമായി ബന്ധപ്പെട്ട് രൂപീകരിച്ച സംഘാടക സമിതി വിത്തുകളുടെ കൂടിയ വിലയും കുറഞ്ഞ വിലയും നിശ്ചയിച്ചിട്ടുണ്ട്. പൈതൃക നെല്‍ വിത്തിനമായ കണ്ടര്‍കുട്ടി കൃഷിചെയ്യുന്ന കര്‍ഷകരെ ആദരിക്കും.
ചടങ്ങില്‍ പഞ്ചായത്തിലെ പാരമ്പര്യ കര്‍ഷകര്‍ പൈതൃകം ദീപം തെളിയിക്കും. കാസര്‍കോട് പാക്കേജ് സ്‌പെഷല്‍ ഓഫീസര്‍ ഇ.പി രാജ്‌മോഹന്‍ വിത്ത് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് മെമ്പര്‍ പ്രൊഫസര്‍ ടി.വി ചന്ദ്രമോഹന്‍ പൈതൃകം നെല്‍വിത്ത് സംരക്ഷണ പ്രതിജ്ഞ ചൊല്ലും. മുന്‍ എം എല്‍ എ:കെ കുഞ്ഞിരാമന്‍, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.പി ജാനകി, നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ നാരായണന്‍ മാസ്റ്റര്‍, പിലിക്കോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശൈലജ എന്നിവരും നീലേശ്വരം ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ആര്‍ വീണാ റാണി, 
ആര്‍ എ ആര്‍ എസ് പിലിക്കോട് അസോസിയേറ്റ് ഡയറക്ടര്‍ കെ എന്‍ സതീശന്‍, ആര്‍ എ ആര്‍ എസ് നെല്‍വിത്ത് ഗവേഷക ഡോ.ടി വനജ, പഞ്ചായത്ത് സെക്രട്ടറി  കെ.രമേശന്‍  എന്നിവരും നിരവധി ജനപ്രതിനിധികളും പങ്കെടുക്കും.

date