Skip to main content

ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിക്കുന്ന  ദൗത്യവുമായി ഹരിത കേരളം മിഷന്‍

ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും സ്ഥാപനങ്ങളിലും വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തില്‍ ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുന്ന 'പെന്‍ഫ്രണ്ട്' പദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുകയാണ് ജില്ലാ ഹരിത കേരളം മിഷന്‍. ഉപയോഗ ശൂന്യമായ പേനകള്‍ ശേഖരിച്ച് പുനചംക്രമണത്തിന് കൈമാറുക., സമൂഹത്തില്‍ മാലിന്യ സംസ്‌കരണവുമായി ബന്ധപ്പെട്ട അവബോധം വളര്‍ത്തുക, ഒറ്റത്തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന പേനകളുടെ ഉപയോഗം കുറയ്ക്കുക എന്നീ ലക്ഷ്യങ്ങളോടെയാണ് ഹരിത കേരളം മിഷന്‍ 'പെന്‍ഫ്രണ്ട്'പദ്ധതി ആവിഷ്‌കരിച്ചത്. 
    പദ്ധതിയുടെ ഭാഗമായി സ്‌കൂളുകളിലും  സ്ഥാപനങ്ങളിലും പെന്‍ഡ്രോപ് ബോക്‌സ് സ്ഥാപിക്കുകയും ഉപയോഗ ശൂന്യമായ പേനകള്‍ വിദ്യാര്‍ത്ഥികളും അധ്യാപകരും  ഉദ്യോഗസ്ഥരും ഈ ബോക്‌സില്‍ നിക്ഷേപിക്കുകയും നിശ്ചിത കാലയളവില്‍ അംഗീകൃത പാഴ്‌വസ്തു വ്യാപാരികള്‍ക്ക് കൈമാറുകയും വേണം. പദ്ധതിയുമായി സഹകരിക്കുവാന്‍ കേരള സ്‌ക്രാപ്പ് മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി തയ്യാറായിട്ടുണ്ട്. 
പുനചംക്രമണത്തിന് കൈമാറി ലഭിക്കുന്ന വരുമാനം ഉപയോഗിച്ച് പേപ്പര്‍ പേന നിര്‍മ്മാണ പരിശീലനം, പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് വിനിയോഗിക്കും. ബോള്‍ പേനകളുടെ ഉപയോഗം നിയന്ത്രിക്കാനാവശ്യമായ പ്രവര്‍ത്തനങ്ങളും ഇതിനോടൊപ്പം നടപ്പിലാക്കുകയും ചെയ്യും. പദ്ധതി നടപ്പിലാക്കുമ്പോള്‍ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്ന വലിയൊരളവിലുള്ള മാലിന്യമാണ് പുനചംക്രമണത്തിനായി കൈമാറപ്പെടുവാന്‍ പോകുന്നത്.

date