മഴക്കാലത്തും സുരക്ഷിത യാത്രാസൗകര്യമൊരുക്കി താനൂര്‍ കനോലി കനാലിന് കുറുകെയുള്ള തൂക്കുപാലം
മഴക്കാലത്തും മത്സ്യത്തൊഴിലാളി കുടുംബങ്ങളില്‍ ഉള്‍പ്പെടെയുള്ള കാല്‍നടയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കി താനൂര്‍ കനോലി കനാലിന് കുറുകെയൊരുക്കിയ തൂക്കുപാലം. താനൂരിലെ ബദര്‍പ്പള്ളിക്കും കളരിപ്പടിക്കും ഇടയില്‍ കനോലി കനാലിന് കുറുകെ വി അബ്ദുറഹ്മാന്‍ എംഎല്‍എ മുന്‍കൈയ്യെടുത്ത് തൂക്കുപാലം യാഥാര്‍ത്ഥ്യമാക്കിയതോടെയാണ് നൂറുകണക്കിനാളുകള്‍ക്ക് സുരക്ഷിത യാത്രാസൗകര്യമായത്. അതിനാല്‍ മഴക്കാലത്തു പോലും സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ആശങ്കകളില്ലാതെ കനോലി കനാല്‍ മുറിച്ചുകടക്കാം. പതിറ്റാണ്ടുകളായുള്ള പ്രദേശവാസികളുടെ യാത്രാദുരിതത്തിന് പരിഹാരമായാണ് കനോലി കനാലിന് കുറുകെ എംഎല്‍എ ഇടപെട്ട് തൂക്കുപാലം ഒരുക്കിയത്. പ്രതിദിനം നൂറുക്കണക്കിന് ആളുകളാണ് ഇതുവഴി യാത്ര ചെയ്യുന്നത്. താല്‍ക്കാലികമായി നാട്ടുകാര്‍ നിര്‍മ്മിച്ചിരുന്ന പാലത്തിലൂടെ അപകടകരമായി യാത്ര ചെയ്താണ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ മുമ്പ് മറുകരയിലെത്തിയിരുന്നത്. വിദ്യാര്‍ത്ഥികള്‍ മുളപ്പാലത്തില്‍ നിന്ന് വീണ് പരിക്കേറ്റ സംഭവങ്ങളുമുണ്ടായിട്ടുണ്ട്. ഇതോടെയാണ് പ്രദേശവാസികളുടെ സുരക്ഷാപ്രശ്‌നം തിരിച്ചറിഞ്ഞ് വി. അബ്ദുറഹിമാന്‍ എം.എല്‍.എ ആസ്തി വികസന പദ്ധതിയില്‍ നിന്നും ഒരു കോടി പതിനഞ്ച് ലക്ഷം രൂപ ചെലവഴിച്ച് മാസങ്ങള്‍ക്ക് മുമ്പ് തൂക്കുപാലം നിര്‍മ്മിച്ചത്. മന്ത്രി ജി. സുധാകരനാണ് തൂക്കുപ്പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം നിര്‍വ്വഹിച്ചത്. ദേശീയ ജലപാതാ അതോറിറ്റിയുടെ നിബന്ധനകള്‍ക്ക് വിധേയമായാണ് തൂക്കുപാലം ഒരുക്കിയിരിക്കുന്നത്. ചങ്ങലയില്‍ തൂക്കിയിട്ടിരിക്കുന്ന രീതിയിലാണ് തൂക്കുപാലത്തിന്റെ നിര്‍മ്മാണം. താനൂര്‍ നിയോജക മണ്ഡലത്തിലെ ഏക തൂക്കുപാലമെന്ന പ്രത്യേകത കൂടിയുണ്ടിതിന്.
- Log in to post comments