Skip to main content

ഗൃഹചൈതന്യം പദ്ധതി: മൂന്നാംഘട്ടത്തിന് തുടക്കം

 

    സംസ്ഥാന ഔഷധസസ്യ ബോര്‍ഡും ആയുഷ് വകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന 'വീട്ടില്‍ ഒരു വേപ്പും കറിവേപ്പും' ഗൃഹചൈതന്യം പദ്ധതിയുടെ മൂന്നാംഘട്ടത്തിന് ജില്ലയില്‍ തുടക്കമായി.  തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.

    മൂന്നാംഘട്ട പദ്ധതിയുടെയും ജില്ലാതല ശില്പശാലയുടെയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ ബീഗം നിര്‍വഹിച്ചു.  ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഔഷധസസ്യ ബോര്‍ഡ് അംഗം കെ.വി. ഗോവിന്ദന്‍ അധ്യക്ഷത വഹിച്ചു.  ബോര്‍ഡ് എക്‌സി. അംഗം പി. സജീവ് കുമാര്‍, ഡോ. ഗംഗാ പ്രസാദ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ഡോ. ടി. ഷാജി, ജില്ലയിലെ 21 ഗ്രാമപഞ്ചായത്തുകളുടെ അധ്യക്ഷന്മാര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എന്‍ജിനീയര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

    ജില്ലയിലെ മൂന്ന് ബ്ലോക്കുകളില്‍ നിന്നുള്ള 21 ഗ്രാമപഞ്ചായത്തുകളിലാണ് മൂന്നാംഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്.  തൈകള്‍ ഉല്‍പ്പാദിപ്പിക്കാന്‍ ആവശ്യമായ ഗുണമേന്മയുള്ള വിത്തുകള്‍ ആഗസ്റ്റ് ആദ്യവാരം പഞ്ചായത്തുകളില്‍ വിതരണം ചെയ്യും.
      
    പഞ്ചായത്തുകളെ ഔഷധസസ്യഗ്രാമങ്ങളാക്കുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന ഔഷധബോര്‍ഡ് 2017 നവംബറിലാണ് ഗൃഹചൈതന്യം പദ്ധതിക്ക് തുടക്കമിട്ടത്.  ജില്ലയില്‍ ആദ്യഘട്ടം പരീക്ഷണാടിസ്ഥാനത്തില്‍ കുന്നത്തുകാല്‍ പഞ്ചായത്തിലാണ് നടപ്പാക്കിയത്.  പദ്ധതി വിജയകരമായത്തോടെ രണ്ടാംഘട്ടമെന്ന നിലയില്‍ 2018 ല്‍ ജില്ലയിലെ 51 പഞ്ചായത്തുകളില്‍ നടപ്പാക്കി.  
(പി.ആര്‍.പി. 743/2019)

 

date