Skip to main content

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ 1300 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മിച്ചു - മന്ത്രി ജി.സുധാകരന്‍

മൂന്ന് വര്‍ഷത്തിനിടെ കേരളത്തില്‍ 1300 കിലോമീറ്റര്‍ റോഡ് പുനര്‍നിര്‍മാണം നടത്തിയെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍. മുണ്ടുപറമ്പ് -കാവുങ്ങല്‍ ബൈപാസ് പുനരുദ്ധാരണ പ്രവര്‍ത്തി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ കാല പുതിയ നിര്‍മാണം എന്നാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. രാഷ്ട്രീയ വ്യത്യാസമില്ലാതെ കേരളത്തിലെ എല്ലാ സ്ഥലങ്ങളിലും റോഡ് നിര്‍മാണത്തിന് ഫണ്ട് അനുവദിക്കുന്നുണ്ട്. മലപ്പുറം നഗരത്തിലെ ഗതാഗത കുരുക്കഴിക്കാന്‍ ആവശ്യമായ തുക സര്‍ക്കാര്‍ അനുവദിച്ചിട്ടുണ്ട്. കോട്ടപ്പടി ബൈപാസിന് സ്ഥലം ഏറ്റെടുക്കാന്‍ 23 കോടി അനുവദിച്ചു. ടാറിങിനായി മൂന്ന് കോടിയും അനുവദിച്ചതായി മന്ത്രി പറഞ്ഞു. പി. ഉബൈദുള്ള എംഎല്‍എ അധ്യക്ഷത വഹിച്ചു. പി.കെ കുഞ്ഞാലിക്കുട്ടി എംപി മുഖ്യാതിഥിയായി.
2.13 കിലോമീറ്റര്‍ ദൂരത്തിലാണ് മുണ്ടുപറമ്പ് കാവുങ്ങല്‍ ബൈപാസുള്ളത്. ദേശീയപാത 966നെയും സംസ്ഥാനപാത 71നെയും ബന്ധിപ്പിക്കുന്ന ബൈപാസ് നവീകരിക്കുന്നതോടെ നഗരത്തിലെ ഗതാഗത തിരക്കിന് പരിധിവരെ പരിഹാരമാവും. നിലവില്‍ ഏഴ് മീറ്റര്‍ റോഡുള്ളത് 15 മീറ്ററാക്കുകയും നാല് ഓവുപാലങ്ങള്‍ പുനര്‍നിര്‍മിക്കുകയും ചെയ്യും. കേന്ദ്ര റോഡ് ഫണ്ടില്‍ നിന്നും 6.5 കോടി ചെലവിലാണ് നിര്‍മാണം.
മലപ്പുറം നഗരസഭ ചെയര്‍പേഴ്‌സണ്‍ സി.എച്ച് ജമീല, കൗണ്‍സിലര്‍മാരായ ഒ. സഹദേവന്‍, പാര്‍വതികുട്ടി ടീച്ചര്‍, കെവി ശശികുമാര്‍, ഹാരിസ് ആമിയന്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ കെ മജ്‌നു, വീക്ഷണം മുഹമ്മദ്, സിഎച്ച് നൗഷാദ്, കെ രാമചന്ദ്രന്‍, എക്‌സി. എഞ്ചിനിയര്‍ കെ മുഹമ്മദ് ഇസ്മയില്‍, അസി. എക്‌സി എഞ്ചിനിയര്‍ എംകെ സിമി, അസി. എഞ്ചിനിയര്‍ സി അനീഷ് എന്നിവര്‍ സംസാരിച്ചു.

 

date