Skip to main content

റീബില്‍ഡ് - പ്രളയത്തെ അതിജീവിച്ച് കോതമംഗലം

കോതമംഗലം: പ്രളയ ദുരിതത്തിന് ഒരാണ്ട് പിന്നിടുമ്പോള്‍ അതിജീവന പാതയില്‍ മുന്നേറുകയാണ് കോതമംഗലം. കഴിഞ്ഞ ആഗസ്റ്റിലെ പ്രളയം താലൂക്കിലെ വിവിധ പഞ്ചായത്തുകളില്‍ വന്‍ നാശനഷ്ടങ്ങളാണ് വരുത്തി വച്ചത്. കാര്‍ഷിക - വ്യവസായിക മേഖലകളിലെല്ലാം പ്രളയം നാശം വിതച്ചു. എന്നാല്‍ പ്രളയദുരിതത്തിന് ഒരാണ്ട് പിന്നിടുമ്പോള്‍ ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടെയും സന്നദ്ധ സംഘടനകളുടെയുമെല്ലാം കൂട്ടായ്മയിലൂടെ ദുരന്തത്തെ നാട് മറികടന്ന് കഴിഞ്ഞു. താലൂക്ക് പരിധിയിലെ വിവിധ വില്ലേജുകളിലായി 124 വീടുകളെയാണ് പ്രളയം പൂര്‍ണ്ണമായും തകര്‍ത്തത്. കോതമംഗലം - 1, പല്ലാരിമംഗലം-3, കുട്ടമ്പുഴ-11, കടവൂര്‍ - 5, കീരമ്പാറ- 2, കോട്ടപ്പടി - 2, നേര്യമംഗലം-24, തൃക്കാരിയൂര്‍-1, വാരപ്പെട്ടി എന്നിങ്ങനെയാണ് തകര്‍ന്ന വീടുകളുടെ വില്ലേജ് അടിസ്ഥാനത്തിലെ കണക്ക്. ഇതില്‍ 4 വീടുകള്‍ കെയര്‍ഹോം പദ്ധതി പ്രകാരവും 15 വീടുകള്‍ വിവിധ സന്നദ്ധ സംഘടനകളും പൂര്‍ത്തീകരിച്ച് കഴിഞ്ഞു. റീബില്‍ഡ് കേരള പദ്ധതി പ്രകാരം 4 ലക്ഷം രുപ മുടക്കി സര്‍ക്കാര്‍ നിര്‍മ്മിക്കുന്ന 51 വീടുകള്‍ അന്തിമഘട്ടത്തിലുമാണ്. ഇതില്‍ 46 വീടുകള്‍ മുന്നാം ഘട്ടം തുക കൈപറ്റിക്കഴിഞ്ഞു. പുറമ്പോക്ക് ഭൂമിയില്‍ താമസിച്ചിരുന്ന അന്‍പതോളം പേര്‍ക്ക് വാരപ്പെട്ടി, കടവൂര്‍ വില്ലേജുകളിലായി ഭവന സമുച്ചയം നിര്‍മ്മിക്കാനാണ് തീരുമാനിച്ചിട്ടുള്ളത്.  ഇതില്‍ കടവൂര്‍ വില്ലേജില്‍ 6 കുടുംബങ്ങള്‍ക്കായി വീടുകള്‍ നിര്‍മ്മാണമാരംഭിച്ചിട്ടുണ്ട്. വാരപ്പെട്ടി വില്ലേജിലെ ഒരേക്കര്‍ സ്ഥലത്ത് നിര്‍മ്മിക്കുന്ന ഭവന സമുച്ചയത്തിലേക്ക് മാറാന്‍ 10 കുടുംബങ്ങള്‍ മാത്രമാണ് സമ്മത പത്രം നല്‍കിയത്. മറ്റുള്ളവര്‍ ഇതുവരെയും സമ്മത പത്രം നല്‍കിയിട്ടില്ല.  ഭാഗീകമായി വീടുകള്‍ നശിച്ച 1289 കുടുംബങ്ങളാണ് താലൂക്കിലുള്ളത്. ഇവരുടെ നഷ്ടത്തിന്റെ കണക്കുകള്‍ ഉദ്യോഗസ്ഥര്‍ പരിശോധിച്ച് കളക്ട്രേറ്റിലേക്ക് നല്‍കി. നഷ്ടപരിഹാര തുക ഭൂരി ഭാഗം പേര്‍ക്കും ലഭിച്ചു കഴിഞ്ഞു. പ്രളയത്തിന്റെ ഭാഗമായി താലൂക്കില്‍ പ്രളയ ബാധിതരായ 20 75 കുടുംബങ്ങള്‍ക്ക് 10000 രുപ വീതം അടിയന്തിര സഹായം നല്‍കിയിരുന്നു. നേര്യമംഗലം-410, കുട്ടമ്പുഴ-248, കീരമ്പാറ-111, കുട്ടമീ ഗലം - 92, കോതമംഗലം - 471, തൃക്കാരിയൂര്‍- 171, കടവൂര്‍ - 103, പല്ലാരിമംഗലം-179, കോട്ടപ്പടി - 4, പോത്താനിക്കാട് - 35, ഇരമലൂര്‍ - 14, പിണ്ടിമന - 37, വാരപ്പെട്ടി - 200 എന്നിങ്ങനെയാണ് ഇതിന്റെ വില്ലേജ് തിരിച്ചുള്ള കണക്ക്. വിവിധ രേഖകള്‍ നഷ്ടപ്പെട്ടവര്‍ക്കായി താലൂക്ക് തലത്തില്‍ നടത്തിയ അദാലത്തിലൂടെ 78 പേര്‍ക്ക് രേഖകളും നല്‍കി. ആന്റണി ജോണ്‍ എം. എല്‍.എയുടെ നേതൃത്വത്തില്‍ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളും വിവിധ വകുപ്പുദ്യോഗസ്ഥരും കൂട്ടായ പ്രവര്‍ത്തനമാണ് ഇക്കാര്യത്തില്‍ കാഴ്ച വച്ചത്. കൂടാതെ താലൂക്കില്‍ കൃഷി നാശം സംഭവിച്ചവര്‍ക്കുള്ള നഷ്ടപരിഹാര വിതരണവും അന്തിമഘട്ടത്തിലാണ്. തകര്‍ന്ന റോഡുകളുടെ പുനര്‍നിര്‍മ്മാണവും ദ്രുതഗതിയില്‍ നടന്ന് കഴിഞ്ഞു.

date