Skip to main content

പ്രാപ്തമായ നാട് പര്യാപ്തമായ നാട്ടിക:

വികസന പദ്ധതികളുമായി നാട്ടിക പഞ്ചായത്ത്
നാട്ടിക ഗ്രാമപഞ്ചായത്തിന്റെയും ഗ്രാമപഞ്ചായത്ത് ആസൂത്രണ സമിതിയുടെയും സംയുക്താഭിമുഖ്യത്തിൽ നാട്ടികയുടെ സമസ്ത മേഖലയുടെയും സമഗ്രമായ ക്ഷേമവും വികസനവും മുൻനിർത്തി ജനകീയ ചർച്ചാമേള സംഘടിപ്പിച്ചു. ഉന്നം പ്രാപ്തമായ നാട്,പര്യപ്തമായ നാട്ടിക എന്ന പേരിൽ നാട്ടികയുടെ നാനാതുറയിലുമുള്ള കുറവുകൾ പരിഹരിച്ച് എല്ലാവിഭാഗങ്ങളിലും വികസനം ലക്ഷ്യമിടുന്ന പദ്ധതിയിൽ പഞ്ചായത്തിലെ ഓരോ ജനങ്ങളും പങ്കാളികളാകും. വിവിധ ഘട്ടങ്ങളിലായി നടപ്പിലാക്കുന്ന പദ്ധതിയുടെ പ്രാരംഭഘട്ടമായ ചർച്ചാമേള നാട്ടുകാരനും ലോകവ്യവസായിയുമായ പത്മശ്രീ ഡോ. എം എ യൂസഫലി ഉദ്ഘാടനം ചെയ്തു. എം പി ടി എൻ പ്രതാപൻ, എം എൽ എ ഗീതഗോപി,പഞ്ചായത്ത് പ്രസിഡന്റ് പി വിനു,ആസൂത്രണ സമിതി വൈസ് ചെയർമാൻ അനിൽ പുളിക്കൽ, പഞ്ചായത്ത്, ബ്ലോക്ക് പ്രത്‌നിധികൾ, ഉദ്യോഗസ്ഥർ പഞ്ചായത്ത് നിവാസികൾ എന്നിവർ പങ്കെടുത്തു. 
വിവിധ വകുപ്പുകളെ പ്രതിനിധീകൾ ചർച്ചയിൽ പങ്കെടുത്തു. കാർഷികരംഗത്ത് നടപ്പിലാക്കേണ്ട പ്രവർത്തികൾ നാട്ടിക ക്യഷി ഓഫീസർ പ്രീത കെ ആർ അവതരിപ്പിച്ചു. ഭക്ഷ്യസുരക്ഷ, ജൈവകാർഷിക രീതി വ്യാപിപ്പിക്കൽ,ജൈവകീടനിയന്ത്രണമാർഗ്ഗങ്ങൾ അവലംബിച്ച് ക്യഷി ചെയ്യൽ, വാർഡിൽ 10 വീതം തെങ്ങുകയറ്റ യന്ത്രങ്ങൾ വിതരണം ചെയ്യുക, നാളികേരസംഭരണം , ക്യഷിഭവന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തൽ , സമഗ്രക്യഷി വികസന പദ്ധതി, ഇടവിളക്യഷി,സംയോജിത ക്യഷി, മാത്യകാ പുരയിടത്തോട്ടങ്ങൾ വികസിപ്പിക്കുക, മണ്ണ് പരിശേധനയിലൂടെ ഫലഭൂയിഷ്ടി വർദ്ധിപ്പിക്കുക, മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം വർദ്ദിപ്പിക്കുക എന്നിങ്ങനെ 52 ലക്ഷം രൂപയുടെ പ്രവർത്തനങ്ങളാണ് കാർഷികരംഗത്ത് പ്രാവർത്തികമായി നടപ്പിലാക്കേണ്ടത്. കുടുംബാരോഗ്യകേന്ദ്രമായി ഉയർത്തുന്നതിന്റെഭാഗമായി പബ്ലിക് ഹെൽത്ത് സെന്‌ററിലെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, മരുന്നുകൾ സൂക്ഷിക്കാനുള്ള എ സി ഫാർമ്മസി സ്റ്റോർ, ഫിസിയോതെറാപ്പി സൗകര്യങ്ങൾ എന്നിവയാണ് ആരോഗ്യരംഗത്തെ നിർദ്ദേശങ്ങൾ. പബ്ലിക് ഹെൽത്ത് സെന്ററിലെ ചാർജ്ജ് ഓഫീസർ ഡോ.രാഗി പ്രവർത്തനങ്ങൾ അവതരിപ്പിച്ചു. ആയുർവേദ രംഗത്ത് ഹൈടെക് ലാബ്,ഡയാലിസിസ് യൂണിറ്റ് നിർമ്മാണം എന്നിവ ഡോ. അഭിലാഷ് അവതരിപ്പിച്ചു. വ്യവസായരംഗത്ത് എൽ ഇ ഡി ബൾബുകളുടെ നിർമ്മാണം, സോളാർ എനർജി, ഇലക്‌ട്രോണിക് ഉൽപ്പന്നങ്ങളുടെ ഉൽപ്പാദനം, ബസ്സ് സ്റ്റാന്റിൽ ഉപയോഗശൂന്യമായ കെട്ടിടം നവീകരിച്ച് മിനിഹാൾ ആക്കിമാറ്റുക എന്നീ നിർദ്ദേശങ്ങൾ മുൻ പഞ്ചായത്ത് മെമ്പർ ടി കെ പ്രസാദ് അവതരിപ്പിച്ചു. എല്ലാ അംഗനവാടികളും ഹൈടെക് ആക്കി ഉയർത്തുക, 4 അംഗനവാടികൾക്ക് സ്വന്തമായി കെട്ടിടം എന്നിവ ഐ സി ഡി എസ് സൂപ്പർവൈസർ കെ പി ഷീന നിർദ്ദേശിച്ചു. 
ഉന്നം പദ്ധതിക്ക് പിന്തുണ പ്രഖ്യാപിച്ച് എം എ യൂസഫലി നാട്ടിക നിവാസികളായ 50 പേർക്ക് പഞ്ചായത്ത് സ്ഥലം നൽകുകയാണെങ്കിൽ വീടും കുട്ടികൾക്ക് പാർക്കും നിർമ്മിച്ച് നൽകുമെന്ന് പ്രഖ്യാപിച്ചു. പദ്ധതി യാഥാർത്ഥമാകുന്നതോടെ നാട്ടിക സമ്പൂർണ്ണ വികസിത പഞ്ചായത്ത് ആയി മാറും. വിദ്യാഭ്യാസ മേഖലയിൽ 12 സർക്കാർ സ്‌കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങളുയർത്തുക, ലൈബ്രെറി ഹാൾ, കമ്പ്യൂട്ടർ ലാബ് എന്നിവ സജ്ജമാക്കുക, സ്‌കൂൾ ബസ് കളുടെ എണ്ണം വർധിപ്പിക്കുക, എന്നിവയും സാംസ്‌കാരികമേഖലയിൽ സാംസ്‌കാരിക നിലവാരമുയർത്തുവാനാവശ്യമായ പരിപാടികൾ പഞ്ചായത്ത് സംഘടിപ്പിക്കുക, ദുരിദമനുഭവിക്കുന്ന കലാകാരന്മാരെ സഹായിക്കുന്നതിന് ജനകീയ പങ്കാളിത്തത്തോടെ പദ്ധതി കൾ നടപ്പിലാക്കുക എന്നിങ്ങനെ യുള്ള നിർദേശങ്ങളും ചർച്ചയിൽ ഉരുത്തിരിഞ്ഞു. 

date