Skip to main content

കെയര്‍ ഹോം പദ്ധതി; ചങ്ങനാശേരിയില്‍ പത്തു വീടുകളും പൂര്‍ത്തിയായി ---  പ്രളയത്തെ തോല്‍പ്പിക്കാന്‍ തൂണുകള്‍ക്കു മുകളില്‍ ഒരു വീട്

 

പ്രളയകാലത്ത് പൂര്‍ണമായും വെള്ളത്തില്‍ മുങ്ങിയ വീടിനു പകരം അതേ സ്ഥലത്ത് ഉയരത്തില്‍ ഒരു വീട്. പനച്ചിക്കാവ്  മാലിയില്‍ ജെംസിമോള്‍ സാമുവലിനുവേണ്ടിയാണ് സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതിയിലൂടെ വെള്ളപ്പൊക്കത്തെ അതിജീവിക്കുന്ന വീടൊരുക്കിയത്. 

ആകെയുള്ള മൂന്നര സെന്‍റ് സ്ഥലത്തില്‍ ഒന്നര സെന്‍റ് പനയാറ് തോടിന്‍റെ ഭാഗവും ബാക്കി ചതുപ്പു നിലവുമായിരുന്നു. സാധാരണ മഴക്കാലത്തുപോലും തോടു കവിഞ്ഞ് വീട്ടില്‍ വെള്ളം കയറുക പതിവായിരുന്നു. പ്രളയകാലത്ത് വെള്ളം വീടിനെ മൂടി. 
വിദഗ്ധരുടെ നിര്‍ദേശപ്രകാരം ഒന്‍പതു തൂണുകള്‍ സ്ഥാപിച്ച് അതിനു മുകളിലാണ് ഇത്തിത്താനം ജനത സഹകരണ ബാങ്കിന്‍റെ നേതൃത്വത്തില്‍ പുതിയ വീടു നിര്‍മിച്ചത്. ജില്ലയില്‍ ഇത്തരത്തില്‍ നിര്‍മ്മിച്ച ഏക വീടാണിത്.

വെള്ളത്തില്‍ ഉയര്‍ന്നു കിടക്കുന്ന കനം കുറഞ്ഞ എ.സി.സി കട്ടകളാണ് ഭിത്തിക്കായി ഉപയോഗിച്ചിരിക്കുന്നത്. മേല്‍ക്കൂരയ്ക്ക് ഷീറ്റ് ഉപയോഗിച്ചു. വീടിന്‍റെ അടിഭാഗത്ത് വളര്‍ത്തുമൃഗങ്ങള്‍ക്കായി കൂടൊരുക്കാനും സൗകര്യമുണ്ട്. 

ഇതുള്‍പ്പെടെ ചങ്ങനാശേരി താലൂക്കില്‍ കെയര്‍ ഹോം പദ്ധതിയില്‍ സഹകരണ വകുപ്പ് നിര്‍മിച്ച പത്തു വീടുകളുടെയും താക്കോലുകള്‍ ഗുണഭോക്താക്കള്‍ക്ക് കൈമാറി. തുരുത്തി, വാഴപ്പളളി, ചീരംചിറ, തൃക്കൊടിത്താനം, കുറിച്ചി, ചങ്ങനാശ്ശേരി നോര്‍ത്ത് എന്നീ സഹകരണ ബാങ്കുകളാണ് മറ്റു വീടുകളൊരുക്കിയത്.   ഏറെ പ്രതിസന്ധികള്‍ അതിജീവിച്ചായിരുന്നു ചതുപ്പു പ്രദേശങ്ങളിലെ നിര്‍മാണം.

പനച്ചിക്കാവ് പ്ലാപ്പറമ്പില്‍ റീത്ത ജോസഫ്, മനപ്പറമ്പില്‍ ടി. സന്തോഷ്, കൊച്ചുപറമ്പ് സിന്ധു ജോസ്, പാറക്കല്‍ ഉഷ ഷാജി, നീലംപേരൂര്‍ ചെന്നക്കാട് ശോഭന സുഭാഷ്, വാഴപ്പളളി കട്ടത്തറ സുധീന്ദ്ര കുമാര്‍, വെട്ടിത്തുരുത്ത് സ്വദേശിനി മേരി ചാക്കോ, നക്രാല്‍ പുതുവേല്‍ വാഴപ്പറമ്പ് തങ്കമ്മ കാളി, കുമരംകരി നാഥനടിച്ചിറ ഇന്ദിര ആന്‍റണി എന്നിവരാണ് മറ്റു ഗുണഭോക്താക്കള്‍. 

കെയര്‍ ഹോം പദ്ധതിക്കായി സഹകരണ വകുപ്പ് 49.51 ലക്ഷം രൂപയാണ് ചങ്ങനാശേരി താലൂക്കില്‍ ആകെ ചിലവഴിച്ചത്. പദ്ധതി വിഹിതത്തില്‍ അധികമായി  വേണ്ടിവന്ന തുക അതത് ബാങ്കുകളാണ് വഹിച്ചത്.

date