Skip to main content

കാലാവസ്ഥ വാട്സപ്പിലെത്തും; ഇത് കരുതലിന്‍റെ പുതിയ മുഖം

കാലാവസ്ഥയിലെ ചെറിയ വ്യതിയാനം പോലും കോട്ടയം ജില്ലിലെ മത്സ്യത്തൊഴിലാളികള്‍ക്ക് തത്സമയം മൊബൈല്‍ ഫോണില്‍ അറിയാം. പ്രളയം പഠിപ്പിച്ച പാഠമുള്‍ക്കൊണ്ട് ഫിഷറീസ് വകുപ്പ് തുടക്കം കുറിച്ച ഫിഷറീസ് വെതര്‍ വാണിംഗ് വാട്സപ്പ് കൂട്ടായ്മയാണ് അനേകം മത്സ്യത്തൊഴിലാളികള്‍ക്ക് ആശ്വാസമാകുന്നത്. 

ദുരന്തനിവാരണ അതോറിറ്റിയും ഫിഷറീസ് ഡയറക്ട്രേറ്റും നല്‍കുന്ന ആധികാരിക അറിയിപ്പുകളാണ്  ഗ്രൂപ്പുവഴി തൊഴിലാളികള്‍ക്ക് കൈമാറുന്നത്. ഇരുന്നൂറോളം മത്സ്യത്തൊഴിലാളികളും ഫിഷറീസ് വകുപ്പ്, മത്സ്യഫെഡ് ഉദ്യോഗസ്ഥരും മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കളും കൂട്ടായ്മ അംഗങ്ങളാണ്. കൂട്ടായ്മയില്‍ ഇല്ലാത്തവര്‍ ക്കും ഇവര്‍ മുഖേന വിവരങ്ങള്‍ ലഭിക്കുന്നുണ്ട്.  

ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ, അസിസ്റ്റന്‍റ് ഡയറക്ടര്‍ ആര്‍. ജുഗ്നു, വൈക്കം ഫിഷറീസ് ഇന്‍സ്പെക്ടര്‍ നൗഷാദ് എന്നിവരാണ് ഗ്രൂപ്പ് അഡ്മിനുകള്‍. 
കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ജില്ലയിലെ നിരവധി മത്സ്യത്തൊഴിലാളികളുടെ വള്ളവും വലയും നഷ്ടപ്പെട്ടിരുന്നു. പ്രളയം കൂടുതല്‍ ബാധിച്ചത് വൈക്കം, കുമരകം മേഖലയിലെ മത്സ്യത്തൊഴിലാളികളെയാണ്. അപകട സാധ്യതകള്‍ മുന്‍കൂട്ടി അറിയിക്കാന്‍ വാട്സപ്പ് കൂട്ടായ്മ സഹായകമാണെന്ന്  ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ എസ്. ജയശ്രീ പറഞ്ഞു.

date