Skip to main content

കപ്പലുകളെ ആകര്‍ഷിക്കാന്‍ തുറമുഖങ്ങള്‍ അന്തര്‍ദേശീയ  നിലവാരത്തിലേക്ക്: അഴീക്കല്‍ തുറമുഖത്ത് കപ്പല്‍ നിര്‍മ്മാണശാല നിര്‍മ്മിക്കും

വിദേശ കപ്പലുകളെയും ഇന്ത്യന്‍ കപ്പലുകളെയും ആകര്‍ഷിക്കുന്നതിനായി കേരളത്തിലെ തുറമുഖങ്ങളെ മൂന്ന് മാസത്തിനുള്ളില്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുമെന്ന് തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി. സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസ പ്രവര്‍ത്തനങ്ങള്‍ ദ്രുതഗതിയില്‍ നടത്തുന്നതിനായി രൂപീകരിച്ച കേരള മാരിടൈം ബോര്‍ഡിന്റെ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്നതിനായി ചേര്‍ന്ന വാര്‍ത്താ സമ്മേളനത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. ഇതിന്റെ ആദ്യപടിയായി തുറമുഖങ്ങള്‍ വഴിയുള്ള ചരക്ക് നീക്കങ്ങള്‍ പൂര്‍ണ്ണമായും കമ്പ്യൂട്ടര്‍വല്‍ക്കരിക്കും. ഗതാഗത സംവിധാനം ഓണ്‍ലൈന്‍ വഴി ട്രാക്ക് ചെയ്യും. പണമിടപാടുകളും മറ്റും ഓണ്‍ലെന്‍ വഴി മാത്രമാകും. ഇതിനായി വി ടി എം എസ്, റഡാര്‍ എന്നിവയോടുകൂടിയ ഐ എസ് പി എസ് കോഡ് സ്ഥാപിക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായും മന്ത്രി പറഞ്ഞു. 
അഴീക്കലില്‍ ഇടത്തരം കപ്പല്‍ നിര്‍മ്മാണശാല നിര്‍മ്മിക്കും. ഇവിടെ നിന്നും പ്രതിവാരം 2500 കണ്ടെയ്‌നറുകള്‍ വീതം കപ്പല്‍ സര്‍വീസ് വഴി നീക്കം ചെയ്യാനാകും. അഴീക്കല്‍- ലക്ഷദ്വീപ് കപ്പല്‍ ഗതാഗത ചരക്ക് നീക്ക ഇടനാഴി പുനസ്ഥാപിക്കും. ഇത് വഴി ഉത്തരമലബാറില്‍ നിന്നും കൊച്ചിയിലേക്ക് റോഡ് മാര്‍ഗമുള്ള ചരക്ക് നീക്കം ഒഴിവാക്കാനാകും. 
കൊല്ലം തുറമുഖത്ത് പ്രവര്‍ത്തനരഹിതമായ എഞ്ചിനീയറിംഗ് വര്‍ക്ക്‌ഷോപ് പ്രവര്‍ത്തന സജ്ജമാക്കും. ഇവിടെ ആവശ്യമായ മെക്കാനിക്കല്‍ എഞ്ചിനീയര്‍മാരെയും ജീവനക്കാരെയും നിയമിക്കും. വിവിധ തുറമുഖങ്ങളില്‍ ചെറിയ കപ്പല്‍ നിര്‍മ്മാണ ശാലകള്‍ നിര്‍മ്മിക്കുകയും അറ്റകുറ്റപ്പണികള്‍ക്കായുള്ള ഡ്രൈ ഡോക്ക്, ഫ്‌ളോട്ടിംഗ് ഡ്രൈ ഡോക്ക് സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും ചെയ്യും. കൊല്ലത്തും കൊടുങ്ങല്ലൂരും മാരിടൈം അക്കാദമി സ്ഥാപിക്കും. ഇവിടെ ഡ്ിപ്ലോമ, ഡിഗ്രി, എംബിഎ തുടങ്ങിയ പ്രഫഷണല്‍ ട്രെയിനിംഗ് കോഴ്‌സുകള്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കൊളംബോ, കൊല്ലം, കൊച്ചി, ബേപ്പൂര്‍, അഴീക്കല്‍ തുറമുഖങ്ങളെ ബന്ധിപ്പിച്ച് ചരക്ക് കണ്ടെയ്‌നര്‍ കപ്പലുകളുടെയും ബാര്‍ജുകളുടെയും സര്‍വീസ് നടത്തുന്നതിനുള്ള നടപടികള്‍ പുരോഗമിക്കുന്നു. തീരദേശം വഴി പെട്രോളിയം ഉല്‍പന്നങ്ങള്‍, എല്‍ എന്‍ ജി, ഗ്യാസ് തുടങ്ങിയവയുമായി മംഗലാപുരം, അഴീക്കല്‍, ബേപ്പൂര്‍, കൊച്ചി, കൊല്ലം തുറമുഖങ്ങളെ ബന്ധിപ്പിച്ച് സര്‍വീസ് നടത്തും.
തുറമുഖ നവീകരണത്തിന്റെ ഭാഗമായി സിമന്റ് ക്ലിങ്കര്‍ വഹിക്കാനുള്ള സിമന്റ് ടെര്‍മിനല്‍, എല്‍ എന്‍ ജി, പെട്രോളിയം ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാനുള്ള ഓയില്‍ ടാങ്ക് ഫാം, വിന്‍ഡ് മില്‍, ഫ്‌ളോട്ടിംഗ് സോളാര്‍, ഓഫ് ഷോര്‍ ടെര്‍മിനല്‍, സ്റ്റീല്‍ റോളിംഗ് മില്‍സ് തുടങ്ങിയവ സ്ഥാപിക്കാനും കേരള മാരിടൈം ബോര്‍ഡ് പദ്ധതികള്‍ തയ്യാറാക്കുന്നുണ്ട്.
വിവിധ പദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടപ്പിലാക്കുന്നതിനായി പൊതു-സ്വകാര്യ പങ്കാളിത്തത്തോടുകൂടി വ്യത്യസ്ഥ കമ്പനികളെ പങ്കെടുപ്പിച്ച് ടെണ്ടര്‍ ക്ഷണിക്കാനും തീരുമാനമായതായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.
പി ആര്‍ ഡി ചേമ്പറില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ കേരള മാരിടൈം ബോര്‍ഡ് ചെയര്‍മാന്‍ വി ജെ മാത്യു, ബോര്‍ഡ് അംഗം പ്രകാശ് അയ്യര്‍, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ കെ ആര്‍ വിനോദ്, സീനിയര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ എം സുധീര്‍ കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പി എന്‍ സി/2411/2019

 

date