Skip to main content

കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്കഴിക്കാന്‍ നടപടി സ്വീകരിക്കും - ജില്ലാ കലക്ടര്‍

കരിപ്പൂര്‍ വിമാനത്താവള പരിസരത്തെ ഗതാഗതക്കുരുക്ക് ഒഴിവാക്കാനായി നടപ്പാക്കിയ ഒറ്റവരി പാര്‍ക്കിംഗ് പ്രവര്‍ത്തനം വിലയിരുത്തി തുടര്‍ നടപടി ശക്തമാക്കാന്‍ തീരുമാനം. സമിതി ചെയര്‍മാന്‍ കൂടിയായ ജില്ലാ കലക്ടര്‍ ജാഫര്‍ മലികിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വ്യോമ ഗതാഗത സുരക്ഷിതത്വ പാരിസ്ഥിതിക സമിതി യോഗത്തിലാണ് തീരുമാനം. ഇതിന്റെ ഭാഗമായി വിമാനത്താവള പരിസരത്ത് ട്രാഫിക് പൊലീസിന്റെ സാന്നിധ്യം ഉറപ്പാക്കും. പട്രോളിംഗ് ശക്തമാക്കി പിഴയീടാക്കുന്നതുള്‍പ്പെടെയുള്ള നടപടി സ്വീകരിക്കും. പാര്‍ക്കിംഗ് ഏരിയയ്ക്കായി സ്ഥലമേറ്റെടുക്കുന്നതിനുള്ള  നടപടികള്‍ വേഗത്തിലാക്കും. കൊളത്തൂരില്‍ നിന്നു എയര്‍പോര്‍ട്ടിലേക്കുള്ള റോഡില്‍ നിലവിലുള്ള യു ടേണുകളില്‍  അനിവാര്യമല്ലാത്തിടത്ത് താത്കാലിക ബാരിക്കേഡുകള്‍ സ്ഥാപിക്കും. ഹജ്ജ് മടക്കയാത്ര സമയത്ത് വിമാനത്താവളത്തിലും പരിസരത്തുമുണ്ടാകുന്ന ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിനാവശ്യമായ മുന്നൊരുക്കങ്ങള്‍ നടത്തും. ഇതിനായി ഹജ്ജ് കമ്മിറ്റി പ്രതിനിധികളുടെ  പ്രത്യേക യോഗം വിളിക്കും.  വിമാനത്താവള റോഡില്‍ നുഹ്മാന്‍ ജംഗ്ഷന്‍ വരെ വരുന്ന ബസുകളുടെ സര്‍വീസ് എയര്‍പോര്‍ട്ട് വരെ നീട്ടാന്‍ നടപടി സ്വീകരിക്കും. വിമാനത്താവളത്തില്‍ നിന്ന്  മലപ്പുറം, കോഴിക്കോട് എന്നിവിടങ്ങളിലേക്ക് കെ.എസ്.ആര്‍.ടിസി സര്‍വീസ് ആരംഭിക്കുന്നതും പരിഗണിക്കും.
വിമാനത്താവള പരിസരത്തെ അനധികൃത അറവുശാലകള്‍ക്കെതിരെ നടപടി ശക്തമാക്കും. സമീപ പഞ്ചായത്തുകളിലും നഗരസഭയിലുമുള്ള ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ഒരാഴ്ചക്കകം നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ നിര്‍ദ്ദേശിച്ചു. വിമാനത്താവള പരിസരത്ത് തെരുവ് നായകളെ നിയന്ത്രിക്കുന്നതിനായി എ.ബി.സി. പദ്ധതി അടിയന്തിരമായി നടപ്പാക്കാന്‍ കൊണ്ടോട്ടി നഗരസഭയോട് നിര്‍ദ്ദേശിച്ചു. വിമാനത്താവള പരിസര ശുചീകരണം കാര്യക്ഷമമാക്കാന്‍ നഗരസഭ, പഞ്ചായത്ത് അധികൃതരോട് ആവശ്യപ്പെട്ടു. ആവശ്യമായ സൗകര്യങ്ങള്‍ എയര്‍പോര്‍ട്ട് അതോറിറ്റി ചെയ്യും.
മലപ്പുറം കലക്ടറേറ്റില്‍ നടന്ന യോഗത്തില്‍ എയര്‍പോര്‍ട്ട് ഡയറക്ടര്‍ കെ. ശ്രീനിവാസ റാവു, ഡി.എം.ഒ ഡോ.കെ. മുഹമ്മദ് ഇസ്മായില്‍, അഡീഷണല്‍ എസ്.പി എം.സുബൈര്‍, കൊണ്ടോട്ടി താലൂക്ക് ഡെപ്യൂട്ടി തഹസില്‍ദാര്‍ പി. അബൂബക്കര്‍, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ പി.ടി.ഗീത, എയര്‍ അതോറിറ്റി, കൊണ്ടോട്ടി നഗരസഭ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.

 

date