Skip to main content

കുഷ്ഠരോഗ നിര്‍മാര്‍ജനം- അശ്വേമേധം രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ ഓഗസ്റ്റ് 14 മുതല്‍

കുഷ്ഠരോഗനിര്‍മാര്‍ജനത്തിനായി നടത്തുന്ന രോഗനിര്‍ണയ പ്രചരണ പരിപാടി അശ്വമേധത്തിന്റെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വീണ്ടും ആരംഭിക്കുമെന്ന്  ജില്ലാകലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു.  ഓഗസ്റ്റ് 14 മുതല്‍ 27 വരെയുള്ള തീയതികളിലാണ് ജില്ലയിലുടനീളം ക്യാമ്പയിന്‍  സംഘടിപ്പിക്കുന്നത്.  പരിപാടിയുടെ ഒന്നാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ വിജയകരമാണെന്നും രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് രോഗ നിര്‍ണ്ണയത്തിന്  വീടുകളിലെത്തുന്ന സന്നദ്ധപ്രവര്‍ത്തകരോട് പൂര്‍ണ്ണമായും സഹകരിക്കണമെന്നും കലക്ടര്‍ ആവശ്യപ്പെട്ടു.  പ്രചരണ പരിപാടിയുടെ രണ്ടാം ഘട്ട പ്രവര്‍ത്തനങ്ങള്‍ ജില്ലയില്‍ നടപ്പിലാക്കുന്നതിന്  കലക്ടറേറ്റില്‍ ചേര്‍ന്ന  വിവിധ വകുപ്പ് മേധാവികളുടെ സംയുക്ത യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
     ഒന്നാം ഘട്ട  പരിപാടിയില്‍ രണ്ടാഴ്ചക്കുള്ളില്‍ ജില്ലയില്‍ പുതിയ 40 കേസുകള്‍ കണ്ടെത്താനായിട്ടുണ്ട്.  ഇതിന്റെ പ്രതിഫലനമെന്നോളം 28 കേസുകള്‍ വേറെയും നിര്‍ണയിക്കാന്‍ കഴിഞ്ഞു.  രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ കുട്ടികളാണ്. അപകടകരമായ  വൈകല്യമുണ്ടായിട്ടും ഇത് വരെ ചികിത്സയെടുക്കാത്ത അഞ്ചു പേരെയും കണ്ടെത്തി. അഞ്ച് വയസ് മുതല്‍ 80 വയസ്സ് വരെയുള്ളവര്‍ രോഗ ബാധിതരിലുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. ജില്ലയില്‍ എല്ലാ മേഖലയില്‍ നിന്നും കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രോഗലക്ഷണങ്ങളുള്ള ആളുകള്‍ ഇനിയും സമൂഹത്തിലുണ്ടാകാനിടയുള്ളതിനാലാണ് അശ്വമേധം പരിപാടിയുടെ രണ്ടാം ഘട്ടം നടപ്പാക്കുന്നത്.
പരിപാടിയുടെ ഭാഗമായി എല്ലാ  വീടുകളിലും  പരിശീലനം ലഭിച്ച പുരുഷ, സ്ത്രീ സന്നദ്ധ പ്രവര്‍ത്തകര്‍ എത്തി രോഗ നിര്‍ണ്ണയം നടത്തും. പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയാണെങ്കില്‍ ചികിത്സ  നല്‍കി രോഗം ഇല്ലാതാക്കുകയും മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയില്ലാതാക്കുകയും ചെയ്യും. പ്രതിദിനം ഒരു ടീം  20-25 വീടുകള്‍ സന്ദര്‍ശിക്കും. കൂടാതെ  അങ്കണവാടി, സ്‌കൂളുകള്‍, സ്ഥാപനങ്ങള്‍, ഇതരസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പുകള്‍ തുടങ്ങിയവയും സന്നദ്ധ പ്രവര്‍ത്തകര്‍ സന്ദര്‍ശിക്കും. പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിന് 994 സൂപ്പര്‍വൈസര്‍മാരുമുണ്ടായിരിക്കും. സര്‍വെയുടെയും രോഗിയുടെയും വിവരങ്ങള്‍ രഹസ്യമായിരിക്കും.
പരിപാടി വിശദീകരിക്കാന്‍ ഓരോ പ്രദേശത്തും പ്രത്യേകം ഗ്രാമസഭ ചേരും. സ്‌കൂളുകളില്‍ പ്രതിജ്ഞക്ക് പുറമെ കുട്ടികള്‍ക്ക് രോഗത്തെക്കുറിച്ച് ബോധവത്കരണം നല്‍കും. എന്‍.എസ്.എസ്, എന്‍.സി.സി., സ്‌കൗട്ട്, നെഹ്‌റു യുവകേന്ദ്ര, ട്രോമ കെയര്‍, യുവജനക്ഷേമ ബോര്‍ഡ്, ട്രൈബല്‍ പ്രമോട്ടര്‍മാര്‍ എന്നിവരുടെ  സേവനം പ്രചാരണത്തിനും സന്നദ്ധ പ്രവര്‍ത്തനത്തിനും ഉപയോഗപ്പെടുത്തും. കുടുംബശ്രീ - അയല്‍ക്കൂട്ടങ്ങളുടെ സേവനവും പ്രയോജനപ്പെടുത്തും. അവര്‍ക്ക് ഏകദിന പരിശീലന നല്‍കും.
യോഗത്തില്‍ അസിസ്റ്റന്റ് കലക്ടര്‍ രാജീവ് കെ. ചൗധരി, ജില്ല പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍മാന്‍ വി.സുധാകരന്‍, മലപ്പുറം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സലീന ടീച്ചര്‍, മഞ്ചേരി നഗരസഭ ചെയര്‍പേഴ്‌സണ്‍ സുബൈദ, ജില്ലാമെഡിക്കല്‍ ഓഫീസര്‍(ഇന്‍ ചാര്‍ജ്) ഡോ. മുഹമ്മദ് ഇസ്മയില്‍, ഐ.ടി.ഡി.പി ജില്ലാ പ്രൊജക്ട് ഓഫീസര്‍ ടി.ശ്രീകുമാര്‍, കുടുംബശ്രീ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി.കെ ഹേമലത, പട്ടികജാതി ഡെപ്യൂട്ടി ഡയറക്ടര്‍ കെ.സതീഷ് കുമാര്‍, ജില്ലാ ലേബര്‍ ഓഫീസര്‍ പി.രഘുനാഥ്, ജില്ലാ സ്‌കൗട്ട് കമ്മീഷണര്‍ പി.ടി ജോര്‍ജ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ സി.കെ സുരേന്ദ്ര ബാബു, എന്‍.വൈ.കെ പ്രതിനിധി പി.അസ്മാബി, വാട്ടര്‍ അതോറിറ്റി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.സുരേഷ് ബാബു മറ്റു ഉദ്യോഗസ്ഥരും ആരോഗ്യപ്രവര്‍ത്തകരും പങ്കെടുത്തു.

 

date