Skip to main content

റോഡുകളുടെ ശോച്യാവസ്ഥ പരിഹരിക്കണമെന്ന് ജില്ലാ വികസന സമിതി

കാക്കനാട്: ജില്ലയിൽ ദേശീയ- സംസ്ഥാന പാതകള്‍ ഉള്‍പ്പെടെയുള്ള റോഡുകളുടെ ശോച്യാവസ്ഥ ഉടൻ പരിഹരിക്കണമെന്ന് കളക്ടറേറ്റിൽ നടന്ന ജില്ലാ വികസന സമിതി യോഗത്തിൽ എംഎൽഎമാർ ആവശ്യപ്പെട്ടു.   പൊതുമരാമത്ത് നിരത്ത് വിഭാഗത്തിന് ജില്ലാ വികസന സമിതിയിൽ നൽകുന്ന നിർദ്ദേശങ്ങൾ പാലിക്കപ്പെടുന്നില്ലെന്നും എംഎൽഎമാർ പറഞ്ഞു.  ചിത്രപ്പുഴ- പെരുമ്പാവൂർ , പുത്തൻകുരിശ്- കരിവാളൂർ, മണ്ണൂർ - പോഞ്ഞാശ്ശേരി, നടക്കാവ് റോഡ്, പുതിയകാവ്‌ -  കാഞ്ഞിരമറ്റം, ചാലക്കുടി - അങ്കമാലി- ആലുവ റോഡുകള്‍ തീര്‍ത്തും തകര്‍ന്ന നിലയിലാണ്. ഭൂരിഭാഗം റോഡുകളിലും അഗാധഗർത്തങ്ങളുണ്ട്.  ഇരുചക്രവാഹനങ്ങൾ അപകടത്തിൽ പെടുന്നത് പതിവു കാഴ്ചയായി മാറി.  മഴക്കാലമാണെങ്കിലും കുഴിയടക്കുന്ന ജോലി തുടരണം. മഴ മാറിയാലുടന്‍ ടാറിംഗിനുള്ള നടപടി അടിയന്തരമായി സ്വീകരിക്കണമെന്നും എം.എല്‍.എമാര്‍ ആവശ്യപ്പെട്ടു.

 

മാലിന്യ നിക്ഷേപം: പൊതുജനങ്ങൾക്ക് വിവരം അറിയിക്കാം

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിക്കുന്ന കക്കൂസ് മാലിന്യം പൊതു സ്ഥലങ്ങളിലോ ജലസ്രോതസ്സുകളിലോ ഓടകളിലോ നിക്ഷേപിക്കുന്നത് ശ്രദ്ധയിൽപെട്ടാൽ തന്നെ നേരിട്ടറിയിക്കുകയോ പോലീസിൽ അറിയിക്കുകയോ ചെയ്യണമെന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ജില്ലാ കളക്ടർ എസ്.സുഹാസ് പറഞ്ഞു.  മാലിന്യം തള്ളുന്ന വാഹനത്തിന്‍റെ ചിത്രമോ നമ്പറോ കൈമാറണം.  ഇക്കാര്യത്തിൽ പൊതുജനങ്ങൾ ശ്രദ്ധ പുലർത്തണം.  കളക്ടറുടെ ഫേസ് ബുക്ക് പേജ് വഴിയും അറിയിക്കാം.  കക്കൂസ് മാലിന്യം ശേഖരിക്കുന്ന ഏജൻസികളെ നിരീക്ഷിക്കാൻ ജില്ലാടിസ്ഥാനത്തിൽ സംവിധാനമൊരുക്കണമെന്ന് യോഗം ആവശ്യപ്പെട്ടു.

 

വിദ്യാഭ്യാസ വായ്പ - ബാങ്കുകള്‍ ഉദാരസമീപനം സ്വീകരിക്കണം

വിദ്യാഭ്യാസ വായ്പ അനുവദിക്കുന്ന കാര്യത്തിൽ അപേക്ഷകരോട് മൃദുസമീപനം പാലിക്കാൻ ബാങ്കുകൾക്ക് നിർദ്ദേശം നൽകണമെന്ന് അനൂപ് ജേക്കബ് എം.എല്‍.എ പറഞ്ഞു. വായ്പ ലഭിക്കാൻ 80 ശതമാനം മാർക്ക് വേണമെന്നാണ് നിബന്ധന.  എന്നാൽ ഒന്നോ രണ്ടോ ശതമാനം മാർക്ക് കുറഞ്ഞാലും അപേക്ഷകൾ പരിഗണിക്കണമെന്നും ആവശ്യപ്പെട്ടു. കരിങ്ങാച്ചിറ പള്ളിക്കു മുൻവശഞ്ഞ വാഹന പരിശോധന പുത്തൻകുരിശ് ഭാഗത്തേക്ക് മാറ്റുമെന്ന് രണ്ടു വർഷം മുമ്പ് നൽകിയ വാഗ്ദാനം ഉടൻ നടപ്പാക്കുക.  പുതിയകാവ് - കാഞ്ഞിരമറ്റം റോഡിൽ കാഞ്ഞിരമറ്റം കവലയിൽ സ്പീഡ് ബ്രേക്കർ സ്ഥാപിക്കുക എന്നീ ആവശ്യങ്ങളും അനൂപ് ജേക്കബ് ഉന്നയിച്ചു.

 

അങ്കമാലി സിവില്‍ സ്റ്റേഷന്‍

അങ്കമാലി സിവില്‍ സ്റ്റേഷന്‍ നിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാകുമെന്ന് റോജി.എം.ജോണ്‍ എം.എല്‍.എയുടെ ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പ് മറുപടി നല്‍കി. സിവില്‍ സ്റ്റേഷന്‍ വളപ്പിലെ മണ്ണു നീക്കല്‍, ചുറ്റുമതില്‍ നിര്‍മാണം എന്നിവയാണ് ഇനി പൂര്‍ത്തിയാകാനുള്ളത്. ആലുവ താലൂക്കില്‍ ഭൂമിയുടെ ന്യായവില നിര്‍ണയത്തില്‍ സംഭവിച്ചിരിക്കുന്ന അപാകതകള്‍ പരിഹരിക്കാന്‍ അദാലത്ത് നടത്തണമെന്നും എം.എല്‍.എ നിര്‍ദേശിച്ചു. 800ലേറെ അപേക്ഷകളിലാണ് തീര്‍പ്പു കല്‍പ്പിക്കാനുള്ളത്.

 

ഈ വര്‍ഷം ആയിരം പേര്‍ക്ക് പട്ടയം

ജില്ലയിൽ ഭൂമിയുടെ കൈവശ രേഖക്കായി കാത്തിരിക്കുന്നവർക്ക് അവ നൽകാനുള്ള  നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരോട് ജില്ലാ കളക്ടർ ആവശ്യപ്പെട്ടു.   2019 ഡിസംബറോടെ 1000 പട്ടയങ്ങൾ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും അദ്ദേഹം പറഞ്ഞു. 
 

ഡി.ഐ.ജി ഓഫീസ് മാര്‍ച്ചിനിടെ എല്‍ദോ എബ്രഹാം എം.എല്‍.എയ്ക്ക് പരിക്കേല്‍ക്കാനിടയായ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്ന് വി.പി. സജീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച പ്രമേയത്തെ എംഎൽഎമാരായ അനൂപ് ജേക്കബ്‌, റോജി എം ജോൺ, എൽദോസ് കുന്നപ്പിള്ളി എന്നിവർ പിന്താങ്ങി. ജില്ലാ പഞ്ചായത്ത് കോതമംഗലം ഡിവിഷനിലുൾപ്പെടുന്ന കുട്ടമ്പുഴ പഞ്ചായത്തിലെ ബ്ലാവന - കുഞ്ചിപ്പാറ റോഡിന്റെ ശോച്യാവസ്ഥക്ക് ഉടൻ പരിഹാരം കാണണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് ആവശ്യപ്പെട്ടു. കലൂർ - കടവന്ത്ര റോഡില്‍ അമൃത് പദ്ധതിയിലുൾപ്പെടുത്തി സ്ഥാപിച്ച കുടിവെള്ള പൈപ്പ് അതേ ദിവസം തന്നെ പൊട്ടി വെള്ളം ചോർന്ന സംഭവം അന്വേഷിച്ച് നടപടിയെടുക്കണമെന്ന് കൊച്ചി നഗരസഭ വികസന സ്ഥിരം സമിതി അധ്യക്ഷ ഗ്രേസി ജോസഫ് ആവശ്യപ്പെട്ടു.

 

അസി. കളക്ടർ എം.എസ്.മാധവിക്കുട്ടി, എഡിഎം  കെ. ചന്ദ്രശേഖരൻ നായർ, ഡെപ്യൂട്ടി പ്ലാനിങ് ഓഫീസർ അനിത ഏലിയാസ്‌, ജനപ്രതിനിധികൾ, ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

 

date