Skip to main content

പുഴ കരയിടിച്ചില്‍, കിണര്‍ താഴല്‍: അടിയന്തര നടപടി  സ്വീകരിക്കണമെന്ന് വികസന സമിതി ഉദ്യോഗസ്ഥ സംഘം സംയുക്ത പരിശോധന നടത്തും

    കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലെ പുഴകളില്‍ കരയിടിച്ചില്‍, കിണറുകള്‍ താഴ്ന്നുപോവല്‍ തുടങ്ങിയവ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ജനങ്ങളുടെ ആശങ്കയകറ്റാന്‍ സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് ജില്ലാ വികസന സമിതിയില്‍ ആവശ്യം. ജലസേചനം, മണ്ണ്-ജല സംരക്ഷണം, റവന്യൂ, സോഷ്യല്‍ ഫോറസ്ട്രി തുടങ്ങി ഇതുമായി ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥരുടെ സംയുക്ത സംഘം പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തണം. 
    ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന പാമ്പുരുത്തി, കോര്‍ളായി ദ്വീപുകളിലുള്‍പ്പെടെ പ്രദേശവാസികളെ ആശങ്കയിലാഴ്ത്തി കരയിടിച്ചില്‍ തുടരുകയാണെന്ന് ജെയിംസ് മാത്യു എംഎല്‍എ പറഞ്ഞു. ഇതിന് ശാശ്വതമായ പരിഹാരം കാണുന്നതിന് സമഗ്രമായ സംവിധാനമൊരുക്കണം. തെങ്ങിന്‍ തടികള്‍ ഉപയോഗിച്ച് പൈലിംഗ് നടത്തുകയും നദിക്കരകളില്‍ മണ്ണിനെ പിടിച്ചുനിര്‍ത്തുന്ന ചെടികള്‍ നടുകയും ചെയ്യുന്നത് ഉള്‍പ്പെടെയുള്ള സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ സാധ്യതകള്‍ മനസ്സിലാക്കുന്നതിന് വേണ്ടിയാണിത്. ആവശ്യമായ കൂടിയാലോചനകള്‍ നടത്തിയ ശേഷം ഓരോ പ്രദേശത്തിനും അനുയോജ്യമായ രീതിയിലുള്ള പ്രതിരോധ സംവിധാനങ്ങള്‍ രൂപപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.
    കിണറുകള്‍ ഇടിയുന്ന സംഭവങ്ങളിലും ബന്ധപ്പെട്ട വകുപ്പുകള്‍ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് കാരണം കണ്ടെത്തുകയും തുടര്‍നടപടികള്‍ സ്വീകരിക്കുകയും വേണം. കനത്ത മഴയില്‍ വീടുകളുടെ മതിലുകള്‍ ഇടിഞ്ഞുവീഴുന്നതും വ്യാപകമായിട്ടുണ്ട്. മറ്റുള്ളവരുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന രീതിയിലാണ് പലയിടങ്ങളിലും മതില്‍ കെട്ടിയിരിക്കുന്നത്. ഇക്കാര്യത്തില്‍ തദ്ദേശ സ്ഥാപന അധികൃതര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
    കണ്ണൂര്‍ നഗരത്തില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കേണ്ടി വരുംവിധം ഉണ്ടായ വെള്ളക്കെട്ടിന് പരിഹാരം കാണാന്‍ അടിയന്തര നടപടി സ്വീകരിച്ച ജില്ലാ ഭരണകൂടത്തെ തുറുമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി അഭിനന്ദിച്ചു. ജലത്തിന്റെ സ്വാഭാവികമായ ഒഴുക്ക് തടസ്സപ്പെടുമ്പോഴാണ് പ്രളയവും വെള്ളപ്പൊക്കവും ഉണ്ടാവുന്നതെന്നും അത്തരം തടസ്സങ്ങള്‍ നീക്കുന്നതിന് ദുരന്തനിവാരണ നിയമത്തിന്റെ അമ്പതാം വകുപ്പ് പ്രകാരം ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദ്ദേശം നല്‍കുമെന്നും ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അറിയിച്ചു. നിശ്ചിത സമയത്തിനുള്ളില്‍ തടസ്സങ്ങള്‍  നീക്കിയില്ലെങ്കില്‍ ദുരന്ത നിവാരണ അതോറിറ്റി അത് ചെയ്ത ശേഷം ചെലവ് ബന്ധപ്പെട്ടവരില്‍ നിന്ന് ഈടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആളുകള്‍ക്കും വാഹനങ്ങള്‍ക്കും ഭീഷണിയായി സ്വകാര്യ സ്ഥാപനങ്ങള്‍ അനധികൃതമായി സ്ഥാപിച്ച കൂറ്റന്‍ പരസ്യബോര്‍ഡുകള്‍ ഉടനടി നീക്കം ചെയ്യണമെന്നും അദ്ദേഹം വ്യക്തമാക്കി.
    ജില്ലയില്‍ രൂക്ഷമായിക്കൊണ്ടിരിക്കുന്ന വന്യജീവി ആക്രമണങ്ങളില്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതിന് പണം ലഭ്യമാക്കാന്‍ നടപടി കൈക്കൊള്ളണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ജനവാസ കേന്ദ്രങ്ങളില്‍ ആനയുള്‍പ്പെടെയുള്ള വന്യജീവികള്‍ പ്രദേശ വാസികളുടെ ജീവനും സ്വത്തിനും വലിയ ഭീഷണിയായിത്തീര്‍ന്നിരിക്കുകയാണ്. ഇത് പരിഹരിക്കുന്നതിനുള്ള പ്രായോഗിക നടപടികളാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 
    ജില്ലയിലെ ഭൂപ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ സത്വര  നടപടികള്‍ സ്വീകരിക്കണമെന്ന് ടി വി രാജേഷ് എംഎല്‍എ പറഞ്ഞു. പരിയാരം മെഡിക്കല്‍ കോളേജിലെ കേടായ ഡയാലിസിസ് യന്ത്രങ്ങള്‍ അടിയന്തരമായി പ്രവര്‍ത്തനക്ഷമമാക്കുന്നതിന് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. 
    കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ ജില്ലാ കലക്ടര്‍ ടി വി സുഭാഷ് അധ്യക്ഷനായി. തുറമുഖ വകുപ്പ് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി, എംഎല്‍എമാരായ സി കൃഷ്ണന്‍, ജെയിംസ് മാത്യു, സണ്ണി ജോസഫ്, ടി വി രാജേഷ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ വി സുമേഷ്, അസിസ്റ്റന്റ് കലക്ടര്‍ ഡോ. ഹാരിസ് റഷീദ്, എഡിഎം ഇ പി മേഴ്‌സി, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ കെ പ്രകാശന്‍, ജനപ്രതിനിധികള്‍, വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 
പി എന്‍ സി/2653/2019

date