Skip to main content

ദുരിതാശ്വാസത്തിന് ജില്ലയിലെ തദ്ദേശഭരണ സ്ഥാപനങ്ങള്‍ കൈകോര്‍ക്കുന്നു

 

    മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവരെ സഹായിക്കാന്‍ ജില്ലാ ആസൂത്രണ സമിതിയുടെ നേതൃത്വത്തില്‍ അവശ്യ വസ്തുക്കള്‍ സമാഹരിക്കാന്‍ തീരുമാനിച്ചതായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു അറിയിച്ചു. ഇതിനായി ജില്ലാ പഞ്ചായത്തില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചു. ജില്ലയിലെ ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളും നഗരസഭകളും ശേഖരിക്കുന്ന സാധന സാമഗ്രികള്‍ ജില്ലാ പഞ്ചായത്തിലെത്തിച്ച് സഹായം ആവശ്യമായ ജില്ലകള്‍ക്ക് ബന്ധപ്പെട്ട ജില്ലാ ഭരണകൂടം വഴി ലഭ്യമാക്കും. ഇവയുടെ ജില്ലാതല ഏകീകരണത്തിന് തദ്ദേശ ഭരണ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിക്ക് രൂപംനല്‍കി. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളിലെ ഉദ്യോഗസ്ഥരും കുടുംബശ്രീ പ്രവര്‍ത്തകരും കളക്ഷന്‍ സെന്റര്‍ വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കും.

ഇതുമായി ബന്ധപ്പെട്ട ആലോചനാ യോഗം ജില്ലാ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ ചേര്‍ന്നു. സഹായം ലഭ്യമാക്കുന്നതിനെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളെ തള്ളിക്കളയണമെന്ന് ദേവസ്വം-സഹകരണ വകുപ്പു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.കെ മധു എന്നിവര്‍ യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. ആസൂത്രണ സമിതി അംഗം കെ.എന്‍ ഹരിലാല്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍, മറ്റു ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.
(പി.ആര്‍.പി. 885/2019)

 

date