Skip to main content

സുബ്രതോ കപ്പ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് നാളെ ആരംഭിക്കും കേരളത്തിനായി ചേലേമ്പ്ര സ്‌കൂള്‍ ടീം ബൂട്ടണിയും

അന്തര്‍ ദേശീയ സുബ്രതോ കപ്പ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ അണ്ടര്‍ 17 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഇത്തവണയും കേരളത്തിനായി  ബൂട്ടണിഞ്ഞ്  പൊരുതാനൊരുങ്ങുകയാണ് ചേലേമ്പ്ര എന്‍.എന്‍.എം.എച്ച്.എസ്.എസ് സ്‌കൂള്‍ കുട്ടികള്‍. മത്സരത്തിനായി ടീമംഗങ്ങള്‍ ഡല്‍ഹിയിലെത്തി. നാളെ(സെപ്തംബര്‍ ഏഴ്) രാവിലെ ഏഴിന് ഗുരുഗ്രാം ജി.ഡി ഗോയെങ്ക സ്റ്റേഡിയത്തില്‍ മത്സരത്തിനിറങ്ങും. ഉദ്ഘാടന മത്സരത്തില്‍ ഇവര്‍ മിസോറാമുമായി ഏറ്റുമുട്ടും. കഴിഞ്ഞ വര്‍ഷം ഡല്‍ഹിയില്‍ നടന്ന ടൂര്‍ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിച്ച് കളിച്ച ഇവര്‍ സെമി ഫൈനലില്‍ അഫ്ഗാനിസ്ഥാന്‍ ടീമിനോട് ഇഞ്ചുറി ടൈമിലെ ഒരു ഗോളിന് പരാജയപ്പെടുകയായിരുന്നു. 
സെപ്തംബര്‍ എട്ടിന്  ടീം വെസ്റ്റ് ബംഗാള്‍, 10ന് ബംഗ്ലാദേശ് എയര്‍ ഫോഴ്‌സ്, 11ന് ഐ.ബി.എസ്.ഒ, 12ന് സൈനിക് സ്‌കൂള്‍ തുടങ്ങിയവരുമായാണ് ചേലേമ്പ്ര സ്‌കൂള്‍ ഏറ്റുമുട്ടുക. മന്‍സൂര്‍ അലിയാണ് ടീം കോച്ച്. അസിസ്റ്റന്റ് കോച്ച് സെല്‍വകുമാര്‍, ഫിസിയോ ടി.കെ നിംഷാദ്, ടീം മാനേജര്‍ ഇ.പി ബൈജീവ്, അസിസ്റ്റന്റ് മാനേജര്‍ ഫസലുല്‍ ഹഖ് തുടങ്ങിയവരും ടീമിനെ അനുഗമിച്ചിട്ടുണ്ട്.
പി. നന്ദു കൃഷ്ണ (ക്യാപ്റ്റന്‍), കെ.പി ഉമര്‍ മുഹ്താര്‍, മുഹമ്മദ് ഹാസിം, ജി.എസ് ഗോകുല്‍, അനസ് കോഴിക്കോടന്‍ (പ്രതിരോധം), കെ. അബ്ദുല്‍ ഫാഹിസ്, എം. അമല്‍, എം. ഹേമന്ത്, പി. മുഹമ്മദ് അസ്ലം (മധ്യനിര), ബിച്ചു ബിജു, ടി.കെ ബിന്‍ ജാസ്, കെ. അനസ്,വി. ഫയാസ,് പി. പി.മുഹമ്മദ് റോഷല്‍,  പി.മുഹമ്മദ് അസ്ലം, സി.കെ. മുഹമ്മദ് ഷമീല്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ടതാണ് ടീമംഗങ്ങള്‍. കഴിഞ്ഞ മാസം 31നാണ്  ടീം ഡല്‍ഹിയിലേക്ക് പുറപ്പെട്ടത്.
തൃശ്ശൂരില്‍ നടന്ന സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍  തിരുവനന്തപുരം ടീമിനെ എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്ക്  പരാജയപ്പെടുത്തിയാണ്  അണ്ടര്‍ 17 സുബ്രതോ ടൂര്‍ണ്ണമെന്റില്‍ കേരളത്തെ പ്രതിനിധീകരിക്കാനുള്ള അവസരം ചേലേമ്പ്ര  എന്‍.എന്‍.എം.എച്ച്.എസ്.എസിന് ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം  നടന്ന സുബ്രതോ കപ്പില്‍ അഞ്ച് മത്സരങ്ങളില്‍ നിന്നായി 13 ഗോളടിച്ചു കൂട്ടിയപ്പോള്‍ സെമി വരെ ഒരൊറ്റ ഗോളും സ്വന്തം വലയില്‍ വീഴാന്‍ അനുവദിക്കാതെ ചേലേമ്പ്രയിലെ കുട്ടികള്‍ പ്രതിരോധം തീര്‍ത്തിരുന്നു.  ഫുട്‌ബോളിന് നല്‍കിയ മികച്ച സംഭാവനയ്ക്കുള്ള പുരസ്‌കാരം നേടിയാണ് ചേലേമ്പ്ര എന്‍.എന്‍.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ടൂര്‍ണമെന്റില്‍ നിന്ന് മടങ്ങിയത്. കഴിഞ്ഞ വര്‍ഷം കായിക മികവുകൊണ്ടും കരുത്തു കൊണ്ടും നഷ്ടപ്പെട്ട കിരീടം ഇത്തവണ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ടീം.        

date