Skip to main content

അവധിയും ആഘോഷങ്ങളും മറന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍

 

സെപ്റ്റംബര്‍ എട്ടു മുതല്‍ 15 വരെ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധിയാണെങ്കിലും പാലാ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിന്‍റെ ചുമതലയുള്ള ഉദ്യോഗസ്ഥര്‍  അവധിയും ആഘോഷങ്ങളുമില്ലാതെ ജോലിത്തിരക്കിലാണ്. തിരഞ്ഞെടുപ്പ് സംവിധാനം മുടക്കമില്ലാതെ പ്രവര്‍ത്തിക്കേണ്ടതുകൊണ്ട് പലരും ഓഫീസുകളില്‍തന്നെയാണ് തിരുവോണ സദ്യയുണ്ടത്.  

സ്ഥാനാര്‍ത്ഥികളുടെ ചിലവ് പരിശോധന, വോട്ടിംഗ് യന്ത്രങ്ങളുടെ പ്രവര്‍ത്തനക്ഷമത പരിശോധിക്കുന്നതിനുള്ള മോക് പോള്‍, പോളിംഗ് ഉദ്യോഗസ്ഥരുടെയും യന്ത്രങ്ങളുടെയും റാന്‍ഡമൈസേഷന്‍, ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ചിട്ടുള്ള പല നടപടിക്രമങ്ങളും ഈ അവധിക്കാലത്താണ് നടക്കുന്നത്.

ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസ്, ഉപതിരഞ്ഞെടുപ്പിന്‍റെ വരണാധികാരിയുടെയും ഉപവരണാധികാരിയുടെയും ഓഫീസുകള്‍, മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍റ് മോണിട്ടറിംഗ് കമ്മിറ്റിയുടെ സ്ക്രീനിംഗ് സെല്‍, വോട്ടര്‍ ഹെല്‍പ് ലൈന്‍, പരാതി പരിഹാരത്തിനുള്ള മൊബൈല്‍ ആപ്ലിക്കേഷനായ സി.വിജിലിന്‍റെ മോണിട്ടറിംഗ് സെല്‍ തുടങ്ങിയവയെല്ലാം ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മൂന്ന് ഫ്ളൈയിംഗ് സ്ക്വാഡുകളും 24 സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും ഡീഫേസ്മെന്‍റ് സ്ക്വാഡുകളും മണ്ഡലത്തില്‍ സജീവമാണ്. രാഷ്ട്രീയ പാര്‍ട്ടികളും സ്ഥാനാര്‍ഥികളും സംഘടിപ്പിക്കുന്ന സമ്മേളനങ്ങള്‍ വീഡിയോ സര്‍വൈലന്‍സ് ടീം റെക്കോര്‍ഡ് ചെയ്യുന്നു. ഈ വീഡിയോകള്‍ പരിശോധിക്കുന്ന വീഡിയോ വ്യൂവിംഗ് ടീമും ചെലവു കണക്കാക്കുന്ന അക്കൗണ്ടിംഗ് ടീമും ഉപവരണാധികാരിയുടെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ളാലം ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലുണ്ട്.

ഉപതിരഞ്ഞെടുപ്പിനായി പാലായിലേക്ക് കൊണ്ടുപോകേണ്ട വോട്ടിംഗ്, വിവി പാറ്റ് യന്ത്രങ്ങള്‍ ഇന്ന്  (സെപ്റ്റംബര്‍ 13) കളക്ടറേറ്റില്‍ നടന്ന ആദ്യ ഘട്ട റാന്‍ഡമൈസേഷനിലാണ് തിരഞ്ഞെടുത്തത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ അനുവദിച്ച 360 യന്ത്രങ്ങളില്‍ ബൂത്തുകളില്‍ ആവശ്യമുള്ള 176 എണ്ണവും 35 റിസര്‍വ്വ് യന്ത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബുവിന്‍റെയും പൊതു നിരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍റെയും സാന്നിധ്യത്തിലായിരുന്നു റാന്‍ഡമൈസേഷന്‍.  ഓരോ ബൂത്തിലും ഉപയോഗിക്കേണ്ട യന്ത്രങ്ങള്‍ നിര്‍ണയിക്കുന്നതിനുള്ള രണ്ടാം ഘട്ട റാന്‍ഡമൈസേഷന്‍ 15 ന് നടക്കും.

തിരഞ്ഞെടുക്കപ്പെട്ട വോട്ടിംഗ്, വിവി പാറ്റ് യന്ത്രങ്ങള്‍ ഏറ്റുമാനൂരിലെ ഇ.വി.എം വെയര്‍ ഹൗസില്‍ നാളെ (സെപ്റ്റംബര്‍ 14)  ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ ജില്ലാ കളക്ടര്‍ വരണാധികാരി എസ്. ശിവപ്രസാദിന് കൈമാറും. തുടര്‍ന്ന് ഇവ പാലാ കാര്‍മല്‍ സ്കൂളിലെ സ്ട്രോംഗ് റൂമിലേക്ക് കൊണ്ടുപോകും. സെപ്റ്റംബര്‍ 16ന് കാര്‍മല്‍ സ്കൂളില്‍ വോട്ടിംഗ് മെഷീനുകളില്‍ ബാലറ്റ് പേപ്പറുകള്‍ വച്ച് കാന്‍ഡിഡേറ്റ് സെറ്റിംഗ് നടത്തും.

പോളിംഗ് ജോലിക്കുള്ള ഉദ്യോഗസ്ഥരുടെ ബൂത്ത് നിര്‍ണയിക്കുന്ന അവസാന ഘട്ട റാന്‍ഡമൈസേഷന്‍ പൊതു നിരീക്ഷകയുടെ സാന്നിധ്യത്തില്‍ നാളെ(സെപ്റ്റംബര്‍ 14) വൈകുന്നേരം  നടക്കും. ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് നാളെത്തന്നെ തയ്യാറാകും

date