Skip to main content

ബിയ്യം കായല്‍ വള്ളംകളി ; മത്സരത്തിന്റെയും നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം സ്പീക്കര്‍  നിര്‍വഹിച്ചു  

    ഓളപ്പരപ്പിലെ ജലരാജാക്കന്‍മാര്‍ ഏറ്റുമുട്ടുന്ന    പൊന്നാനി ബിയ്യം കായല്‍ വള്ളംകളി മത്സരത്തിന്റെയും നവീകരിച്ച പവലിയന്റെയും ഉദ്ഘാടനം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ നിര്‍വഹിച്ചു.  പൊന്നാനിയില്‍ നടപ്പിലാക്കുന്നത് സമഗ്ര വികസനമാണ്. ആ ആവശ്യം പൂര്‍ണമായി പരിഗണിച്ച്  പവലിയനും കായല്‍ത്തീരത്ത് മനോഹരമായ തീരവും ഒരുക്കിയിരിക്കുന്നതെന്ന് സ്പീക്കര്‍ പറഞ്ഞു. കേരളത്തില്‍ വളര്‍ന്നു വരുന്ന ഏറ്റവും വലിയ ജലമേള കേന്ദ്രമായി പൊന്നാനി മാറും. ഐ.പി.എല്‍ ജലമേളക്കും പൊന്നാനി സാക്ഷ്യം വഹിക്കും. ചുണ്ടന്‍ വള്ളങ്ങള്‍ തുഴയുന്ന ആളുകളെ പൊന്നാനിയില്‍ തന്നെ വളര്‍ത്തിയെടുക്കും. പൊന്നാനിയില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളാല്‍ പൊന്നാനി ടൂറിസം ഹബ്ബായി മാറുകയാണെന്നും സ്പീക്കര്‍ പറഞ്ഞു.
    ബിയ്യം കായല്‍ വള്ളംകളി  നാടിന്റെ ഉത്സവമാണെന്നും പൊന്നാനിയുടെ മതേതര പാരമ്പര്യം കാത്തു സൂക്ഷിക്കുന്ന ആഘോഷമാണ് ബിയ്യം കായല്‍ വള്ളംകളിയെന്നും ചടങ്ങില്‍ അധ്യക്ഷനായ ഉന്നത വിദ്യഭ്യാസ വകുപ്പ് മന്ത്രി ഡോ.കെ.ടി ജലീല്‍ പറഞ്ഞു. ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് മുഖ്യാതിഥിയായി. മുന്‍ എം.എല്‍.എ ശശി, തഹസില്‍ദാര്‍ അന്‍വര്‍ സാദത്ത്, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങള്‍, മറ്റു ജനപ്രതിധികള്‍, ഉദ്യോഗസ്ഥര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.

 സംസ്ഥാന സര്‍ക്കാറും ടൂറിസം വകുപ്പും ബഹുജന പങ്കാളിത്തത്തോടു കൂടി സംയുക്തമായാണ് വള്ളംകളി മത്സരവും നവീകരിച്ച പവലിയന്‍ ഉദ്ഘാടനവും സംഘടിപ്പിച്ചത്. തുടര്‍ന്ന് കായല്‍ പരിസരത്ത് എടപ്പാള്‍ വിശ്വന്‍ ആന്‍ഡ് ടീം നയിച്ച ഗാനമേള അരങ്ങേറി.
 

date