Skip to main content

ഓണാഘോഷം പരിസ്ഥിതി സൗഹൃദമാക്കാം

 ഇക്കുറി ഓണാഘോഷം പരിസ്ഥിതി സൗഹൃദമാക്കാം. ഓരോ ആഘോഷങ്ങള്‍ കഴിയുമ്പോഴും മണ്ണില്‍ കുമിഞ്ഞുകൂടുന്ന പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ ഗുരുതരമായ പരിസ്ഥിതി പ്രശ്നം സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഇത്തവണത്തെ ഓണാഘോഷം പരിസ്ഥിതി സൗഹൃദമാക്കാന്‍ സംസ്ഥാന സര്‍ക്കാരും തീരുമാനിച്ചിട്ടുണ്ട്. കച്ചവടക്കാരും സ്ഥാപനങ്ങളും സംഘടനകളുമെല്ലാം പ്ലാസ്റ്റിക് ഒഴിവാക്കുന്നതിന് സഹകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്.
 ഇക്കാര്യത്തില്‍ ഏറ്റവും വലിയ പങ്ക് വഹിക്കേണ്ടത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളാണ്. മാത്രമല്ല സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും ഹരിതചട്ടങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടതെന്ന് നിര്‍ദേശമുണ്ട്. എല്ലാത്തരം ഡിസ്പോസിബിള്‍ വസ്തുക്കള്‍, കപ്പുകള്‍, പ്ലേറ്റുകള്‍, ഫ്ളെക്സ്, പ്ലാസ്റ്റിക് വസ്തുക്കള്‍, തെര്‍മോക്കോള്‍ എന്നിവ ഒഴിവാക്കുന്നതിനു സ്ഥാപനങ്ങളും പൊതുജനങ്ങളും മുന്‍കൈയെടുക്കണം.
  ആഘോഷവേളകളില്‍ പങ്കെടുക്കുന്ന ആളുകളുടെ എണ്ണത്തിന് ആനുപാതികമായി കഴുകി വൃത്തിയാക്കാന്‍ കഴിയുന്ന പാത്രങ്ങള്‍, ഗ്ളാസുകള്‍, പ്ലേറ്റുകള്‍ തുടങ്ങിയവ ഉപയോഗിക്കണം. ഉപയോഗശേഷം പുറന്തള്ളുന്ന പ്ലാസ്റ്റിക് പരിസ്ഥിതിക്ക് വിനാശകരമായ ആഘാതമുണ്ടാക്കുമെന്നും മനുഷ്യന്റെ ആരോഗ്യത്തിന് ഹാനിയുണ്ടാക്കുമെന്നും തിരിച്ചറിഞ്ഞ് നിലവിലുള്ള രീതികള്‍ മാറ്റാന്‍ എല്ലാവരും തയ്യാറാകണം. മനസ്സുവെച്ചാല്‍ മലയാളികള്‍ക്ക് അതിന് കഴിയും. വിവാഹങ്ങള്‍ക്കും വലിയ സമ്മേളനങ്ങള്‍ക്കും ഗ്രീന്‍ പ്രോട്ടോക്കോള്‍ സര്‍ക്കാര്‍ തീരുമാനിച്ചപ്പോള്‍ അത് വിജയിക്കുമോ എന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. എന്നാല്‍, കേരളത്തില്‍ അതു വലിയ വിജയമായി. ജനങ്ങള്‍ അതു സ്വീകരിച്ചു. പ്ലാസ്റ്റിക് മാലിന്യത്തിന്റെ അളവില്‍ അതു വഴി വലിയ കുറവാണുണ്ടായത്. ഈ അനുഭവത്തിന്റെ കൂടി വെളിച്ചത്തിലാണ് ഫ്‌ളക്‌സ് ഉപയോഗം പൂര്‍ണമായി നിരോധിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.
രണ്ടു പ്രളയം കഴിഞ്ഞപ്പോള്‍ ടണ്‍കണക്കിന് പ്ലാസ്റ്റിക് മാലിന്യമാണ് മണ്ണിനടിയില്‍ നിന്നും ജലാശയങ്ങളില്‍ നിന്നും പുറത്തുവന്നത്. മണ്ണിനെയും ജലസ്രോതസ്സുകളെയും പ്ലാസ്റ്റിക് എന്തുമാത്രം മലിനമാക്കുന്നുവെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാം. പുനരുപയോഗിക്കാന്‍ കഴിയാത്ത പ്ലാസ്റ്റിക്കിന്റെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ കഴിയും.
 

date