Skip to main content

പൂരപ്പുഴ വള്ളംകളി: പുറത്തൂര്‍ യുവധാര ജലരാജാവ് ജേതാക്കള്‍ക്ക് ക്യാഷ്  അവാര്‍ഡും ട്രോഫിയും സമ്മാനിച്ചു

    രണ്ടാമത് പൂരപ്പുഴ വള്ളംകളി മത്സരത്തില്‍ പാട്ടര കത്ത് ചുണ്ടന്‍സ് പോണ്‍സര്‍ ചെയ്ത പുറത്തൂര്‍ ബോട്ട് ജെട്ടി യുവധാര ജലരാജാവ്. ഒഴൂര്‍ പഞ്ചായത്തിന്റെ പിന്തുണയോടെ തുഴയെറിഞ്ഞ പട വീരനും പരിയാപുരം ചുണ്ടന്‍ സ്‌പോണ്‍സര്‍ ചെയ്ത കായല്‍ കുതിരയും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. ഒന്നാം സ്ഥാനത്തെത്തിയ യുവധാര ടീമിന് അന്‍പതിനായിരം രൂപയും ട്രോഫിയും വി.അബ്ദു റഹ്മാന്‍ എം.എല്‍.എ സമ്മാനിച്ചു. രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തിയ ടീമുകള്‍ക്കും ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കി. 
  വി.അബ്ദുറഹ്മാന്‍ എം.എല്‍.എയുടെ 'എന്റെ താനൂര്‍ ' പദ്ധതിയോടനുബന്ധിച്ച് ഓണാഘോഷത്തിന്റെ ഭാഗമായി താനൂര്‍ ഒട്ടും പുറത്ത് പൂരപ്പുഴയിലാണ് ആവേശകരമായ രണ്ടാമത് വള്ളംകളി മത്സരം സംഘടിപ്പിച്ചത്. ഓണാഘോഷത്തോടനുബന്ധിച്ച് വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ചായിരുന്നു വള്ളംകളി .
    വള്ളം കളി മത്സരം വി.അബ്ദുറഹ്മാന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ അധ്യക്ഷയായ താനൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി കെ എ റസാഖ്, താനാളൂര്‍,ഒഴൂര്‍,പഞ്ചായത്ത് പ്രസിഡന്റുമാരായ എന്‍.മുജീബ് ഹാജി,  കെ.വി പ്രജിത,  അസ്‌ക്കര്‍ കോറാട്, ഹംസു മേപ്പറമ്പത്ത്, സുരേഷ് ബാബു, കെ.ടി ശശി, സിദ്ദീഖ് എന്നിവര്‍ സംസാരിച്ചു. തിരൂര്‍ തഹസില്‍ദാറും പ്രോഗ്രാം കമ്മിറ്റി കണ്‍വീനറുമായ ടി.മുരളി സ്വാഗതവും ട്രഷറര്‍ വി അബ്ദുറസാഖ് നന്ദിയും പറഞ്ഞു. വി അബ്ദുറഹ്മാന്‍ എം എല്‍ എ സമ്മാനദാനം നിര്‍വ്വഹിച്ചു. 
    ആവേശകരമായ വള്ളം കളി മത്സരം കാണാന്‍ പൂര പുഴയ്ക്ക് ഇരുകരകളിലുമായി സ്ത്രീകളും കുട്ടികളും അടക്കം നൂറുകണക്കിനാളുകളാണ് ഒത്തുകൂടിയത്.  ജൂനിയര്‍ കായല്‍ കുതിര,  പടവീരന്‍, സൂപ്പര്‍ ജെറ്റ്, ഗരുഡ, കായല്‍ പട, യുവരാജ, വടക്കും നാഥന്‍, വജ്ര, ജൂനിയര്‍ പറക്കും കുതിര, പുളിക്കകടവന്‍, പാര്‍ത്ഥസാരഥി, യുവധാര വള്ളങ്ങളാണ് മത്സരത്തില്‍ പങ്കെടുത്തത്.   പാര്‍ത്ഥസാരഥിയായിരുന്നു ഒന്നാമത് പൂരപ്പുഴ വള്ളംകളിയില്‍ ജേതാക്കള്‍.
 

date