ജില്ലാ ദ്വിദിനഫ്‌ളവറിങ് ക്യാമ്പ് തുടങ്ങി
പാസ്‌വേഡ് ട്യൂണിങ് ക്യാമ്പുകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കുള്ള ജില്ലാ ദ്വിദിന ഫ്‌ളവറിങ് ക്യാമ്പ് ആരംഭിച്ചു. വളാഞ്ചേരി എം.ഇ.എസ് കെവിഎം കോളേജില്‍ ആരംഭിച്ച ക്യാമ്പ് ന്യൂനപക്ഷ ക്ഷേമ ഡയറക്ടര്‍ ഡോ.എ.ബി.മൊയ്തീന്‍കുട്ടി ഉദ്ഘാടനം ചെയ്തു. അനുഷ്ഠാനം പോലെ നടക്കുന്ന വിദ്യാഭ്യാസത്തിന് ലോകത്തിന് ഉപകാരപ്പെടുന്ന പ്രതിഭകളെ സൃഷ്ടിക്കാനാകില്ലെന്ന് ന്യൂനപക്ഷക്ഷേമ വകുപ്പ് ഡയറക്ടര്‍ ഉദ്ഘാടനം ചെയ്തു സംസാരിച്ചു. വ്യക്തിയുടെ സര്‍വ്വതോന്‍മുഖമായ പുരോഗതി എന്ന മഹത്തായ ആശയം കേവലവാക്കുകളായി മാറുന്ന സാഹചര്യമാണ് നിലവില്‍ ഉള്ളത്. 17 വര്‍ഷത്തെ ഔപചാരിക വിദ്യാഭ്യാസത്തിന് ശേഷം വീണ്ടും ഫിനിഷിങ് സ്‌കൂളിനെ കുറിച്ച് ചിന്തിക്കേണ്ടി വരുന്നത് നമ്മുടെ വിദ്യാഭ്യാസത്തിന്റെ തകരാറുകൊണ്ട് തന്നെയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇന്നു നടക്കുന്ന ക്യാമ്പില്‍ ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് കുട്ടികളുമായി സംവദിക്കും. പഠന ഗവേഷണ മേഖലയിലെ പുതിയ മാറ്റങ്ങള്‍ (ഇന്റര്‍നെറ്റിന്റെയും, ഐ.ടി യുടെയും സാധ്യതകള്‍),കോമേഴ്‌സ്,ഹ്യൂമാനിറ്റീസ്,ഗണിതം,സയന്‍സ് തുടര്‍പഠന സാധ്യതകള്‍ തുടങ്ങിയ വിഷയങ്ങളില്‍ ഷാഹിദ് അലി,.ജമാലുദ്ധീന്‍, താലീസ്, നാസര്‍ മാവൂര്‍, എന്‍.എം ഹുസൈന്‍ എന്നിവര്‍ ക്ലാസെടുക്കും.
പരിപാടിയില്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ.അബ്ദുല്‍ ഹമീദ് ചേലക്കോടന്‍ അധ്യക്ഷനായി. പ്രൊഫ.ഇക്ബാല്‍ ക്യാമ്പ് വിശദീകരണം നടത്തി. പ്രഫ.കെ.പി ഹസന്‍, കെ.ടി മാഷ് ആലത്തിയൂര്‍, സി.സി.എം വൈസ് പ്രിന്‍സിപ്പല്‍ മുനീറ ടീച്ചര്‍, പെരിന്തല്‍മണ്ണ സി.സി.എം.വൈ പ്രിന്‍സിപ്പല്‍ റജീന തുടങ്ങിയവര്‍ സംസാരിച്ചു.
- Log in to post comments